രിത്രത്തിലാദ്യമായി വിദേശ സ്റ്റോക്ക് മാർക്കറ്റിൽ രൂപയെ അടിസ്ഥാനപ്പെടുത്തിയുള്ള മസാല ബോണ്ടിറക്കി ഇന്ത്യൻ ധനകാര്യ സ്ഥാപനമായ ഹൗസിങ് ഡവലപ്‌മെന്റ് ഫിനാൻസ് കോർപറേഷൻ (എച്ച്ഡിഎഫ്‌സി) ചരിത്രം കുറിച്ചു. ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലാണ് എച്ച്ഡിഎഫ്‌സിയുടെ മസാല ബോണ്ട് രംഗപ്രവേശം ചെയ്തത്. ആദ്യമായാണ് ഇന്ത്യക്ക് പുറത്ത് ഇന്ത്യൻ കമ്പനി ബോണ്ട് ഇറക്കുന്നത്.

ഇന്ത്യയിലെ മുൻനിര ധനകാര്യ സ്ഥാപനമായ എച്ച്ഡിഎഫ്‌സിയുടെ ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലേക്കുള്ള വരവിനെ ബ്രിട്ടീഷ് ധനമന്ത്രി ഫിലിപ്പ് ഹാമണ്ട് സ്വാഗതം ചെയ്തു. ലോകത്തെ മുൻനിര സാമ്പത്തിക നഗരമെന്ന നിലയിലാണ് എച്ച്ഡിഎഫ്‌സി ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ബോണ്ടിറക്കിയത്.

കാൽശതമാനം പലിശയുള്ള ബ്രിട്ടനിൽ എച്ച്ഡിഎഫ്‌സി ബോണ്ടുകൾക്ക് വാഗ്ദാനം ചെയ്യുന്നത് 8.33 ശതമാനമാണ്. നിക്ഷേപകർ മത്സരിച്ചെത്തിയതോടെ 45 കോടി ഡോളറാണ് ബോണ്ടിലൂടെ എച്ച്ഡിഎഫ്‌സി സമാഹരിച്ചത്. പ്രതീക്ഷിച്ചതിലും നാലിരട്ടി നിക്ഷേപകരാണ് ബോണ്ടിന് ആവശ്യക്കാരായി രംഗത്തുവന്നത്. ഇതിലേറെയും ഏഷ്യൻ വംശജരായ നിക്ഷേപകരാണ്.

ലണ്ടന്റെ സാമ്പത്തിക സുരക്ഷയിൽ എച്ച്ഡിഎഫ്‌സി അർപ്പിച്ച വിശ്വാസത്തിന് ഫിലിപ് ഹാമണ്ട് നന്ദി രേഖപ്പെടുത്തി. ബ്രിട്ടനും ഇന്ത്യയുമായുള്ള സാമ്പത്തിക ബന്ധം ഊട്ടിയുറപ്പിക്കുന്നതിൽ ഈ നീക്കം ഗണ്യമായ സംഭാവനകൾ നൽകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ബ്രിട്ടനിലേക്ക് കൂടുതൽ മസാല ബോണ്ടുകളുടെ വരവിന് ഇത് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

എച്ച്ഡിഎഫ്‌സിയുടെ തീരുമാനത്തെ ഏഷ്യയ്ക്കുവേണ്ടിയുള്ള ബ്രിട്ടീഷ് മന്ത്രി അലോക് ശർമയും സ്വാഗതം ചെയ്തു. ഇന്ത്യക്ക് പുറത്തുള്ള ആദ്യ റുപ്പി ബോണ്ടിന് ലണ്ടനിൽ ലഭിച്ച സ്വീകാര്യത കൂടുതൽ ഇന്ത്യൻ ധനകാര്യ സ്ഥാപനങ്ങളെ ല്ടനിലേക് ആകർഷിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ബോണ്ടുകൾ ലിസ്റ്റ് ചെയ്യാനായതിൽ അഭിമാനമുണ്ടെന്ന് എച്ച്ഡിഎഫ്‌സി ചെയർമാൻ ദീപക് പരേഖ് പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് എന്നതിന് പുറമെ, 300 വർഷത്തെ സമ്പന്നമായ പാരമ്പര്യവും ലണ്ടൻ എക്‌സ്‌ചേഞ്ചിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എച്ച്എഡിഎഫ്‌സിയുടെ തീരുമാനത്തിൽ ആദരിക്കപ്പെട്ടത് ലണ്ടൻ എക്‌സ്‌ചേഞ്ചാണെന്ന് സിഇഒ നിഖിൽ രതിയും പറഞ്ഞു.