- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്ഡൗണിൽ പിഴ ഒടുക്കിയ 150 ൽ അധികം രസീതുകൾ മാലയാക്കി കഴുത്തിൽ അണിഞ്ഞ് ലോറി ഡ്രൈവറുടെ ഒറ്റയാൾ പ്രതിഷേധം; ഉദ്യോഗസ്ഥർ വാഹന തൊഴിലാളികളുടെ ജീവിതം തകർക്കുന്നു; പൊറുതിമുട്ടിയാണ് പ്രതിഷേധമെന്ന് മഞ്ചേരിയിലെ ഡ്രൈവർ റിയാസ്
മലപ്പുറം: ലോക്ക്ഡൗൺ കാലയളവിൽ പിഴ ഒടുക്കിയ രസീതുകൾ മാലയാക്കി കഴുത്തിൽ അണിഞ്ഞ് ലോറി ഡ്രൈവറുടെ ഒറ്റയാൾ പ്രതിഷേധം. കഴിഞ്ഞ ഒന്നര വർഷത്തെ ലോക്ഡൗൺ കാലയളവിൽ ടിപ്പർ ലോറി ഡ്രൈവർ പിഴ നൽകിയത് 150ലേറെ തവണ. ഇവയുടെ രസീതുകൾ മാലയാക്കി കഴുത്തിൽ അണിഞ്ഞാണ് മഞ്ചേരിയിൽ ലോറി ഡ്രൈവറായ പുൽപ്പറ്റ വരിക്കക്കാടൻ റിയാസ് (36) വേറിട്ട പ്രതിഷേധം നടത്തിയത്.
മുഖ്യമന്ത്രി ചെങ്കല്ല് ഖനനത്തിനും കല്ല് കൊണ്ട് പോകുന്നതിനും അനുമതി നൽകുകയും ഉദ്യോഗസ്ഥർ നിരന്തര പരിശോധനകൾ നടത്തി പീഡിപ്പിക്കുകയും ചെയ്യുമ്പോൾ കുടുംബം പട്ടിണിയിലാവുകയാണെന്നും റിയാസ് പറയുന്നു. വാഹന തൊഴിലാളികളുടെ ജീവിതം തകർക്കുന്ന വിവിധ വകുപ്പുകളുടെ നടപടികളിൽ പൊറുതിമുട്ടിയാണ് പ്രതിഷേധം നടത്തിയത്.
പൊലീസ്, ജിയോളജി, റവന്യൂ, ആർ.ടി.ഒ തുടങ്ങിയ വകുപ്പുകളുടെ തെറ്റായ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു ഒറ്റയാൾ സമരം. എല്ലാവിധ നിയമങ്ങളും പാലിച്ച് നിർമ്മാണ മേഖലകളിലേക്ക് കല്ലുകളുമായി പോകുമ്പോൾ പോലും വാഹനം തടഞ്ഞ് നിർത്തി പണം പിരിക്കുകയാണെന്ന് റിയാസ് പറഞ്ഞു. പൊലിസ് പിടിച്ചാൽ 500 രൂപയാണ് വാങ്ങുക. ആർ.ടി.ഒ പിടികൂടിയാൽ 5000 മുതൽ 12000 വരെ ചോദിക്കും.
ജിയോളജി, റവന്യൂ വകുപ്പുകളാണ് വല്ലാതെ പീഡിപ്പിക്കുന്നത്. ജിയോളജി വകുപ്പ് വാഹനം പിടികൂടിയാൽ 10000 മുതൽ 25000 രൂപ നൽകണം. ഇതിന് പുറമെ ഒരു മാസക്കാലം ലോറി പിടിച്ചുവെക്കുകയും ചെയ്യും. മുഖ്യമന്ത്രി ചെങ്കല്ല് ഖനനത്തിനും കല്ല് കൊണ്ട് പോകുന്നതിനും അനുമതി നൽകുകയും ഉദ്യോഗസ്ഥർ നിരന്തര പരിശോധനകൾ നടത്തി പീഡിപ്പിക്കുകയും ചെയ്യുമ്പോൾ കുടുംബം പട്ടിണിയിലാവുകയാണ്. പലപ്പോഴും വാഹനത്തിന്റെ രേഖകൾ പരിശോധിക്കുക പോലും ചെയ്യാതെയാണ് പണം പിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മഞ്ചേരിയിൽ നടത്തിയ ഒറ്റയാൾ സമരത്തിന് ഡ്രൈവർമാർ ഉൾപ്പടെ നിരവധി പേരാണ് പിന്തുണയുമായി എത്തിയത്.