ആലപ്പുഴ: ട്രാവൽ ഏജൻസിയുടെ മറവിൽ കോടികൾ വിലമതിക്കുന്ന ആഡംബര കാറുകൾ വാടകയ്‌ക്കെടുത്ത് മറിച്ചുവിൽക്കുന്ന സംഘത്തെ കണ്ടെത്താൻ പൊലീസ് നെട്ടോട്ടമോടുന്നു. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽനിന്നായി ഇരുന്നൂറോളം കാറുകൾ സംഘം തട്ടിയെടുത്തെന്നാണ് സൂചന.

കോട്ടയം, ആലപ്പുഴ ജില്ലകളിൽനിന്നുമാത്രമായി 45 വാഹനങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. അന്വേഷണം അട്ടിമറിക്കാൻ മലയാളിയായ മുൻകേന്ദ്രസഹമന്ത്രി ഒത്താശ ചെയ്യുന്നതായി വാഹനങ്ങൾ നഷ്ടപ്പെട്ട കരാറുകാരൻ ചങ്ങനാശേരി പുഴവാത് പാഴുകുന്നിൽ ഹാഷിം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. ഏകദേശം ഒരു കോടി രൂപ വാടകയിനത്തിലും കിട്ടാനുണ്ടെന്ന് ഹാഷിം പറയുന്നു. പുതുപ്പള്ളി സ്വദേശിയായ ജിജി മാത്യു എന്ന സുവിശേഷ പ്രവർത്തകനാണ് തന്നെ ഏജൻസിയുമായി ബന്ധപ്പെടുത്തിയതെന്നും സ്റ്റാർ സിംഗർ ഗായകൻ കൂടിയായ ഹാഷിം പറയുന്നു.

എന്നാൽ സുവിശേഷകനെക്കുറിച്ച് യാതൊരു അറിവും നാട്ടുകാർക്കില്ലെന്നുള്ളതാണ് വിചിത്രമായത്. എറണാകുളം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സീ പോർട്ട് ട്രാവൽസിന്റെ മറവിലാണ് തട്ടിപ്പ് നടത്തിയത്. ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്ന മൂവർസംഘത്തെ ഇനിയും പൊലീസിന് പിടിക്കാൻ കഴിഞ്ഞിട്ടില്ല. മല്ലപ്പള്ളി തുരുത്തിക്കാട് അപ്പക്കോട്ടിൽ പ്രീതി മാത്യു, ആലുവ തോട്ടുമുഖം വെള്ളമാളിയേക്കൽ സയ്യിദ് അഹമ്മദ് തങ്ങൾ , കലൂർ എം എസ് ഓട്ടോസ് ഉടമ അഷറഫ് എന്നിവർക്കെതിരെയാണ് കോടതി അന്വേഷണ ഉത്തരവ് ഇറക്കിയിട്ടുള്ളത്.

എന്നാൽ കോടതി ഉത്തരവിനെ മറികടന്ന് പൊലീസ് മുൻ കേന്ദ്രസഹമന്ത്രിയുടെ നിർബന്ധത്തിനു വഴങ്ങുകയാണെന്നും ഹാഷിം ആരോപിച്ചു. ഇപ്പോൾ ബിജെപി ബന്ധമുള്ള നേതാവിനെ പൊലീസ് ഭയക്കുകയാണെന്നും ഹാഷിം പറയുന്നു. പ്രതികൾ വാഹനങ്ങൾ വാടകയ്‌ക്കെടുത്ത് തട്ടിപ്പ് നടത്തിയത് ആസൂത്രിതമായാണ്. ദുബായ് , അമേരിക്ക, ബ്രിട്ടൺ തുടങ്ങിയ രാജ്യങ്ങളിൽനിന്നെത്തുന്ന സന്ദർശകർക്ക് നൽകാൻ ആഡംബര കാറുകൾ ആവശ്യമാണെന്ന തരത്തിലാണ് കാറുകൾ വിവിധ ഏജന്റുമാർ മുഖേന സ്ഥാപനം കൈക്കലാക്കിയത്. പ്രധാനമായും കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട, ആലപ്പുഴ , കോട്ടയം ജില്ലകളിൽനിന്നാണ് വാഹനങ്ങളിൽ അധികവും നഷ്ടപ്പെട്ടിട്ടുള്ളത്.

വാടകയ്‌ക്കെടുത്ത വാഹനങ്ങളുടെ മാസവാടക മൂന്നുമാസത്തോളം തെറ്റാതെ നൽകി ഉടമകളെ വിശ്വസിപ്പിച്ചാണ് കൂടുതൽ വാഹനങ്ങൾ കൈക്കലാക്കിയത്. എന്നാൽ പിന്നീട് വാടക കുടിശികയായതോടെയാണ് ഉടമകൾ ഏജൻസിയെ സമീപിച്ചത്. അപ്പോൾ അത്തരത്തിലൊരു ഏജൻസി ഇല്ലെന്ന വിവരമാണ് ലഭിച്ചത്. ഇപ്പോൾ കൊച്ചി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മുഴുവൻ വൻകിട ഹോട്ടലുകൾക്കും ഈ തട്ടിപ്പ് വിനയായിരിക്കുകയാണ്. എറണാകുളത്തെ മിക്ക മുന്തിയ റിസോർട്ടുകളിലും വാഹനങ്ങൾ ഇത്തരത്തിൽ വാടകയ്‌ക്കെടുത്ത് സന്ദർശകരെ നാടുചുറ്റിക്കുന്ന ഏർപ്പാടാണുള്ളത്. ഇത് ടാക്‌സിയായാണ് ഓടുന്നത്.

എന്നാൽ തട്ടിപ്പ് ഏജൻസി കൈക്കലാക്കിയത് സ്വകാര്യ വ്യക്തികളുടെ കാറുകളാണ്. ഇത്തരത്തിൽ തട്ടിയെടുത്ത കാറുകൾ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ ഇല്ലാതെയും മറ്റു രേഖകളുമില്ലാതെയുമാണ് വിൽക്കുകയും പണയം വെയ്ക്കുകയും ചെയ്തിട്ടുള്ളത്. അതേസമയം രേഖകളില്ലാതെ വണ്ടികൾ ഏറ്റെടുക്കുന്ന സംഘം കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്നതായാണ് വിവരം ലഭിച്ചിട്ടുള്ളത്. ഇവിടെനിന്നും സ്വീകരിക്കുന്ന വാഹനങ്ങൾ കോയമ്പത്തൂർ, മുംബൈ എന്നിവിടങ്ങളിലേക്ക് കടത്തുന്നുവെന്ന സൂചനയും പുറത്തുവരുന്നുണ്ട്.