പെരുംമ്പാവൂർ: എൽഎസ്ഡി സ്റ്റാമ്പുകൾ അടക്കമുള്ള മാരക മയക്കുമരുന്ന് ആവശ്യക്കാർക്ക് ഓൺലൈൻ വഴിയും എത്തുന്നുണ്ടെന്ന് പൊലീസ്. പെരുമ്പാവൂരിൽ എൽഎസ്ഡി സ്റ്റാമ്പുകൾ കൈവശം വച്ചതിന് എഞ്ചിനിയറിങ് വിദ്യാർത്ഥിയടക്കം മൂന്നുപേരെ പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ ഇക്കാര്യം സ്ഥിരീകരിക്കുന്നപ്രധാന വിവരങ്ങൾ ലഭിച്ചെന്നാണ് പൊലീസ് വെളിപ്പെടുത്തുന്നത്. ബിറ്റ്‌കോയിൻ വഴിയാണ് തങ്ങൾ എൽ എസ് ഡി സ്റ്റാമ്പുകൾ കരസ്ഥമാക്കിയതെന്ന് പിടിയിലായവർ പൊലീസിൽ മൊഴിനൽകിയിട്ടുണ്ട്. യുവാക്കൾക്കും വിദ്യാർത്ഥികളുമാണ്് ഇതിന്റെ ഉപഭേക്താക്കളെന്നാണ് അറസ്റ്റിലായവരിൽ നിന്ന് പൊലീസിന് ലഭിച്ച വിവരം.

ചില ഡി.ജെ പാർട്ടികളിലും ഇവ ഉപയോഗിക്കാറുണ്ട്. ഒരു സ്റ്റാംപ് നാല് കഷണം വരെയാക്കി നാക്കിനടിയിൽ ഇടും. നാലു മണിക്കൂർ വരെ ലഹരി ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. സ്റ്റാമ്പിന്റെ ഉപയോഗം ഗുരുതര അസുഖങ്ങൾക്കും മരണത്തിനും വരെ കാരണമായേക്കും. ആയിരത്തി അഞ്ഞൂറിലേറെ രൂപയ്ക്കാണ് ഒരു സ്റ്റാമ്പ് ഇവർ വിൽക്കുന്നത്.ഇൻസ്റ്റാഗ്രാം വഴിയാണ് ഇവരുടെ പ്രധാന വിൽപ്പന.45 എൽ.എസ്.ഡി സ്റ്റാമ്പുമായി എഞ്ചിനിയറിങ് വിദ്യാർത്ഥിയായ കോഴിക്കോട് വെള്ളിമാട് വളപ്പിൽ അമൽ ദേവ് (20), വഴിക്കടവ് താഴത്തേ വിട്ടിൽ ജുനൈസ് (19), കോട്ടയ്ക്കൽ കൂട്ടേരി വീട്ടിൽ മുഹമ്മദ് ഹാരീസ്(21),എന്നിവരെ റൂറൽ എസ് പി കെ കാർത്തികിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സാഹസികമായി പിടികൂടിയിരുന്നു.

ഈ അടുത്ത കാലത്ത് നടന്ന ഏറ്റവും വലിയ എൽ.എസ്.ഡി സ്റ്റാമ്പ് വേട്ടയായിരുന്നു ഇത്. ഇതോടെ ഇതുസംമ്പന്ധിച്ച് റൂറൽ ജില്ലാ പൊലീസ് വിശദമായ അന്വേഷണആരംഭിച്ചിട്ടുണ്ട്. മയക്കുമരുന്ന് എത്തിക്കുന്നതിന് നേതൃത്വം നൽകുന്നവരെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണെന്നും ഇത്തരക്കാരെ അമർച്ചചെയ്യാൻ കഴിയാവുന്നതെല്ലാം ചെയ്യുമെന്നും എസ് പി മാധ്യമങ്ങളോട് വ്യക്തമാക്കി.നേരത്തെ ഇടുക്കിയിൽ ഓൺലൈൻ വഴിവാങ്ങിയ സ്പിരിറ്റ് കഴിച്ച് റിസോർട്ട് നടത്തിപ്പുകാരനും ഡ്രൈവറും മരിച്ചിരുന്നു.ഇവരുടെ സുഹൃത്തായ തൃശ്ശൂർ സ്വദേശിയുടെ കാഴ്ചയും നഷ്ടമായിരുന്നു.കുടംബസഹിതം സ്ഥലങ്ങൾ കാണാൻ മൂന്നാറിലെത്തിയ അവസരത്തിൽ തൃശ്ശൂർ സ്വദേശി സ്പിരിറ്റ് കൊണ്ടുവരികയായിരുന്നെന്നും തുടർന്ന് താമസിച്ചിരുന്നിടത്ത് ഒത്തുകൂടി ഇവർ മൂവരും ചേർന്ന് ഇത് കഴിക്കുകയായിരുന്നെന്നുമാണ് പോസീസ് കണ്ടെത്തൽ.ആശുപത്രികളിൽ ഉപയോഗത്തിനുള്ള സ്പിരിറ്റായിരുന്നു ഇവർ കഴിച്ചതെന്ന് പൊലീസ് നടത്തിയ ശാസ്ത്രീയ പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു.