കണ്ണൂർ : ആന്തൂരിന്റെ കന്നിയങ്കത്തിൽ തന്നെ രാഷ്ട്രീയ ചായവ് ഇടതിനൊപ്പമെന്ന് വ്യക്തമായ സൂചന തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ നൽകിയ നഗരസഭയാണ് ആന്തൂർ. ആന്തൂരിൽ ആകെ 28 വാർഡുകളാണ് ഉണ്ടായിരുന്നത്. ഇതിൽ 14 സീറ്റിൽ സിപിഐഎം സ്ഥാനാർത്ഥികൾക്ക് എതിർ സ്ഥാനാർത്ഥികൾ ഇല്ലാത്തതിനാൽ 14 വാർഡുകളും തെരഞ്ഞെടുപ്പില്ലാതെ സിപിഐഎമ്മിനൊപ്പം നിന്നു. ഇതോടെ ഭരണം ഉറപ്പിച്ചെങ്കിലും സമ്പൂർണ ആധിപത്യം ഉറപ്പിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം.

നഗരസഭാ ചെയർപേഴ്‌സണായി സിപിഐ(എം).പരിഗണിക്കുന്ന പി.കെ.ശ്യാമളയ്ക്കും (മോറാഴ) എതിർ സ്ഥാനാർത്ഥിയുണ്ടായിരുന്നില്ല. സിപിഐ(എം). സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വിഗോവിന്ദന്റെ ഭാര്യയാണ് പി.കെ.ശ്യാമള. എം. പ്രീത (മുണ്ടപ്രം), എം. സതി (മൈലാട്ട്), പി.പി. ഉഷ (കോടല്ലൂർ), കെ.പി. ശ്യാമള (പറശിനി), ടി.യു. സുനിത (തളിവയൽ), ഒ. പ്രീത (സി.എച്ച്. നഗർ), എം വി സരോജം (വേണിയിൽ), ടി. ലത (പാളയത്ത് വളപ്പ്) എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. സൂക്ഷ്മ പരിശോധനയിൽ നാലുപേരുടെ പത്രിക തള്ളിയതോടെയാണ് 14 വാർഡിൽ സിപിഎമ്മിന് എതിരില്ലാതായത്. കെ.ജോഷി ,പി.കെ മുജീബ് റഹ്മാൻ, എം. വസന്തകുമാരി, കെ.പി. നന്ദനൻ എന്നിവരുടെ പത്രികളാണ് തള്ളിയത്.തിരഞ്ഞെടുക്കപ്പെട്ട 14 പേരിൽ 13 പേർ സിപിഎമ്മും മുജീബ് റഹ്മാൻ സിപിഐ സ്ഥാനാർത്ഥിയുമാണ്.

പതിനഞ്ചുവർഷം തളിപ്പറമ്പ് നഗരസഭയുടെ ഭാഗമായിരുന്ന ശേഷമാണ് ആന്തൂർ ഇക്കുറി സ്വതന്ത്ര നഗരസഭയായി തീർന്നത്. .പഴയ തളിപ്പറമ്പ് നഗരസഭാ പരിധിയിൽ അന്തൂർ പ്രദേശത്ത് 20 വാർഡുകളാണുണ്ടയിരുന്നത്. അതിൽ ഇരുപതും സിപിഐ(എം) കൗൺസിലർമാണ്. നഗരസഭയായതോടെ എട്ടു വാർഡുകൾ കൂടി 28 വാർഡുകളായി. 28 വാർഡുകളിൽ 14 വാർഡുകൾ സ്ത്രീസംവരണമാണ്. 28290 ജനസംഖ്യയുള്ള ആന്തൂരിൽ വോട്ടർമാരുടെ എണ്ണം ഇരുപതിനായിരത്തിൽ താഴെയാണ്. 2,2,5,19,23,25,26,27 വാർഡുകളിലാണ് സിപിഐഎം സ്ഥാനാർത്ഥികൾക്ക് എതിരാളികൾ ഇല്ലാതിരുന്നത്.

തളിപ്പറമ്പ് നഗരസഭയിൽ യുഡിഎഫിന് ജയമുറപ്പിക്കാനാണ് തളിപ്പറമ്പ് നഗരസഭ വിഭജിച്ചതെന്ന് ആരോപണമുയർന്നിരുന്നു. വലിയൊരു പട്ടണമില്ലെങ്കിലും നിരവധി വ്യവസായ സ്ഥാപനങ്ങളും നിഫ്റ്റ് അടക്കമുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും നിറഞ്ഞ ആന്തൂർ മേഖല ഇപ്പോൾ വികസനക്കുതിപ്പിലാണ്. ആന്തൂർ പഞ്ചായത്തിനെ 1990ലാണ് തളിപ്പറമ്പ് നഗരസഭയോട് കൂട്ടിച്ചേർത്തത്. പുതിയ നഗരസഭയുടെ ഓഫീസ് ധർമശാലയിലെ പഴയ ആന്തൂർ പഞ്ചായത്ത് ഓഫീസായിരിക്കും.