ന്ത്യയുടെയും പാക്കിസ്ഥാന്റെയും അതിർത്തികളിൽ യുദ്ധ സമാനമായ സംഘർഷം പുകയുമ്പോൾ ഇങ്ങ് ലണ്ടനിൽ ഇന്ത്യൻ കമ്പനിമേധാവികളെ വിളിച്ച് വരുത്തി കുശലം പറഞ്ഞ് വിരുന്നുണ്ണുകയായിരുന്നു പാക്കിസ്ഥാൻ വംശജനായ ലണ്ടൻ മേയർ സാദിഖ് ഖാൻ. 50,000 പേർക്ക് തൊഴിൽ നൽകുന്ന കമ്പനികൾക്ക് മേയർ ശക്തമായ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. ലണ്ടനിലെ ഏറ്റവും കൂടുതൽ നിക്ഷേപിക്കുന്ന കാര്യത്തിൽ രണ്ടാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. ബ്രെക്സിറ്റിന് ശേഷവും ലണ്ടൻ ബിസിനസുകൾക്കായി വാതിൽ തുറക്കുന്നുവെന്ന കാര്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു മേയർ ഈ കൂട്ടായ്മ വിളിച്ച് ചേർത്തത്.

സിറ്റിഹാൾ ഓഫീസിൽ 17 ഇന്ത്യൻ കമ്പനി മേധാവികളുമായിട്ടാണ് ഖാൻ കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്. ടാറ്റ ഗ്രൂപ്പ്, ഇൻഫോസിസ്, വിപ്രോ, സീ ടിവി, ഐസിഐസിഐ ബാങ്ക്, തുടങ്ങിയവ അവയിൽ ചിലതാണ്. ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടാൻ തീരുമാനിച്ചതിന് ശേഷവും ഈ കമ്പനികൾ ലണ്ടനുമായി ബന്ധം വ്യാപിപ്പിക്കുന്നതിനെ കുറിച്ചായിരുന്നു ഈ മീറ്റിംഗിൽ പ്രധാനമായും ചർച്ച ചെയ്തിരുന്നത്. ബ്രെക്സിറ്റിന് ശേഷവും ലണ്ടൻ ലോകവ്യാപകമായുള്ള കമ്പനികൾക്ക് മുന്നിൽ ബിസിനസിനായി തുറന്നിരിക്കുന്നുവെന്നാണ് ഖാൻ ഉറപ്പ് നൽകിയിരിക്കുന്നത്. ഇപ്പോൾ ഇന്ത്യയുമായി ലണ്ടനുള്ള വ്യാപാര ബന്ധം ബ്രെക്സിറ്റിന് ശേഷവും തുടരുമെന്നും ഖാൻ വ്യക്തമാക്കുന്നു.

ലോകത്തിലെവിടെയുമുള്ള കഴിവുറ്റവർക്ക് മുന്നിൽ ലണ്ടന്റെ വാതിലുകൾ ബ്രെക്സിറ്റിന് ശേഷവും തുറന്നിരിക്കുമെന്ന് ഇന്ത്യൻ കമ്പനികൾക്ക് ഉറപ്പ് നൽകുന്നതിനാണീ മീറ്റിങ് വിളിച്ച് കൂട്ടിയിരിക്കുന്നതെന്നാണ് ഖാൻ പ്രഖ്യാപിച്ചത്. ലണ്ടനിലെ നിക്ഷേപം ഇനിയും കൂടുതൽ എത്രത്തോളം ശക്തിപ്പെടുത്താമെന്നാണ് താൻ ആലോചിക്കുന്നതെന്നും ഈ യോഗത്തിന് മുമ്പ് ഖാൻ പ്രഖ്യാപിച്ചിരുന്നനു. ഇവിടുത്തെ ഇന്ത്യൻ വംശജനായ ഡെപ്യൂട്ടി മേയറായ രാജേഷ് അഗർവാളാണ് ഈ മീറ്റിംഗിൽ അധ്യക്ഷ്യം വഹിച്ചിരുന്നത്. കോൺഫഡറേഷൻ ഓഫ് ഇന്ത്യൻ ഇന്റസ്ട്രിയുടെ ഡയറക്ടറും യുകെ കൺട്രി ഹെഡുമായ സുചിത്ര സോണാലികയും ഈ യോഗത്തിൽ പങ്കെടുത്തവരിൽ ഉൾപ്പെടുന്നു.

യുകെയിൽ നിക്ഷേപിച്ചിരിക്കുന്നവരും ഏറ്റവും കൂടുതൽ വേഗത്തിൽ വളരുന്നതുമായ ഇന്ത്യൻ കമ്പനികളിൽ 40 ശതമാനവും ലണ്ടനിലാണ് നിക്ഷേപിച്ചിരിക്കുന്നതെന്നാണ് സുചിത്ര പറയുന്നത്. യുകെയിൽ നിക്ഷേപിക്കുന്ന ഇന്ത്യക്കാർ മുൻഗണനയേകുന്നത് ലണ്ടനാണെന്നും അവർ വെളിപ്പെടുത്തുന്നു.ബ്രെക്സിറ്റിന് ശേഷവും ഇക്കാര്യത്തിൽ ലണ്ടന്റെ സ്ഥാനം മാറ്റമില്ലാതെ തുടരുമെന്നും അവർ പ്രത്യാശിക്കുന്നു. കഴിഞ്ഞ പത്ത് വർഷങ്ങളായി യുഎസ് കഴിഞ്ഞാൽ ലണ്ടനിൽ ഏറ്റവും കൂടുതൽ വേേിദശനിക്ഷേപമുണ്ടാകുന്നത് ഇന്ത്യൻ കമ്പനികളിൽ നിന്നാണെന്നാണ് മേയറുടെ പ്രമോഷണൽ കമ്പനിയാ ലണ്ടൻ ആൻഡ് പാർട്ണേർസിൽ നിന്നുള്ള ഡാറ്റകൾ വെളിപ്പെടുത്തുന്നത്. ഇക്കാര്യത്തിൽ ജപ്പാൻ, ചൈന, എന്നിവ ഇന്ത്യയ്ക്ക് പുറകിലാണ്. ലണ്ടനെയും യുകെയെയും സംബന്ധിച്ചിടത്തോളം നിർണായകമായ വ്യാപാര പങ്കാളിയാണ് ഇന്ത്യ. 2014ൽ ലണ്ടനിൽ നിന്നും ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തത് 1.29 ബില്യൺ പൗണ്ടിനുള്ള സാധന സേവനങ്ങളായിരുന്നു.