തിരുവനന്തപുരം: മുസ്ലിം യുവാവിനെ പ്രണയിച്ച പെൺകുട്ടിയെ മാനസിക വൈകല്യമുള്ളതായി ചിത്രീകരിച്ച് തടങ്കലിൽ പാർപ്പിക്കുന്നുവെന്ന് പരാതി. പെൺകുട്ടിയുടെ മാതാവും ബന്ധുക്കളും ചേർന്ന് വിശ്വ ഹിന്ദു പരിഷത്തിന്റെ കർണാടക മംഗലാപുരത്തെ ഒരു അജ്ഞാത കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജന് ഉൾപ്പടെ പരാതി ലഭിച്ചിരിക്കുന്നത്. പെൺകുട്ടിയെ രക്ഷിക്കാനും സുക്ഷ ഒരുക്കാനും നടപടികൾ സ്വീകരിക്കാൻ വേണ്ട നിർദ്ദേശങ്ങൾ പൊലീസിന് നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജൻ മറുനാടൻ മലയാളിയോട് പറഞ്ഞു. സംഭവം അപലപനീയമാണെന്നും വേണ്ട നടപടികൾ ഉണ്ടാകുമെന്നും എംവി മറുനാടനോട് പറഞ്ഞു.

ഗുരുവായൂർ അരിയന്നൂർ സ്വദേശിനിയായ അഞ്ജലി എന്ന പെൺകുട്ടിയാണ് തന്നെ ശാരീരികമായി ഉപദ്രവിക്കുന്നുവെന്നും പീഡിപ്പിക്കുന്നുെവന്നും കാണിച്ച് ചീഫ് സെക്രട്ടറിക്കും എംവി ജയരാജനും ഫോൺ വഴി വിളിച്ച് പരാതി നൽകിയത്. ഇപ്പോൾ മംഗലാപുരത്തെ ഒരു കേന്ദ്രത്തിലാണ് തന്നെ പാർപ്പിച്ചിരിക്കുന്നതെന്നാണ് പെൺകുട്ടി എംവി ജയരാജനോട് ഫോണിൽ അറിയിച്ചത്. പിന്നീട് ഈ ഫോൺ നമ്പർ ഉൾപ്പടെ ഡിജിപിക്ക് കൈമാറുകയും ചെയ്തു. ഡിജിപി ലോക്നാഥ് ബെഹ്റ കർണ്ണാടക ഡിജിപിയുമായി സംസാരിക്കുകയും ചെയ്തു. പിന്നീട് പരാതി വിശദമായി അന്വേഷിക്കുന്നതിനായി ഗുരുവായൂർ പൊലീസിനെ ചുമതലപ്പെടുത്തുകയും ചെയ്തു. 2016ൽ ആണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

പെൺകുട്ടിയുടെ അച്ഛന്റെ പരിചയക്കരനായ മനാസ് എന്ന യുവാവുമായി പെൺകുട്ടി പ്രണയത്തിലാവുകയായിരുന്നു. ഈ ബന്ധത്തെ വിവാഹത്തിലേക്ക് എത്തിക്കില്ലെന്ന് പെൺകുട്ടിയുടെ വീട്ടുകാർ വാശിപിടിക്കുകയായിരുന്നു. പിന്നീട് പെൺകുട്ടിയുടെ അച്ഛൻ മരിച്ച ശേഷം പെൺകുട്ടിയെ കാണാൻ പോലും ബന്ധുക്കളും കുട്ടിയുടെ അമ്മയും മനാസിനെ അനുവദിച്ചില്ല.പിന്നീട് പെൺകുട്ടി വീട്ട് തടങ്കലിൽ ആണെന്ന് കാണിച്ച് മനാസ് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോടതിയിൽ ഹാജരായ അഭിഭാഷകൻ മുഖേന പെൺകുട്ടിയുടെ ബന്ധുക്കൾ അറിയിച്ചത് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലാണെന്നാണ്.പെൺകുട്ടി മതം മാറി വിവാഹം കഴിക്കുമോ എന്ന ആശങ്കയിലാണ് കുട്ടിയുടെ മാതാവ് വിനിത ഇതിന് കൂട്ട് നിൽക്കുന്നത്.

പെൺകുട്ടിക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടെന്നാണ് അന്ന് കോടതിയിൽ ബന്ധുക്കൾ അറിയിച്ചത്. തങ്ങൾക്ക് പൊലീസ് സുരക്ഷ വേണമെന്നും പെൺകുട്ടിയുടെ വീട്ടുകാർ ആവശ്യപ്പെട്ടിരുന്നു.പിന്നീട് കൂടുതൽ ചികിത്സയ്ക്കായാണ് ഇവരെ മംഗലാപുരത്തേക്ക് കൊണ്ട പോയതെന്നാണ് ബന്ധുക്കൾ പറയുന്നത്. എന്നാൽ തന്റെ തല മുണ്ഡനം ചെയ്തുവെന്നും മതം മാറിയാൽ കൊലപ്പെടുത്തുമെനന് ഭീഷണിപ്പെടുത്തിയെന്നും കാണിച്ചാണ് പെൺകുട്ടി എംവി ജയരാജന്റെ ഫോണിലേക്ക് വിളിച്ചത്. പെൺകുട്ടി പേടിച്ചരണ്ട ശബ്ദത്തിലാണ് ഫോണിൽ സംസാരിച്ചതെന്നും എംവി മറുനാടനോട് പറഞ്ഞു.

പിന്നീട് ഡിജിപി ഈ കേസ് ഗുരുവായൂർ പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. ഗുരുവായൂർ എസ്ഐ അനുദാസും സംഘവും ഇപ്പോൾ മംഗലാപുരത്താണ് ഉള്ളതെന്നും അവിടെ കോടതിയിൽ കേസ് പരിഗണിക്കുന്നത് ഉൾപ്പടെയുള്ള വിവരങ്ങൾ ഇന്ന് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗുരുവായൂർ സിഐ ബാലകൃഷ്ണൻ മറുനാടൻ മലയാളിയോട് പറഞ്ഞു.പെൺകുട്ടിയുടെ വീട്ടുകാർ ഗുരുവായൂരിൽ നിന്നുള്ളവരാണെങ്കിലും ഇവിടെ ഇപ്പോൾ ഇവർക്ക് ബന്ധങ്ങളില്ലെന്നാണ് വിവരം. പെൺകുട്ടിയെ മംഗലാപുരത്തേക്ക് മാറ്റിയതിനെ തുടർന്നാണ് കാമുകൻ മനാസ് മംഗലാപുരം കോടതിയെ സമീപിച്ചിരിക്കുന്നത്.