തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ഒളിച്ചോടിയ കാമുകനും സുഹ്യത്തുകൾക്കുമെതിരെ ഫോർട്ട് പൊലീസ് കേസെടുത്തു. കാമുകൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും പ്രണയം മൂത്ത് പൂർണ്ണമനസോടെയാണ് താൻ പോയതെന്നും പൊലീസിനോട് പെൺകുട്ടി പറഞ്ഞു. എന്നാൽ ഇതൊന്നും കേസെടുക്കുന്നതിനോ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനോ തടസ്സമായില്ല. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മൊഴി മുഖവിലയ്‌ക്കെടുക്കാൻ കഴിയില്ലെന്നതായിരുന്നു കാരണം. ഇതോടെ കാമുകനും കൂട്ടുകാരും അഴിക്കുള്ളിലുമായി.

ആറ്റുകാൽ കൊഞ്ചിറവിള സ്വദേശിയായ പെൺകുട്ടിയെ 12 മുതലാണ് കാണാതായത്. കുട്ടിയെ കാണാനില്ലെന്നു വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയെ തൊടുപുഴയിൽ കണ്ടെത്തിയതിനെ തുടർന്നാണു കാമുകനും സഹായികൾക്കുമെതിരെ കേസെടുത്തത്. കാമുകനെതിരെ തട്ടിക്കൊണ്ടു പോകലിനും പീഡനത്തിനുമാണ് കേസ്. മറ്റുള്ളവർക്കെതിരെ സംഘം ചേർന്നു തട്ടിക്കൊണ്ടു പോയതിനാണു കേസെടുത്തതെന്നു ഫോർട്ട് പൊലീസ് അറിയിച്ചു. സംഭവത്തിൽ നാലുപേരെ പൊലീസ് പിടികൂടി. മൂന്നുപേർ കൂടി പിടിയിലാകാനുണ്ട്. കാമുകൻ അഖിൽ(22), ഒളിച്ചോട്ടത്തിനു സഹായം നൽകിയ അഭിജിത്ത്(19), സുമേഷ് (22) എന്നിവരാണു പിടിയിലായത്. സംഭവത്തിൽ ഉൾപ്പെട്ട വിഷ്ണു എന്നയാളെ നേമം പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. സുഹൃത്തുക്കളായ സഫറുള്ളഖാൻ(25), വിഷ്ണു(22), അനീഷ്(25) എന്നിവരെയാണു പിടികൂടാനുള്ളത്.

ഒന്നര വർഷമായി അയൽക്കാരനായ അഖിലുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. 12നു രാത്രി കൂട്ടുകാരുടെ സഹായത്തോടെ, കാറുമായി പെൺകുട്ടിയുടെ വീട്ടിൽ എത്തിയ ഇയാൾ പെൺകുട്ടിയുമായി തൊടുപുഴയിലേക്കു പോയി. അവിടെ പരിചയക്കാരന്റെ വീട്ടിൽ താമസിക്കാനുള്ള ശ്രമം വിജയിച്ചില്ല. തുടർന്നു പെൺകുട്ടിയെ തൊടുപുഴയ്ക്കടുത്ത് ഇലവീഴാപൂഞ്ചിറയിലുള്ള വികലാംഗയുടെ വീട്ടിലെത്തിച്ച് ഒപ്പം താമസിച്ചു. അയൽക്കാരനായതു കൊണ്ട് തന്നെ പെൺകുട്ടിയുടെ പ്രായം പതിനഞ്ചാണെന്ന് അഖിലിന് അറിയാം. അതിനാൽ തന്നെ ഈ കേസിൽ നിന്നും അഖിലിന് രക്ഷപ്പെടാനാകില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന.

കൂട്ടുകാരനായ വിഷ്ണുവിനെയും മറ്റും ചോദ്യം ചെയ്തതിൽ നിന്നാണു പെൺകുട്ടി തൊടുപുഴയിൽ ഉണ്ടെന്നു മനസ്സിലാക്കിയത്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം ഇലവീഴാപൂഞ്ചിറയിയിലേക്കു നയിച്ചു. തൊടുപുഴയിൽ പാചകവാതക എജൻസിയിലെ രണ്ടു മുൻജീവനക്കാരാണു പെൺകുട്ടിക്കും കാമുകനും തൊടുപുഴയിൽ സഹായങ്ങൾ ചെയ്തത്. സ്റ്റേഷനിൽ എത്തിച്ച പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അഖിലിനെതിരെ പീഡനത്തിനു കേസെടുത്തത്. ഈ മൊഴി പ്രകാരം തന്റെ ഇഷ്ടപ്രകാരമാണ് പോയതെന്നും വ്യക്തമാക്കുന്നു. തന്റെ കാമുകനെ വെറുതെ വിടണമെന്നും ആവശ്യപ്പെട്ടു. എന്നാൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി നാടുവിടുന്നത് ഗുരുതര കുറ്റമാണെന്ന് പൊലീസും പറഞ്ഞു.

ഇതിന് ശേഷമാണ് കാമുകന്റെ അറസ്റ്റും മറ്റും രേഖപ്പെടുത്തിയത്. മറ്റുള്ളവർക്കെതിരെ സംഘം ചേർന്നു തട്ടിക്കൊണ്ടു പോകലിനാണു കേസ്.