ഗസ്സിയാബാദ്: സൂപ്പർ താരം ഷാരൂഖ് ഖാന്റെ സിനിമയാണെന്നു സ്‌നാപ്ഡീൽ എക്‌സിക്യൂട്ടീവ് ദീപ്തി ശർണയെ തട്ടിക്കൊണ്ടുപോകാൻ പ്രചോദനമായതെന്ന് പ്രധാന പ്രതിയുടെ മൊഴി. ഷാരൂഖ് ഖാന്റെ 'ഡർ' എന്ന സിനിമയിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് പ്രതി ദേവേന്ദ്ര മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. ബോളിവുഡിൽ സൂപ്പർ ഹിറ്റായ ഡർ പറയുന്നത് പ്രതികാരത്തിന്റെ പ്രണയകഥയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ ഗസ്സിയാബാദ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇവർക്കായുള്ള തിരച്ചിൽ പൊലീസ് ശക്തമാക്കി.

പെൺകുട്ടിയ തട്ടിക്കൊണ്ടുപോയതിനുശേഷം അവളെ വിട്ടയയ്ക്കുകയും പിന്നീട് അവളുമായി പ്രണയത്തിലാവുകയുമായിരുന്നു ദേവേന്ദ്രയുടെ ഉദ്ദേശ്യം. ഒരു വർഷം മുൻപ് രാജീവ് ചൗക്ക് മെട്രോ സ്റ്റേഷനിൽ വച്ചാണ് ദേവേന്ദ്ര പെൺകുട്ടിയെ ആദ്യമായി കണ്ടത്. അതിനുശേഷം അവളറിയാതെ അവളെ പിന്തുടരാൻ തുടങ്ങി. പെൺകുട്ടി എവിടെ പോകുന്നു, ആരെയൊക്കെ കാണുന്നു, എന്തൊക്കെയാണ് കഴിക്കുന്നത് തുടങ്ങി എല്ലാ വിവരങ്ങളും അയാൾക്ക് അറിയാമായിരുന്നെന്നും സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് പറഞ്ഞു.

ബുധനാഴ്ചയാണ് ദീപ്തിയെ കാണാതായത്. വെള്ളിയാഴ്ച പെൺകുട്ടി തിരികെ വീട്ടിലെത്തി. ഓട്ടോറിക്ഷയിൽ വീട്ടിലേക്കു വരുമ്പോൾ നാലുപേർ ചേർന്ന് കത്തികാട്ടി തന്നെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് പെൺകുട്ടി പൊലീസിന് നൽകിയിരിക്കുന്ന മൊഴി. തട്ടിക്കൊണ്ടുപോയതിനു ശേഷം തന്നെ മുറിയിൽ പൂട്ടിയിട്ടു. വെള്ളിയാഴ്ച വൈകിട്ട് ഏതോ ഒരു റയിൽവേ സ്റ്റേഷനിൽ കൊണ്ടുവിട്ടു. അവിടെ നിന്നും ട്രെയിനിൽ കയറി വീട്ടിലേക്ക് തിരിച്ചെത്തി. ശാരീരികമായി തന്നെ ആരും ഉപദ്രവിച്ചിട്ടില്ലെന്നും കഴിക്കാൻ അവർ തനിക്ക് ഭക്ഷണം നൽകിയതായും പെൺകുട്ടി പൊലീസിനോട് പറഞ്ഞു.

ദീപ്തി സർന എന്ന യുവതിയെ ഡൽഹിയിൽ നിന്നാണ് കാണാതായത്. ഗസ്സിയാബാദിലെ വൈശാലിയിലേക്ക് ഓട്ടോറിക്ഷ വിളിച്ചശേഷം കാണാതാകുകയായിരുന്നു. ദീപ്തിയെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു ആദ്യവിവരം. തുടർന്നു രാജ് നഗർ എക്സ്റ്റൻഷനുസമീപം മോർട്ടിയിലെ വനമേഖലയിൽ ദീപ്തിക്കു വേണ്ടി തെരച്ചിൽ നടത്തി. ദീപ്തിയുടെ മൊബൈലിന്റെ ടവർ ലൊക്കേഷൻ അവസാനം ഇവിടെയായിരുന്നു. ദീപ്തിയെ കണ്ടെത്താൻ പത്തു പൊലീസ് സംഘങ്ങളെയാണു നിയോഗിച്ചത്.

ഓട്ടോഡ്രൈവർ തന്നെ വഴിതെറ്റിച്ചുകൊണ്ടുപോവുകയാണെന്നു ദീപ്തി എസ്എംഎസ് അയച്ചിരുന്നു. തുടർന്ന് സ്‌നാപ്ഡീൽ തന്നെയാണ് ദീപ്തിയെ കാണാതായ വിവരം ട്വീറ്റിലൂടെ അറിയിച്ചതും പൊലീസിൽ പരാതി നൽകിയതും.