തിരുവനന്തപുരം: ഇന്നലെ വരെ സൈബർ ലോകത്ത് പ്രത്യേകിച്ചും സിപിഎം സൈബർ സഖാക്കളുടെ ഹീറോയായിരുന്നു ശ്രീചിത്രൻ എന്ന പ്രഭാഷകൻ. സാംസ്കാരിക പ്രഭാഷകനെന്ന പേരിൽ വിലസിയ ശ്രീചിത്രൻ ചാനൽ ചർച്ചകളിലൂടെയും സൈബർ എഴുത്തിടത്തിലൂടെയുമാണ് ശ്രദ്ധിക്കപ്പെട്ടത്. എന്നാൽ, ദീപാ നിശാന്ത് ഉൾപ്പെട്ട കവിതാ മോഷണ വിവാദത്തിൽ കുടുങ്ങിയതോടെ സാംസ്കാരിക വേദികളിൽ നിന്നു ഈ സ്വയം പ്രഖ്യാപിത ബുദ്ധിജീവി ഒഴിവാക്കപ്പെട്ടു തുടങ്ങി.

കലേഷിന്റെ കവിത മോഷ്ടിച്ച് ദീപാ നിശാന്തിന്റെ പേരു വെച്ച് പ്രസിദ്ധീകരിക്കാൻ നൽകിയതോടെ ശ്രീചിത്രന്റെ കപടമുഖം പുറത്തുവന്നിരുന്നു. ഇതോടെയാണ് അദ്ദേഹത്തെ വേദികളിൽ നിന്നും ഒഴിവാക്കി തുടങ്ങിയത്. ഡിസംബർ രണ്ടിന് കൊടുങ്ങല്ലൂർ കൂട്ടായ്മ സംഘടിപ്പിച്ച ഭരണഘടനാ സംഗമത്തിലെ പ്രഭാഷകനായി ശ്രീചിത്രനെയും ക്ഷണിച്ചിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ശ്രീചിത്രനെ പരിപാടിയിൽ നിന്നും ഒഴിവാക്കി. ഇക്കാര്യം സംഘാടകർ അറിയിച്ചു.

ഡിസംബർ 2ന് രാവിലെ 9.30നുള്ള ഡാവിൻചി സുരേഷ് ഉദ്ഘാടനം നിർവ്വഹിക്കുന്ന വരകൾക്കുശേഷം 10 മണിയോടെയാണ് ശ്രീചിത്രന്റെ പ്രഭാഷണം നിശ്ചയിച്ചിരുന്നത്. ഈ പ്രസംഗമാണ് ഇതോടെ ഒഴിവാക്കിയത്. പകരം ഷാഹിന നഫീസയെ പരിപാടിയിൽ ഉൾപ്പെടുത്തി. തുടർന്ന് മുൻ നിശ്ചയിച്ചപോലെ പി.എൻ.ഗോപീകൃഷ്ണ ന്റെ പ്രോഗ്രാമിലൂടെ പരിപാടി തുടരുകയും ചെയ്യുമെന്നാണ് സംഘാടകർ അറിയിച്ചത. സണ്ണി പി കപികാടിനും സുനിൽ പി ഇളയിടത്തിനും രേഖാരാജിനും ഒപ്പം ശ്രീചിത്രനെയും നവോത്ഥാന നായകനായി പരിഗണിച്ചു ചിത്രമടിച്ച് പബ്ലിസിറ്റി പ്രവർത്തനങ്ങൾ കൊടങ്ങല്ലൂർ കൂട്ടായ്മ തുടങ്ങിയിരുന്നു.

ഇപ്പോഴത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ശ്രീചിത്രനെ ഒഴിവാക്കി പുതിയ പോസ്റ്റർ എത്തിയിട്ടുണ്ട്. ശബരിമല യുവതി പ്രവേശന വിഷയത്തോടെയാണ് എം ജെ ശ്രീചിത്രൻ സോഷ്യൽ മീഡിയയുടെ താരമാകുന്നതും. ചാനൽ ചർച്ചകളിലുടെ സംഘപരിവാർ വാദത്തിന്റെ മുനയൊടിച്ചത് അദ്ദേഹമായിരുന്നു. ഇതോടെ ഇടതു വേദികളിൽ സജീവമായി ശ്രീചിത്രൻ. സിപിഎം വേദികളിൽ അടക്കം പ്രഭാഷകനായി ഇടം പിടിച്ചത് ഒരു വ്യാജ വ്യക്തിത്വമായിരുന്നു എന്ന വ്യക്തമായതോടെയാണ് അദ്ദേഹത്തെ പരിപാടികളിൽ നിന്നും ഒഴിവാക്കി തുടങ്ങിയത്.

നേരത്ത കവിതാ വിവാദം പുറത്തുവന്നതോടെ കലേഷിനെ കള്ളനാക്കാനുള്ള ശ്രമങ്ങളാണ് ശ്രീചിത്രൻ നടത്തിയത്. ദീപ നിശാന്തിന് മാത്രമല്ല, താൻ പലർക്കും കവിത അയച്ചു എന്നു പറഞ്ഞ് ദീപയെ കള്ളിയാക്കാനുള്ള ശ്രമം പൊളിഞ്ഞതോടെയാണ് ദീപ ശ്രീചിത്രനുമായി സംസാരിച്ച വാട്‌സ് ആപ്പ് പോസ്റ്റ് പുറത്തുവിട്ടത്. കവിതാ മോഷണത്തിലെ താനും പ്രതിയാണെന്ന് പറഞ്ഞു കൊണ്ടും മാപ്പു പറയുന്നു എന്ന വ്യാജേന ഉരുണ്ടു കളിച്ചുകൊണ്ടാണ് എം.ജെ ശ്രീചിത്രൻ ഇന്ന് ഫേസ്‌ബുക്കിലൂടെ എഴുതിയത്. കലേഷിനോട് മാപ്പു പറഞ്ഞു കൊണ്ടാണ് ഫേസ്‌ബുക്ക് പോസ്റ്റിട്ടതെങ്കിലും കവിതാ മോഷണത്തിലെ മാപ്പ് കലേഷ് തള്ളി.

കവിതാ മോഷണവിവാദത്തിൽ മാപ്പ് പറയുകയല്ല വേണ്ടതെന്നും തന്റെ കവിതയുടെ വരികൾ വെട്ടി വഴിയിൽ ഉപേക്ഷിച്ചത് ആരാണെന്ന് വ്യക്തമാക്കണമെന്നും കവി എസ് കലേഷ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. കവിതാ മോഷണ വിവാദത്തിലെ പ്രതികളായ അദ്ധ്യാപിക ദീപാനിശാന്ത്, സാംസ്‌കാരിക പ്രഭാഷകൻ എം.ജെ ശ്രീചിത്രൻ എന്നിവർ മാപ്പ് പറഞ്ഞതിന് പിന്നാലെയാണ് കലേഷിന്റെ ചോദ്യം. മോഷണ വിവാദത്തിൽ ദീപ നിശാന്ത് ഇന്നലെയും ശ്രീചിത്രൻ ഇന്നും കലേഷിനോട് മാപ്പ് പറയുന്നതായി എഫ്ബിയിലൂടെ അറിയിച്ചിരുന്നു.

ഇന്നലെയാണ് ദീപാ നിശാന്ത് മാപ്പു പറഞ്ഞത്. കോളേജ് അദ്ധ്യാപകസംഘടനയായ എ.കെ.പി.സി.ടി.എ.യുടെ മാഗസിനിലാണ് വിവാദ കവിത അച്ചടിച്ചു വന്നത്. ദീപയുടെ പേരിൽ മാഗസിനിൽവന്ന 'അങ്ങനെയിരിക്കെ' എന്ന കവിത ഏറക്കുറെ എസ്. കലേഷിന്റെ 'അങ്ങനെയിരിക്കെ മരിച്ചുപോയി ഞാൻ/നീ' എന്ന കവിതയുടെ പകർപ്പാണെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെ അദ്ധ്യാപികയ്ക്ക് നേരെ വൻ വിവാദമാണ് പൊതുവേയും സമൂഹ മാധ്യമത്തിലും നിറഞ്ഞത്.