തിരുവനന്തപുരം: തിരുവനന്തപുരം-അങ്കമാലി എംസി റോഡ് (227 കിമീ) നാല് വരി പാതയാക്കാനുള്ള നടപടികൾ ആരംഭിച്ച് വർഷങ്ങൾ പിന്നിടുമ്പോഴും എങ്ങുമെത്താതെ പദ്ധതി ഇഴയുന്നു. 160 കോടി രൂപ ചെലവാക്കി സുരക്ഷിത ഇടനാഴിയായി പ്രഖ്യാപിച്ച് ഒന്നര വർഷമേ ആയിട്ടുള്ളു. എന്നാൽ കോടികൾ ചെലവാക്കിയിട്ടും നന്നാകാത്ത എംസി റോഡിലേക്കു പിന്നെയും പണം ഒഴുക്കാനുള്ള തീരുമാനത്തിൽ ആശങ്ക ഉയരുകയാണ്.

എംസി റോഡ്, ദേശീയ പാത നവീകരണത്തിനു ബജറ്റിൽ 1500 കോടിയാണു വകയിരുത്തിയത്.എംസി റോഡ് നാല് വരിയാക്കി വീതി കൂട്ടുമെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാൽ രണ്ടു വരി പാത നവീകരണത്തിനു പോലും സ്ഥലം ഏറ്റെടുപ്പ് കൃത്യമായി നടത്താൻ അധികൃതർക്കു കഴിഞ്ഞിട്ടില്ല. ഇതു കാരണം വികലമായ രീതിയിലാണു നിർമ്മാണം നടന്നത്.

വളവുകൾ ഇല്ലാത്ത എംസി റോഡ് നിർമ്മാണം എന്നതായിരുന്നു അധികൃതരുടെ പ്രഖ്യാപനം. 60 മീറ്റർ ദൂരത്തിൽ മുന്നിലുള്ള വാഹനങ്ങൾ കാണാൻ കഴിയണമെന്നായിരുന്നു പദ്ധതി രൂപരേഖയിലെ വ്യവസ്ഥ. എന്നാൽ വ്യവസ്ഥകൾ അട്ടിമറിച്ച് രാഷ്ട്രീയപ്രേരിതമായി സ്ഥലമേറ്റെടുത്തെന്നാണ് ആരോപണം.

നിലമേൽ മുതൽ ഏനാത്ത് വരെ 13 കൊടുംവളവുകളാണ് ഇപ്പോൾ ഉള്ളത്. അപകടമേഖലയായ കഴക്കൂട്ടം മുതൽ അടൂർ വരെ സുരക്ഷിത ഇടനാഴി പദ്ധതി നടപ്പാക്കിയിട്ടും അപകടങ്ങൾ കുറഞ്ഞില്ല. ഓരോ വർഷവും അറുനൂറോളം അപകടങ്ങളാണുള്ളത്. ശബരിമലയിലേക്കുള്ള തീർത്ഥാടകർ ആശ്രയിക്കുന്ന പ്രധാന പാതയും ഇതാണ്.

മരണനിരക്ക് ശരാശരി 50 ആണ്. റോഡ് അപകടങ്ങൾക്കു കാരണം അശാസ്ത്രീയമായ നിർമ്മാണമാണെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപി തന്നെ രംഗത്തുണ്ട്.കൂടുതൽ സ്ഥലം എടുത്തു നാലു വരി പാതയാക്കി ഉയർത്താനാണു ലക്ഷ്യം. സ്ഥലം ഏറ്റെടുപ്പ് കീറാമുട്ടിയാണ്. റോഡരികിലെ ആയിരക്കണക്കിനു കെട്ടിടങ്ങൾ പൊളിച്ചു നീക്കേണ്ടി വരും എന്നതാണ് പദ്ധതിയെ പിന്നോട്ടടിക്കുന്നത്.

ദേശീയപാത നിലവാരത്തിലേക്കു ഉയർത്തുന്നതിന്റെ ഭാഗമായി 6794 കോടി രൂപയാണു എംസി റോഡ് നവീകരണത്തിനു വേണ്ടത് എന്നാണ് വിലയിരുത്തൽ. ഭൂമിയേറ്റെടുക്കാനുള്ള തുകയുടെ 25 ശതമാനാണു സംസ്ഥാനം നൽകുക.

തിരുവനന്തപുരത്തു നിന്നാരംഭിച്ച് കൊട്ടാരക്കര, ചെങ്ങന്നൂർ, കോട്ടയം വഴി അങ്കമാലിയിൽ അവസാനിക്കുന്ന എംസി റോഡ് ദേശീയപാതയായി ഉയർത്താൻ നേരത്തെ സംസ്ഥാനം കേന്ദ്രത്തിനു കത്തു നൽകിയിരുന്നു. കെഎസ്ടിപി പദ്ധതിയിൽ വികസിപ്പിച്ച എംസി റോഡിൽ ഇപ്പോൾ പല ഭാഗത്തും മണിക്കൂറുകളോളം നീളുന്ന ഗതാഗത കുരുക്കാണ്. അങ്കമാലി കാലടി, പെരുമ്പാവൂർ, മൂവാറ്റപുഴ, ഏറ്റുമാനൂർ, കോട്ടയം, ചെങ്ങന്നൂർ, പന്തളം, കൊട്ടാരക്കര എന്നിവിടങ്ങളിൽ വലിയ തോതിലുള്ള ഗതാഗത കുരുക്കാണ് നാളുകളായി അനുഭവപ്പെടുന്നത്.

ഏതാനും സ്ഥലങ്ങളിൽ ബൈപാസുകൾ വന്നെങ്കിലും റോഡിലെ തിരക്കിനു കാര്യമായ കുറവുണ്ടായിട്ടില്ല. ആറ് സിഗ്നലുകളുള്ള തിരുവല്ല ബൈപാസ്, ബൈപാസ് എന്ന വാക്കിനു തന്നെ നാണക്കേടാണ്. ചെങ്ങന്നൂർ - കഴക്കൂട്ടം സുരക്ഷാ ഇടനാഴിയുടെ ഭാഗമായി എംസി റോഡിൽ ഒട്ടേറെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും അപകടങ്ങൾ തുടർക്കഥയാണ്. റോഡ് നാല് വരിയാക്കുന്നതോടെ ഇപ്പോൾ നേരിടുന്ന പ്രശ്‌നങ്ങൾക്കു പരിഹാരമാകുമെന്നു പ്രതീക്ഷിക്കാം.

സ്റ്റേറ്റ് ഹൈവേ 1 എന്നറിയപ്പെടുന്ന മെയിൻ സെൻട്രൽ (എംസി) റോഡ് തിരുവിതാകൂർ ദിവാനായിരുന്ന രാജാ കേശവദാസാണു നിർമ്മിച്ചത്. തിരുവനന്തപുരത്തു കേശവദാസപുരത്തുനിന്നു തുടങ്ങി അങ്കമാലി വരെ നീളുന്ന പാത മധ്യതിരുവിതാകൂറിലെ പ്രധാന പട്ടണങ്ങളെ ബന്ധിപ്പിച്ചാണു കടന്നു പോകുന്നത്. അങ്കമാലിയിൽ സേലം - കൊച്ചി (എൻഎച്ച് 544) ദേശീയപാതയിലാണു എംസി റോഡ് ചേരുന്നത്.