- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു എസ്പിയുടെ കീഴിൽ വേണ്ടത് രണ്ടു ഡിവൈ.എസ്‌പിമാർ; ഒരാളുടെ തസ്തിക ഒഴിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് മൂന്നു വർഷം; ഒരാളെ നിയമിക്കാനുള്ള ഫയൽ പരിഗണനയ്ക്ക് വന്നപ്പോൾ മാറ്റി വയ്ക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം; ലോകായുക്തയിലെ ഉദ്യോഗസ്ഥ നിയമനത്തിനും പിണറായി തടയിടുമ്പോൾ
തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി സംബന്ധിച്ചുള്ള ഓർഡിനൻസിന്റെ കാലാവധി നീട്ടാനുള്ള അപേക്ഷ ഗവർണർ തീരുമാനമെടുക്കാതെ മടക്കിയതോടെ ആകെ അങ്കലാപ്പിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകായുക്തയിൽ ഒഴിവുള്ള തസ്തികയിലേക്കുള്ള നിയമനം പോലും മുഖ്യമന്ത്രി ഇടപെട്ട് മാറ്റി വയ്ക്കുകയാണെന്നാണ് പുറത്തു വരുന്ന വിവരം.
ലോകായുക്തയയിൽ ഒരു എസ്‌പിക്ക് കീഴിൽ രണ്ടു ഡിവൈ.എസ്‌പിമാരാണ് വേണ്ടത്. ഇതിൽ ഒരാൾക്കുള്ള തസ്തിക മൂന്നു വർഷമായി ഒഴിഞ്ഞു കിടക്കുകയാണ്. രണ്ടു വർഷം മുൻപ് നാലു ഡിവൈ.എസ്‌പിമാർ ഈ തസ്തികയിലേക്ക് സന്നദ്ധത അറിയിച്ചു. ഒരാൾക്ക് പണിഷ്മെന്റ് റോൾ (പിആർ) ഉള്ളതിനാൽ അയാളെ ഒഴിവാക്കി മൂന്നു പേരുടെ പട്ടിക സർക്കാർ ലോകായുക്തയ്ക്ക് സമർപ്പിച്ചു. അതിൽ ഒരാളുടെ പേര് നിർദേശിച്ച് അദ്ദേഹത്തെ നിയമിക്കണമെന്ന് പറഞ്ഞ് ലോകായുക്ത സർക്കാരിന് ഫയൽ അയച്ചു.
സി3/537/2021 നമ്പർ ഫയൽ മുഖ്യമന്ത്രിയുടെ തീരുമാനത്തിന് വിട്ടു. തൽക്കാലം പെൻഡിങിൽ വയ്ക്കാൻ നിർദേശിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് ഫയൽ മടക്കുകയായിരുന്നു. ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന് മറ്റുള്ളവരെ പറഞ്ഞ് മനസിലാക്കുന്ന മുഖ്യമന്ത്രിയാണ് സ്വന്തം വകുപ്പിന്റെ കാര്യത്തിൽ ഈ തീരുമാനമെടുത്തത്.
വയനാട്ടിലെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിലെ ഡിവൈ.എസ്‌പി. അബ്ദുൾ റഹിമിന്റെ പേരാണ് ലോകായുക്ത നിർദേശിച്ചിരുന്നത്. റഹിമാകട്ടെ യുഡിഎഫ് ഭരണകാലത്ത് കേരളാ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായിരുന്നു. കോൺഗ്രസ് അനുഭാവിയായതു കൊണ്ടാണ് റഹിമിനെ പരിഗണിക്കാതിരുന്നതെന്ന് വന്നാൽ കൂടി അദ്ദേഹത്തെ ഒഴിവാക്കി മറ്റൊരു പേര് നിർദേശിക്കാൻ സർക്കാരിന് വേണമെങ്കിൽ ലോകായുക്തയോട് ആവശ്യപ്പെടാമായിരുന്നു. ഇതിന് തയാറാകാതിരുന്നത് ലോകായുക്തയുമായുള്ള വിരോധം കൊണ്ടാണെന്ന് വേണം കരുതാൻ.