കൊച്ചി: മെട്രോ പൊളിറ്റൻ സിറ്റിയായ കൊച്ചി മലയാളികളുടെ ജീവിത സൗകര്യങ്ങളുടെ അവസാന വാക്കാണ്. മെട്രോയ്ക്ക് പിന്നാലെ കൊച്ചിക്കാർക്ക് കടലിൽ ഒഴുകി നടന്ന ജീവിതം ആസ്വദിക്കാനും അവസരം ഒരുങ്ങുന്നു. കൊച്ചിക്കാർക്ക് വേണ്ടി തയ്യാറാക്കിയ അഡ്‌മെയർ കപ്പലാണ് പണി പൂർത്തിയാക്കി കായലിലേക്ക് എത്തിയിരിക്കുന്നത്. കൊച്ചിക്കാർ ആഗ്രഹിക്കും പോലെ ആഡംബരങ്ങൾ എല്ലാം നിറഞ്ഞത് തന്നെയാണ് ഈ കപ്പൽ.

കോൺഫറൻസ് ഹാൾ, ആഡംബര ഭക്ഷണശാല, ബാർ ലോഞ്ച്, 3 ഡി തിയറ്റർ എന്നിവയ്ക്ക് പുറമേ കുട്ടികൾക്ക് വേണ്ടി കളിസ്ഥലം സൺ ഡെക്ക് എന്നു വേണ്ട ആവശ്യത്തിനുള്ള എല്ലാ സൗകര്യങ്ങളും ഇതിനകത്ത് ഒരുക്കിയിട്ടുണ്ട്. കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന്റേതാണ് (കെഎസ്‌ഐഎൻസി) ആഡംബര ഉല്ലാസക്കപ്പലായ നെർഫിറ്റി. ലോകോത്തരമായ എല്ലാ ആഡംബരങ്ങളുമുള്‌ല ഈ കപ്പൽ നിർമ്മിച്ചത് ഗോവയിലാണ്.

പൂർണമായി ഈജിപ്ഷ്യൻ പശ്ചാത്തലത്തിലാണ് ഗോവയിൽ നിർമ്മിച്ച ഈ കപ്പൽ രൂപകൽപ്പന ചെയ്തിരിക്കുന്നത് തന്നെ. മൂന്നു ഡക്കുകളിലായി 200 യാത്രക്കാരെ വഹിക്കാൻ കപ്പലിനാകും. 48.5 മീറ്റർ നീളവും 14.5 മീറ്റർ വീതിയുമുണ്ട്. വിവാഹപ്പാർട്ടികൾ, ബിസിനസ് മീറ്റിങ്ങുകൾ എന്നിവയ്ക്കു പുറമേ ടിക്കറ്റ് നിരക്കിൽ വിനോദ യാത്രയ്ക്കുള്ള സൗകര്യമുണ്ട്. 29, 30 തീയതികളിൽ സാമുദ്രിക കൺവൻഷൻ സെന്ററിൽ നടക്കുന്ന കേരളാ ട്രാവൽ മാർട്ടിൽ കപ്പൽ പ്രദർശിപ്പിക്കും.

കപ്പൽ കാണാനുള്ള സൗകര്യത്തോടൊപ്പം തിരഞ്ഞെടുക്കപ്പെടുന്നവർക്കു കടൽ യാത്ര കെഎസ്‌ഐഎൻസി വാഗ്ദാനം ചെയ്യുന്നു. 3 സ്റ്റാർ സൗകര്യങ്ങളോടു കൂടിയ യാത്രയിൽ വിവിധ കലാപരിപാടികൾ ഒരുക്കിയിട്ടുണ്ട്. വിശാലമായ കോൺഫറൻസ് ഹാൾ, ആഡംബര ഭക്ഷണശാല, ബാർ ലോഞ്ച്, 3 ഡി തിയറ്റർ, കുട്ടികൾക്കുള്ള കളിസ്ഥലം, സൺ ഡക്ക് തുടങ്ങിയവ കപ്പലിലുണ്ട്. ഇതോടെ കുടുംബവുമായുള്ള ആസ്വാദനത്തിനും വിവാഹ പാർട്ടികൾ നടത്താനും ഓഫിസ് മീറ്റിങ്ങുകൾ നടത്താനും എല്ലാം കപ്പൽ കൊച്ചിക്കാർക്ക് പുതിയ അനുഭവമായി മാറും.