ഇടുക്കി: കെഎസ്ഇബി ചെയർമാൻ ഡോ. ബി അശോകിന്റെ ആരോപണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ വൈദ്യുതി മന്ത്രി എംഎം മണി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കെഎസ്ഇബിക്ക് കോടികളുടെ ബാധ്യതയുണ്ടാക്കിയെന്ന ചെയർമാൻ ഡോ ബി അശോകിന്റെ ആരോപണമാണ് മണിയെ ചൊടിപ്പിച്ചത്. വൈദ്യുതി ബോർഡ് ചെയർമാൻ അശോകൻ അങ്ങനെ പറഞ്ഞത് എന്തടിസ്ഥാനത്തിലാണ്? മന്ത്രി അറിഞ്ഞാണോ അങ്ങനെ പറഞ്ഞത്? അതോ മന്ത്രിക്ക് പറയാനുള്ളത് പുള്ളിയെ കൊണ്ട് പറയിപ്പിച്ചതാണോയെന്നും സിപിഎം സംസ്ഥാന സമിതി അംഗം കൂടിയായ എംഎം മണി ചോദിച്ചു.

മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് ഇക്കാര്യത്തിൽ പ്രതികരണം നടത്താം. അല്ലാതെ പറഞ്ഞതിനെല്ലാം ഇപ്പോൾ മറുപടി പറയാനില്ല. താൻ മന്ത്രിയായിരിക്കെ വൈദ്യുതി ബോർഡിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രവർത്തനം നടത്തി. വൈദ്യുതി ഉൽപ്പാദനം ഉയർത്തി. ഇടത് മന്ത്രിമാരിൽ സാമാന്യം ഭേദപ്പെട്ട നിലയിൽ പ്രവർത്തിച്ചു. നാലര വർഷമാണ് താൻ മന്ത്രിയായിരുന്നത്. അത് കെഎസ്ഇബിയുടെ സുവർണകാലമായിരുന്നുവെന്നും മണി പറഞ്ഞു.

തന്റെ ഭരണകാലത്ത് വൈദ്യുതി ബോർഡ് മികച്ച നേട്ടമുണ്ടാക്കി. ഇപ്പോൾ പൊലീസ് സംരക്ഷണം വേണ്ട സ്ഥിതിയിലാണ്. അവിടെ കൊണ്ടുവന്ന് എത്തിച്ചതായി വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയെയും ചെയർമാനെയും ലക്ഷ്യമിട്ട് എം എം മണി പരിഹസിച്ചു. നാലര വർഷം ഞാൻ മന്ത്രിയായിരുന്നു. വൈദ്യുതി ബോർഡിന്റെ സുവർണകാലമായിരുന്നുവെന്ന് നാട്ടിൽ റഫറണ്ടം നടത്തിയാൽ ആളുകൾ പറയും. ഇപ്പോൾ അശോകൻ പറഞ്ഞ കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ട്. മുഖ്യമന്ത്രിയുമായി ആലോചിച്ച് പ്രതികരിക്കും.'- എം എം മണി പറഞ്ഞു.

എൽഡിഎഫ് സർക്കാരാണ് ഭരിക്കുന്നത്. കെ കൃഷ്ണൻകുട്ടി എൽഡിഎഫിന്റെ നേതാവല്ലേ?. പറയേണ്ടത് ആലോചിച്ചല്ലേ പറയേണ്ടത്. പറയേണ്ടത് തീർത്ത് കെട്ടി താൻ പറയുമെന്നും എം എം മണി മാധ്യമങ്ങളോട് പറഞ്ഞു. അശോകൻ ഒരു കാര്യം ചെയ്യുന്നത് നല്ലതാണ്. ബോർഡിന്റെ ചെയർമാൻ എന്ന നിലയിൽ കെഎസ്ഇബിയുടെ പ്രവർത്തനം കാര്യക്ഷമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് വേണ്ടി പ്രവർത്തിക്കുന്നത് നല്ലതാണ്. ഇപ്പോൾ കെഎസ്ഇബിയുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്നും ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടിയായി മുൻ മന്ത്രി പ്രതികരിച്ചു.

കെ എസ് ഇ ബി ചെയർമാനും സിഐടിയു ആഭിമുഖ്യത്തിലുള്ള സമരസമിതിയും തമ്മിലുള്ള പോരാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് കാരണം. ചെയർമാൻ ഡോ.ബി.അശോക് അധികാര ദുർവിനിയോഗം നടത്തി കെഎസ്ഇബിക്ക് സാമ്പത്തിക ദുർവ്യയമുണ്ടാക്കുന്നുവെന്നാരോപിച്ചാണ് ഇടതു യൂണിയനുകൾ അനിശ്ചിതകാല പ്രക്ഷോഭം നടത്തുന്നത്.അംഗീകൃത തൊഴിലാളി സംഘടനകളെ അവഗണിച്ച് തീരുമാനമെടുക്കുന്നുവെന്നും ആക്ഷേപമുണ്ട്. ചെയർമാൻ അധികാര ദുർവിനിയോഗം നടത്തി പുറത്തിറക്കിയ ഉത്തരവുകൾ പിൻവലിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്നാണ് സമര സമിതിയുടെ നിലപാട്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇടതു യൂണിയനുകളാണ് അധികാര ദുർവിനിയോഗവും സാമ്പത്തിക ദുർവ്യയവും നടത്തിയതെന്ന് കെഎസ്ഇബിയുടെ ഫേസ്‌ബുക്ക് പേജിലൂടെ ചെയർമാൻ തിരിച്ചടിച്ചതോടെയാണ് വിവാദത്തിന്റെ രണ്ടാം ഘട്ടം തുടങ്ങിയത്.

എംഎം മണി വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് ഇടതു യൂണിയനുകൾ ബോർഡിന് കോടികളുടെ ബാധ്യതയുണ്ടാക്കുന്ന തീരുമാനത്തിന് കൂട്ടുനിന്നുവെന്നാണ് ചെയർമാന്റെ പ്രധാന ആക്ഷേപം. സർക്കാരിന്റ മുൻകൂർ അനുമതി തേടാതെ 1200 കോടി അധിക ബാധ്യത വരുത്തുന്ന ശമ്പള പരിഷ്‌കരണം നടപ്പിലാക്കി. ഇതിപ്പോൾ ഏജിയുടെ വിശദീകരണം തേടലിൽ എത്തിയിരിക്കുന്നു.

ടൂറിസം വികസനത്തിന് പല സൊസൈറ്റികൾക്കും ബോർഡിന്റെ അനുമതിയോ സർക്കാർ അനുമതിയോ ഇല്ലാതെ നൂറു കണക്കിന് ഏക്കർ സ്ഥലം പാട്ടത്തിന് നൽകി. ചട്ടവിരുദ്ധമായി നിലപാട് ഫയലിൽ എഴുതി ചേർത്ത് ഒപ്പിടാൻ ചീഫ് എഞ്ചിനിയർക്കുമേൽ യൂണിയനുകൾ സമ്മർദ്ദം ചെലുത്തി. സമരം ചെയ്യുന്ന സംഘടനയുടെ നേതാവ് ഉപയോഗിക്കാൻ അർഹതയില്ലാത്ത ഔദ്യോഗിക വാഹനം ആയിരക്കണക്കിന് കിലോമീറ്റർ ദുരുപയോഗം ചെയ്തു.

വൈദ്യുതി ഭവനിൽ സംസ്ഥാന വ്യവസായ സുരക്ഷ സേനയെ നിയോഗിച്ചത് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ നിർദേശമനുസരിച്ചാണ്. അതിനെ പൊലീസ് രാജ് എന്നു കുറ്റപ്പെടുത്തുന്നത് പരിഹാസ്യമാണെന്നും ചെയർമാൻ കെഎസ്ഇബിയുടെ ഫേസ്‌ബുക്കിലിട്ട കുറിപ്പിൽ പറയുന്നു. ഇടതുയൂണിയനുകളും ചെയർമാനും നിലപാടുകളിൽ ഉറച്ച് നിൽക്കുന്ന സാഹചര്യത്തിൽ ഇനി മന്ത്രിയുടേയും സർക്കാരിന്റേയും ഇടപെടൽ നിർണായകമാകും.