തിരുവനന്തപുരം: ഇസ്ലാമിക പ്രഭാഷകൻ എം എം അക്‌ബിറന്റെ സ്ത്രീവിരുദ്ധ പ്രസംഗത്തിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം. വിവാദമായ കിത്താബ് നാടകത്തിൽ വാങ്ക് വിളിക്കാനുള്ള സ്ത്രീയുടെ അവകാശത്തെ കുറിച്ചുള്ള ചോദ്യത്തിന്റെ മറുപടിയായാണ് അക്‌ബർ കടുത്ത സ്ത്രീവിരുദ്ധത അടിച്ചുവിടുന്നത്. സ്ത്രീകൾക്കു പള്ളിയിൽ കേറാനും സ്ത്രീകൾക്കു പഠിക്കാനും അവകാശമുണ്ടെന്ന് വാദിക്കുന്ന ഇസ്ലാം തന്നെ സ്ത്രീകൾ ബാങ്ക് കൊടുക്കാൻ പാടില്ല, നമസ്‌ക്കാരത്തിന് നേതൃത്വം കൊടുക്കാൻ പാടില്ല എന്നു പറയുന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിനാണ് അക്‌ബർ ഉത്തരം പറയുന്നത്.

പള്ളിയിൽ പുരുഷന്മാർക്ക് ഇമാമ് നിൽക്കാൻ പ്രവാചകൻ പെണ്ണിനെ അനുവദിച്ചിട്ടില്ല. ബാങ്ക് വിളിക്കാൻ പെണ്ണിനെ അനുവദിച്ചിട്ടില്ല. അങ്ങനെ അനുവദിച്ചിരുന്നെങ്കിൽ ആർത്തവം അടക്കമുള്ള കാലത്ത് സ്ത്രീ എന്തുചെയ്യുമെന്നും ചോദിക്കുന്നു. ഈ നാടകം കളിക്കുന്ന ആളുകൾക്കെല്ലാം വെളിവ് എന്നുള്ളത് ഇച്ചിരി കമ്മിയാണെന്നും അദ്ദേഹം ആക്ഷേപിക്കുന്നു. പള്ളിയിൽ സ്ത്രീ ഇമാമു നിൽക്കുകയാണെങ്കിൽ അവളുടെ ശരീര വിക്ഷേപങ്ങൾ പിന്നിൽ നിൽക്കുന്ന ആളുകളുടെ ആത്മീയ ഉണർവിനു പകരം ലൈംഗികമായ ചോദന ഉണ്ടാക്കുമെന്നും, ആണും പെണ്ണും തമ്മിലുള്ള ഇടപെടലുകൾ അല്പം സൂക്ഷിച്ചുവേണമെന്ന് ഇസ്ലാം പറഞ്ഞത് മനസ്സിലാക്കാൻ മീ ടു വേണ്ടി വന്നു എം എം അക്്ബറിന്റെ പറയുന്നു.

അക്‌ബറിന്റെ പ്രസംഗഭാഗം പുറത്തായതോടെ സോഷ്യൽ മീഡിയയിലടക്കം വ്യാപക പ്രതിഷേധമുണ്ട്. സ്ത്രീയെ ഒരു ഭോഗവസ്തവല്ലാതെ കാണാൻ ഇവർക്ക് കഴിയുന്നില്ലെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. മെൻസസ് അഥവാ ആർത്തവം ആരോടും പറയാൻ പാടില്ലാത്ത അഥവാ അറിഞ്ഞാൽ തന്നെ സ്ത്രീക്ക് ഏറ്റവും നാണക്കേടുണ്ടാക്കുന്ന അപമാനം സമ്മാനിക്കുന്ന ഒരു ഇമ്മിണി ബല്യ ഒന്നാണന്ന നാമജപ സംഘികളുടെ അതേ മനസ്സല്ലേ ഈ ഗോത്ര കാല പണ്ഡിതനും പേറുന്നതെന്നും വിമർശനം ഉയരുന്നുണ്ട്

എം എം അക്‌ബറിന്റെ വിവാദ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങൾ ഇങ്ങനെ

പെണ്ണങ്ങൾ ബാങ്ക് കൊടുക്കുകയും ഇമാമത്തിന് നേതൃത്വം കൊടുക്കുകയും ചെയ്താൽ എന്താണ് എന്നതാണ് ചോദ്യം. പള്ളിയിൽ പോകാനും നിസ്‌ക്കരിക്കാനും അനുവാദം നൽകിയ നവോത്ഥാന പ്രസ്ഥാനം എന്തുകൊണ്ട് ആ രംഗത്ത് നവോത്ഥാനത്തിന് രംഗത്തു വരുന്നില്ല ചോദ്യം വളരെ പ്രസക്തം എന്നു പറയുമെന്നാണ് നിങ്ങൾ വിചാരിക്കുന്നത്. എന്നാൽ അതു തീരെ അപ്രസക്തമാണ്. എന്തുകൊണ്ടെന്നാൽ നവോത്ഥാന പ്രസ്ഥാനം, പെണ്ണ് പള്ളിയിൽ പോകണമെന്ന് പറഞ്ഞത് പ്രമാണത്തിന്റെ അടിസ്ഥാനത്തിലാണ്. നവോത്ഥാനത്തിന് വേണ്ടിയല്ല. പെണ്ണ് പള്ളിയിൽ പോകാൻ അള്ളാഹുവിന്റെ പ്രവാചകർ അനുവദിച്ചു എന്നതുകൊണ്ടാണ് അത് പെണ്ണിന്റെ അവകാശമാണെന്നും അതു ചെയ്യണമെന്നും പറഞ്ഞത്.

അതുപോലെ തന്നെ പെണ്ണിന് അള്ളാഹുവും പ്രവാചകനും നൽകിയ മുഴുവൻ അവകാശങ്ങളും നൽകേണ്ടതുണ്ട് എന്നു നമ്മൾ പറയുന്നത്, പെണ്ണിനാണെങ്കിലും പുരുഷനാണെങ്കിലും, അതു പ്രമാണത്തിന്റെ അടിസ്ഥാനത്തിലാണ്. മതത്തിന്റെ കർമങ്ങൾ നിശ്ചയിക്കുന്നതിന് ഇസ്ലാമിനാണെങ്കിൽ കൃത്യമായ മാനദണ്ഡമുണ്ട്. പരിശുദ്ധ ഖുറാനും തിരുസുന്നത്തും. പുരുഷൻ എന്തൊക്കെ ചെയ്യണം.. പെണ്ണ് എന്തൊക്കെ ചെയ്യണം എന്ന് പരിശുദ്ധ ഖുറാനും തിരുസുന്നത്തും പഠിപ്പിച്ചതിനപ്പുറത്തേക്ക് കർമകാര്യത്തിൽ ഒരു മുസ്ലിമിന് കയറാൻ കഴിയില്ല.

അതേത് നവോത്ഥാനത്തിന്റെ പേരു പറഞ്ഞാലും...പള്ളിയിൽ പുരുഷന്മാർക്ക് ഇമാമ് നിൽക്കാൻ പ്രവാചകൻ പെണ്ണിനെ അനുവദിച്ചിട്ടില്ല. ബാങ്ക് വിളിക്കാൻ പെണ്ണിനെ അനുവദിച്ചിട്ടില്ല. ഇക്കാര്യം പല ഹദീസുകളിലുമുണ്ട്. ഏതായാലും ഇമാമു നിൽക്കാൻ വേണ്ടി ഒരു വൃദ്ധയായ സ്ത്രീയെ അനുവദിച്ച് ബദറിന്റെ സന്ദർഭത്തിൽ പോയ പ്രവാചകൻ അപ്പോൾ തന്നെ അവർക്കു ബാങ്കു വിളിക്കാൻ ഒരു പുരുഷനെ ഏർപ്പെടുത്തിക്കൊടുത്തതായി കാണാൻ കഴിയും.

അവിടെ പെണ്ണിന് ഇമാമു നിൽക്കാൻ വേണ്ടി ഒരു പെണ്ണിനെ അനുവദിച്ചപ്പോൾ പോലും ബാങ്ക് വിളിക്കുകയെന്നത് പുരുഷന്റെ ഉത്തരവാദിത്വാണെന്നുള്ളതും പഠിപ്പിക്കുന്നു. കർമങ്ങളുടെ കാര്യത്തിൽ അതാണ്. എന്തുകൊണ്ടായിരിക്കും ഇസ്ലാം അങ്ങനെ ചെയ്തത്? ഇസ്ലാം പടച്ചോന്റെ ആയതുകൊണ്ട്...നിങ്ങൾ ആലോചിച്ചു നോക്കുക...ഈ നാടകം കളിക്കുന്ന ആളുകൾക്കെല്ലാം വെളിവ് എന്നുള്ളത് ഇച്ചിരി കമ്മിയാണെന്ന് തോന്നിപ്പോകും ഈ നാടകങ്ങൾ കാണുമ്പോൾ...കാരണം നാടകത്തിലെ പെൺകുട്ടി പറയുന്നത് എനിക്ക് സ്വർഗത്തിൽ പോകേണ്ട എന്നാണ്. കാരണം അവിടെ ഹൂറന്മാരായി ആണുങ്ങളില്ലാ എന്നുള്ളതാണ്.

സ്വർഗത്തിൽ പോകണമെന്ന് ആഗ്രഹമില്ലാത്ത ഒരു പെൺകുട്ടിയുടെ ആഗ്രഹം പള്ളിയിൽ കയറി ബാങ്ക് കൊടുക്കണമെന്നുള്ളതാണ്. ഒരു ശരാശരി ബുദ്ധിയുള്ള ആളുകൾക്ക് ചിന്തിക്കാൻ കഴിയും..എന്താണ് ബാങ്ക് കൊടുക്കാൻ പെണ്ണിനെ അനുവദിച്ചാൽ ഉണ്ടാകാൻ പോകുന്ന ഇടങ്ങേറെന്ന് നിങ്ങൾ ആലോചിച്ചു നോക്ക്..ബാങ്ക് വിളിക്കാൻ പേണ്ണിന് അനുവാദം കൊടുത്തു എന്നു വിചാരിക്കുക...എന്റെ വീടിന്റെ മുന്നിലൊരു പള്ളിയുണ്ട്..ചെറിയ പള്ളി..അതിന് സ്വന്തമായി ഇമാമൊന്നുമില്ല...സ്വാഭാവികമായി ഞങ്ങളും കുട്ടികളുമെല്ലാം ചേർന്ന് ബാങ്ക് കൊടുക്കാറുണ്ട്..

അങ്ങനെതന്നെയാണല്ലോ ഇസ്ലാമികമായ രീതി. അവിടെ ബാങ്ക് കൊടുക്കാൻ പെണ്ണിന് അനുവാദമുള്ള ഒരു സന്ദർഭമാണെന്ന് ഓർക്കുക. എങ്കിൽ അവിടെ ഒരുപാട് സ്ത്രീകളുണ്ട്...അവിടെ സ്ഥിരമായിട്ട് ഇമാമില്ലാത്തതിനാൽ ഞങ്ങളോട് ബാങ്ക് വിളിക്കാൻ പറയുമ്പോൾ ഞങ്ങൾ സമ്മതിക്കും..എന്നാൽ പെണ്ണിനോട് ഇതുപറഞ്ഞാലുള്ള സ്ഥിതിയോ? പെണ്ണ് ഏറ്റവും രഹസ്യമായി വയ്ക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ കഴുത്തിൽ തൂക്കിയിട്ടു നടക്കേണ്ട ഗതികേട് ഉണ്ടാവില്ലേ? ഇതു നാടകകർത്താവിനു തിരിയില്ലല്ലോ?

എന്താണ് പെണ്ണിനോട് പറയുമ്പോൾ ഉണ്ടാവുന്നത്..എനിക്കിന്നു പറ്റൂല്ലാ..കാരണം എനിക്കിന് മെൻസെസ് ആണെന്ന് പറയേണ്ടേ അവൾ..അത് യഥാർഥത്തിൽ പെണ്ണിനെ അനുകൂലിക്കുന്ന അല്ലെങ്കിൽ പെണ്ണിന്റെ പ്രയാസത്തെ ലഘൂകരിക്കുന്ന കൃത്യമായ ഒരു നിയമമാണത്. അല്ലാതെ പെണ്ണിന്റെ അവകാശവുമായി ബന്ധപ്പെട്ട സംഗതിയല്ല. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇതേപോലെയുള്ള ഒരുപാട് സാഹചര്യങ്ങളുണ്ട്. അവിടെയെല്ലാം എന്താണ് ഉണ്ടാവുക? സ്ത്രീകൾക്കതു പെട്ടെന്നു മനസിലാകും. ഇത്തരം കാര്യങ്ങൾ കഴുത്തിൽ തൂക്കിയിടേണ്ട അവസ്ഥ വരും. എനിക്കിന്ന് നമസ്‌ക്കരിക്കാൻ പറ്റുന്നതല്ല..ബാങ്ക് വിളിക്കാൻ പറ്റുന്നതല്ല..ആരും എന്നോടത് പറയരുത്..അതാണ് വിഷയം..

കാരണം അതാണെന്നല്ല ഞാൻ പറഞ്ഞുവരുന്നത്..അല്ലാഹു അനുവദിച്ചില്ല അത്..പക്ഷേ അല്ലാഹുവിന്റെ അനുവാദമില്ലായ്മകൾക്കു പിന്നിൽ വലിയ അവകാശപ്രശ്നം പറയുന്ന ആളുകൾക്ക് മനസിലാകാത്ത മാനവിക പ്രശ്നങ്ങൾ ഇവിടെയുണ്ട് എന്നാണ് ഞാൻ സൂചിപ്പിക്കുന്നത്. പെണ്ണ് ഇമാമു നിൽക്കുന്ന സ്ഥിതിയും ഇതുതന്നെ..വേറൊന്നുമില്ല...ഇന്ന് ലോകത്തു തന്നെ സ്ത്രീയുടെ വിലയെന്താ? ഇസ്ലാം മാത്രമാണ് പെണ്ണിന്റെ വ്യക്തിത്വത്തിന് വിലകൊടുത്തത്..ലോകത്ത് സമൂഹം കൊടുക്കുന്ന പെണ്ണിന്റെ വില അവളുടെ തൊലിയുടെ വിലയാണ്..അവളുടെ സൗന്ദര്യത്തിന്റെ വിലയാണ്..അവളുടെ മാംസത്തിന്റെ വിലയാണ്....അല്ലേ..അതല്ലേയുള്ളൂ..

ഇസ്ലാം വസ്ത്രത്തിലൂടെ ചെയ്ത വലിയ കാര്യവും അതാണ്..എന്റെ വ്യക്തിത്വത്തെ അളക്കേണ്ടത് എന്റെ ഭംഗിയുടെ അടിസ്ഥാനത്തിലല്ല..മറിച്ച് ഞാൻ എന്തു ചെയ്യുന്നു എന്തു പ്രവർത്തിക്കുന്നു..എന്റെ സ്വഭാവമെന്ത്.. അതിന്റെ അടിസ്ഥാനത്തിലാണ്.. ആണുങ്ങളുടെ വ്യക്തിത്വത്തിന്റെ അടിസ്ഥാനമെന്താണ്? അവന്റെ സൗന്ദര്യം നോക്കി ആരെങ്കിലും പോകാറുണ്ടോ? പേഴ്സണാലിറ്റി എന്നത് അവൻ ചെയ്തതിനെ അടിസ്ഥാനമാക്കിയാണ്....പോസിറ്റീവ് ആണെങ്കിലും നെഗറ്റീവ് ആണെങ്കിലും..പെണ്ണിനും അങ്ങനെയാകണം..

അവളുടെ സൗന്ദര്യമെന്നത് അവളുടെ ലൈംഗികതയുമായി ബന്ധപ്പെട്ടതാണ്..അത് ഒരേയൊരു പുരുഷന് അവകാശപ്പെട്ടതാണ്..അതാണ് അവളുടെ ചോദന..അതല്ലാതെ ആ സൗന്ദര്യത്തിന്റെ അടിസ്ഥാനത്തിൽ അവളെ വിലയിരുത്തുന്ന, അവൾ ഉന്നതയും അധമയുമാകുന്ന അവസ്ഥയല്ല ഉണ്ടാവേണ്ടത്...പറഞ്ഞുവരുന്നത്, പള്ളിയിൽ ഇമാമു നിൽക്കുന്ന സന്ദർഭത്തിലും പുരുഷന്റെ കണ്ണുകൾ, പുരുഷന്റെ മനസ്...ഒരു സത്യമാണ്...

അതല്ലാന്നു പറഞ്ഞ ആൾക്കാർക്കിപ്പോൾ മീ ടൂ വേണ്ടിവന്നല്ലോ...ഇസ്ലാം പറഞ്ഞു ഇതെല്ലാം സത്യമാണ്..ആണും പെണ്ണും തമ്മിലുള്ള ഇടപെടലുകൾ അല്പം സൂക്ഷിച്ചുവേണമെന്ന്..അത്രേ പറഞ്ഞിട്ടൂ ഇസ്ലാം..അതല്ലാ എന്നു പറഞ്ഞവർ ഇപ്പോൾ മീടൂ മീടൂ എന്നടിക്കുകയാണ്..കാരണമെന്താ..ഇസ്ലാം പറഞ്ഞു ആണും പെണ്ണും ഒറ്റയ്ക്കാകരുത്..ഒറ്റയ്ക്കു സംസാരിക്കരുത്..ഒറ്റയ്ക്കു യാത്രചെയ്യരുത്..ഈ മീടൂവിന്റെയെല്ലാം പിന്നിലെന്താ. ഇതെല്ലാം തന്നെയുള്ളൂ..വേറൊന്നുമില്ല...

അപ്പോൾ പള്ളിയിൽ ഇമാമു നിൽക്കുന്ന ആളിന്റെ ശരീര വിക്ഷേപങ്ങൾ പിന്നിൽ നിൽക്കുന്ന ആളുകളുടെ ആത്മീയ ഉണർവിനു പകരം ലൈംഗികമായ ചോദന ഉണ്ടാക്കുന്നത് ആയിക്കൂടാ എന്നത് അടിസ്ഥാനപരമായ കാര്യം തന്നെയാണ്..അതിന്റെ മാനവികത ഏതാണ്...അതേപോലെ നേരത്തെ പറഞ്ഞകാര്യവും പ്രധാനമാണ്..പെണ്ണിന്റെ സ്ത്രൈണമായ പ്രശ്നങ്ങൾ മനസിലാക്കാത്ത ബുദ്ധിജീവികൾ എന്നു പറയുന്ന ആളുകളുടെ നിലവാരമാണ് നാം മനസിലാക്കേണ്ടത്.

ഇസ്ലാമിക നിയമങ്ങൾ ഓരോന്നെടുത്താലും അതിന്റെ പിന്നിൽ കൃത്യമായ മാനവികത മാത്രമേ കാണാൻ കഴിയൂ എന്നുള്ളതാണ് സത്യം. കർമങ്ങളുടെ നിയമങ്ങളുടെ കാര്യത്തിൽ അടിസ്ഥാനപരമായി ഇതൊന്നുമല്ല നമ്മൾ പറയുന്നത്..അതെന്തുകൊണ്ടാണ് എന്ന ചോദ്യത്തിന് ഉത്തരം അതങ്ങനെയാണ് അള്ളാ പറഞ്ഞത് തന്നെയാണ്..അതാണ് അതിന്റെ അടിസ്ഥാനപരമായ ഉത്തരം..അള്ളാ പറഞ്ഞതിന്റെ മാനവികത ഇവർക്കു ചിന്തിച്ചാൽ മനസിലാവില്ല..പക്ഷേ ഒരൽപം ചിന്തിച്ചാൽ ഏതൊരാൾക്കും മനസിലാകും എന്നതാണ് ഞാൻ ബാക്കി പറഞ്ഞതിന്റെ അർഥം.