ചെന്നൈ: സംയുക്ത സൈനിക മേധാവി ബിപിൻ രാവത്ത് അടക്കം 13 പേർ മരിച്ച കോപ്ടർ അപകടത്തിൽ, രക്ഷപ്പെട്ടത് ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് മാത്രം. 9 സൈനിക ഉദ്യോഗസ്ഥർ അടക്കം 14 പേരാണ് യാത്രയിൽ ഉണ്ടായിരുന്നത്. വെല്ലിങ്ടണിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ് നിലവിൽ അദ്ദേഹം. ഡിഫൻസ് സർവീസ് സ്റ്റാഫ് കോളേജിലെ ഡയറക്ടിങ് സ്റ്റാഫാണ് അദ്ദേഹം.2020ൽ അടിയന്തരഘട്ടത്തിൽ എൽസിഎ തേജസ് പോർവിമാനം രക്ഷിച്ചെടുത്തതിന് വരുൺ സിംഗിന് കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ ശൗര്യ ചക്ര സമ്മാനിച്ചിരുന്നു. വ്യോമസേനയാണ് ഇത് ട്വീറ്റിൽ അറിയിച്ചത്.

മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും. മൃതദേഹങ്ങൾ നാളെ വൈകുന്നേരത്തോടെ ഡൽഹിയിൽ എത്തിക്കുമെന്നും വ്യോമസേന ഔദ്യോഗികമായി അറിയിച്ചു.

ബിപിൻ റാവത്ത്, ഭാര്യ മധുലിക റാവത്ത് എന്നിവർക്ക് പുറമെ ബ്രിഗേഡിയർ എൽ.എസ് ലിഡർ, ലെഫ്.കേണൽ ഹർജീന്ദർ സിങ്, എൻ.കെ ഗുർസേവക് സിങ്, എൻ.കെ ജിതേന്ദ്രകുമാർ, ലാൻസ് നായിക് വിവേക് കുമാർ, ലാൻസ് നായിക് ബി സായ് തേജ, ഹവീൽദാർ സത്പാൽ എന്നിവരാണ് ഹെലികോപ്ടറിലെ യാത്രക്കാരുടെ പട്ടികയിലുണ്ടായിരുന്നത്. സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹിയിൽ ചേർന്ന ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യോഗം സ്ഥിതിഗതികൾ വിലയിരുത്തി.

കൂനൂരിൽ നിന്ന് അഞ്ച് കിലോമീറ്റർ ദൂരെയുള്ള കട്ടേരി പാർക്കിൽ ഉച്ചയ്ക്ക് 12.30നായിരുന്നു അപകടം നടന്നത്. വ്യോമസേനയുടെ എംഐ 17 വി 5 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. കോയമ്പത്തൂരിലെ സുലൂർ വ്യോമസേനത്താവളത്തിൽ നിന്ന് വെല്ലിങ്ടൺ കന്റോൺമെന്റിലെ ഡിഫൻസ് സർവീസസ് കോളേജിലേക്ക് പോവുകയായിരുന്നു സംഘം. കോളജിൽ സംഘടിപ്പിച്ച കേഡറ്റ് ഇന്ററാക്ഷൻ പ്രോഗ്രാമിൽ പങ്കെടുക്കാനായിരുന്നു യാത്ര.

ഡൽഹിയിൽ നിന്ന് രാവിലെയാണ് ബിപിൻ റാവത്തും സംഘവും പ്രത്യേക വിമാനത്തിൽ സുലൂർ വ്യോമകേന്ദ്രത്തിൽ എത്തിയത്. ഉച്ചക്ക് 2.40ന് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ 11.40നാണ് സംഘവും ഹെലികോപ്ടറിൽ പുറപ്പെട്ടത്. 12.10ന് വെല്ലിങ്ടണിൽ എത്തി. പക്ഷെ കനത്തമഞ്ഞ് കാരണം ഹെലികോപ്ടർ ഇറക്കാൻ സാധിച്ചില്ല. തുടർന്ന് സുലൂരിലേക്ക് മടങ്ങി. ഏകദേശം 12.20ന് ശേഷം കുനൂരിലെ കട്ടേരി ഫാമിന് സമീപത്തേക്കായി ഹെലികോപ്ടർ തകർന്നു വീഴുകയായിരുന്നു.