തിരുവനന്തപുരം : സ്‌നേഹവും സാഹോദര്യവും പരസ്പരം കൈമാറണം, നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്‌നേഹിക്കണം- എന്നൊക്കെ നാഴികയ്ക് നാല്പത് വട്ടം പറയുന്ന ക്രൈസ്തവ സഭാ മെത്രാന്മാർ, അവരുടെ സ്വന്തം സഭയിലെ വിശ്വാസികളുടെ പെൺമക്കളുടെ വിവാഹക്കാര്യം വരുമ്പോൾ പറഞ്ഞതെല്ലാം വിഴുങ്ങും, അല്ലെങ്കിൽ മാറ്റി പറയും. ഇതെല്ലാം ചെയ്യുന്നത് ലൗവ് ജിഹാദ് തടയാനാണെന്ന് പറഞ്ഞു വെക്കും.

മലങ്കര ഓർത്തഡോക്‌സ് സഭയുടെ കോട്ടയം ഭദ്രാസന ബിഷപ്പ് കുര്യാക്കോസ് മാർ ദിയോസ്‌കോറസ് മെത്രാപ്പൊലീത്ത ഇക്കഴിഞ്ഞ ദിവസം ഭദ്രാസനത്തിലെ ഇടവകകൾക്കായി ഒരു കത്തയച്ചു. നമ്മുടെ സഭയിലെ പെൺകുട്ടികൾ മറ്റ് മതത്തിൽ പ്പെട്ടവരേയും, ഇതര ക്രൈസ്തവ സഭാ വിഭാഗത്തിൽ പ്പെട്ടവരേയും വിവാഹം കഴിക്കുന്നത് പതിവായിരിക്കയാണ്. ഈ പ്രവണത പൂർണമായി തടയാൻ ഒരു വിവാഹബ്യൂറോ തുടങ്ങണമെന്നാണ് വിശ്വാസികളോടായി മെത്രാപ്പൊലീത്തായുടെ കത്തും ഉദ്‌ബോധനവും.

ലൗ ജിഹാദ് തടയാനാണ് പുതിയ നീക്കമെന്ന് ബിഷപ്പ് വ്യക്തമായി പറയുന്നില്ലെങ്കിലും സഭയുടെ ഉള്ളിലിരുപ്പ് അത് തന്നെയെന്ന് വ്യക്തം. മറ്റ് സഭകളുമായി സഹോദര്യവും സ്‌നേഹവും നിലനിർത്തണമെന്ന് പറയുന്നുണ്ടെങ്കിലും വിശ്വാസികൾ തങ്ങളുടെ സഭാ വിഭാശ്വാസത്തിന് പുറത്തു പോയി കല്യാണം കഴിക്കരുതെന്നാണ് എല്ലാ സഭാ നേതാക്കളും അവരുടെ വിശ്വാസികളോട് പറയുന്നത്. ക്രിസ്തുവിന്റെ പ്രമാണങ്ങളിൽ വിശ്വസിക്കുന്നു എന്നഭിമാനിക്കുന്നവർക്കിടയിലാണ് ഇത്തരം വേർതിരിവ് പരസ്യമായി നടപ്പിലാക്കാൻ ശ്രമിക്കുന്നത്. നിലവിൽ കത്തോലിക്ക സഭയുടെ വിവിധ രൂപതകൾ ഇത്തരം മാര്യേജ് ബ്യൂറോകൾ നടത്തുന്നുണ്ട്-ഓർത്തഡോക്‌സ്, മാർത്തോമ്മ , സി എസ് ഐ സഭകൾക്ക് സ്വന്തമായി മാര്യേജ് ബ്യൂറോകൾ പ്രവർത്തിക്കുന്നില്ല.

ഇതിനും പുറമേ സഭയിലെ ഒരു പാട് കുഞ്ഞാടുകൾ വഴി തെറ്റിപ്പോവുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മെത്രാപ്പൊലീത്തായുടെ കത്തിൽ വിവരിക്കുന്നുണ്ട്. ആ ചെറുപ്പക്കാരെ നേരിന്റെ വഴിയിലേക്ക് കൊണ്ട് വരാൻ സഭയും മാതാപിതാക്കളും ശ്രമിക്കണം. അന്യ സംസ്ഥാനങ്ങളിലും , വിദേശ രാജ്യങ്ങളിലും പഠനത്തിനും ജോലി ക്കുമായി പോവുന്ന യുവതി യുവാക്കൾ മറ്റ് മതാചാരങ്ങളിലും മദ്യത്തിലും മയക്കുമരുന്നിലും വീണു പോവുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അവരെ വിശ്വാസത്തിലും, ധാർമ്മികതയിലും ഉറപ്പിച്ചു നിർത്താൻ സഭ മുൻകൈ എടുക്കുമെന്നും ബിഷപ്പിന്റെ കത്തിൽ പറയുന്നുണ്ട്.

ഓർത്തഡോക്‌സ് സഭാ വിശ്വാസികളുടെ മക്കൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികൾക്കായി വൈദികരുടെ നേതൃത്വത്തിൽ പ്രത്യേക ആരാധനയും പ്രാർത്ഥനയും നടത്താൻ ആലോചിക്കുന്നതായി ഇടയലേഖനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതിന് വിശ്വാസികൾക്ക് പ്രത്യേക പരിശീലനം നൽകുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നു കത്തിൽ പറയുന്നുണ്ട്: