കോട്ടയം: എംജി സർവകലാശാല വനിതാ ഹോസ്റ്റലിലെ അന്തേവാസിയായ വിദ്യാർത്ഥിനിയെ പുരുഷ ഹോസ്റ്റലിൽ പീഡിപ്പിച്ച സംഭവത്തിൽ പൊലീസ് റെയ്ഡ്. പ്രതിയായ യുവാവ് ഹോസ്റ്റലിൽ ഉണ്ടെന്ന വിവരത്തെ തുടർന്നാണു വൈസ് ചാൻസലർ ഡോ.ബാബു സെബാസ്റ്റ്യന്റെ അനുമതിയോടെ ഏറ്റുമാനൂർ സിഐ: എ.െജ. തോമസിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. മുണ്ടക്കയം സ്വദേശി വിഷ്ണു(28)വിനെതിരെയാണു കേസെടുത്തിരിക്കുന്നത്.

വിദ്യാർത്ഥിനിയെ പ്രണയം നടിച്ചു രാത്രിയിൽ ഹോസ്റ്റലിൽ എത്തിച്ചു പീഡിപ്പിച്ചെന്നാണു പരാതി. വിവാഹവാഗ്ദാനം നൽകിയ യുവാവു പിന്നീടു പിന്മാറി. ആത്മഹത്യയ്ക്കു ശ്രമിച്ച വിദ്യാർത്ഥിനിയെ ഗുരുതരനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞവർഷമാണു സംഭവം നടന്നത്. സർവകലാശാല ക്യാംപസിലെ വിദ്യാർത്ഥികളായ ഇവർ പ്രണയത്തിലായിരുന്നു. വിവാഹത്തിൽനിന്നു പിന്മാറിയതോടെ പെൺകുട്ടി ഗാന്ധിനഗർ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പൊലീസ് ഇടപെട്ടതോടെ ഇരുവരുടെയും വീട്ടുകാർ എത്തി വിവാഹത്തിനു സന്നദ്ധത അറിയിച്ചു. പഠനശേഷം വിവാഹമെന്ന രേഖാമൂലമുള്ള ധാരണ ലംഘിച്ചതോടെയാണു പെൺകുട്ടി അത്മഹത്യയ്ക്കു ശ്രമിച്ചത്.

അതേസമയം എംജി സർവകലാശാല ഹോസ്റ്റലിൽ കുറ്റവാളികളും കോഴ്‌സ് പൂർത്തിയാക്കിയവരും അനധികൃതമായി താമസിക്കുന്നുവെന്നും നിരീക്ഷണം വേണമെന്നും കാട്ടി പൊലീസ് വൈസ് ചാൻസലർക്കു കത്ത് നൽകാനും ഒരുങ്ങുന്നുണ്ട്. കോഴ്‌സ് പൂർത്തിയാക്കിയവർ അനധികൃതമായി തങ്ങുന്നുവെന്നാണു പൊലീസ് കണ്ടെത്തൽ. പീഡനക്കേസിൽ പ്രതിയായ യുവാവ് പഠനം പൂർത്തിയാക്കിയശേഷവും ദീർഘകാലം ഹോസ്റ്റലിൽ അനധികൃതമായി താമസിച്ചിരുന്നുവെന്നു പൊലീസ് പറഞ്ഞു. ക്യാംപസിനു പുറത്തുള്ളവരും ക്രിമിനൽ കേസിലെ പ്രതികളും ഹോസ്റ്റൽ സുരക്ഷിതതാവളമാക്കുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.

കേസിൽ നേരത്തെ വിദ്യാർത്ഥിനി മുളന്തുരുത്തി പൊലീസിൽ നല്കിയ പരാതിയിൽ കേസെടുത്ത ശേഷം ഗാന്ധിനഗർ പൊലീസിന് അന്വേഷണത്തിനായി അയച്ചുകൊടുത്തു. ഏറ്റുമാനൂർ സിഐ ആണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിനു മുൻപാണ് പീഡനം നടന്നത്. ഹോസ്റ്റലിൽ താമസിച്ചു പഠിച്ചു വരികയായിരുന്നു ഇരുവരും. ഇതിനിടെ പരിചയപ്പെട്ട വിദ്യാർത്ഥി വിവാഹം കഴിക്കാമെന്നു വാഗ്ദാനം നല്കി പീഡിപ്പിച്ചു എന്നാണ് പരാതി. പല തവണ കാമ്പസിൽ വച്ച് പീഡിപ്പിച്ചുവെന്ന് വിദ്യാർത്ഥിനി പൊലീസിന് മൊഴി നല്കിയിട്ടുണ്ട്.

പഠനത്തിനിടെ വിദ്യാർത്ഥി ഒരിക്കൽ വിവാഹത്തിൽനിന്ന് പിന്മാറിയതോടെ പെൺകുട്ടി ആദ്യം ഗാന്ധിനഗർ പൊലീസിൽ ഒരു പരാതി നല്കിയിരുന്നു. അന്ന് ഇരുവരുടെയും വീട്ടുകാരെ പൊലീസ് വിളിച്ചു വരുത്തി. ഇരുവരും വിവാഹത്തിന് സമ്മതമാണൊണ് അന്ന് അറിയിച്ചത്. ഇതാണ് പൊലീസിന് കുരക്കാകുന്നത്. ഇത്തരമൊരു രീതി പൊലീസിന് കഴിയുമോ എന്നതാണ് നിയമവൃത്തങ്ങളുയർത്തുന്ന ചോദ്യം. പൊലീസിന്റെ ഒത്തുതിർപ്പ് ഫോർമുല യുവാവ് അംഗീകരിച്ചില്ലെന്നതാണ് വസ്തുത.

കഴിഞ്ഞ സെപ്റ്റംബറിൽ കോഴ്സ് പൂർത്തിയാക്കി ഇരുവരും മടങ്ങി. പിന്നീട് വിദ്യാർത്ഥിയെക്കുറിച്ച് ഒരു വിവരവുമില്ല എന്നാണ് പെൺകുട്ടി ഇപ്പോൾ പൊലീസിന് നല്കിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കൂട്ടുകാർക്കിടയിൽ പെൺകുട്ടിയെ മോശക്കാരിയായി ചിത്രീകരിക്കുന്നതായും പരാതിയിൽ പറയുന്നു. പൊലീസ് ഒത്തുതീർപ്പാക്കി വിട്ട കേസിലാണ് യുവാവ് മലക്കം മറിഞ്ഞതെന്നാണ് അറിവ്. അതുകൊണ്ടു തന്നെയാണ് പൊലീസിന് ഈ കേസ് തലവേദനായായി മാറിയിട്ടുണ്ട്.