ചെറുതോണി: എം എം മണിയുടെ വൺ.. ടു.. ത്രീ പ്രസംഗം തീർത്ത വിവാദങ്ങൾ ചില്ലറയല്ല. സിപിഎമ്മിനെ മുഴുവൻ പിടിച്ചുലച്ചതാണ് ഈ പ്രസംഗം. അതിന് ശേഷം ഇടക്കാലം നാവടക്കി ജീവിച്ചിരുന്ന സിപിഐ(എം) നേതാവ് വീണ്ടും പൂർവ്വാധികം ശക്തിയോടെ തെറിവിളിയുമായി അദ്ദേഹം രംഗത്തെത്തി. പൈനാവ് പോളി ടെക്‌നിക്കിലുണ്ടായ എസ്എഫ് ഐ ആക്രമണത്തിലെ പ്രതികളെ പൊലീസുകാരെ അക്രമിച്ചു പ്രവർത്തകർ ലമായി മോചിപ്പിച്ചതിന് ശേഷം ആശാൻ തെറി പറഞ്ഞു കണ്ട് പ്രസംവവും നടത്തിയതാണ് വിവാദത്തിലായത്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ മൃദുസമീപനം മതിയെന്ന ഇടുക്കി എസ്. പിയുടെ നിലപാടിനെതിരെ സേനക്കുള്ളിൽ കടുത്ത അമർഷം.

പൊലിസിനെതിരെ ചെറുതോണിയിൽ നടത്തിയ യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം എം. എം മണിയുടെയും ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി. വി വർഗീസിന്റെയും ഭീഷണി നിറഞ്ഞ പ്രസംഗം സി. പി. എമ്മിനെ സ്വയം പ്രതിരോധത്തിലാക്കുകയും ചെയ്തു. പൊലിസുകാരെ കായികമായി നേരിടുമെന്ന വിവാദ പ്രസംഗം നടത്തിയിട്ടുപോലും എസ്. പി പാർട്ടിക്കനുകൂലമായി നിൽക്കുമ്പോൾ ഡി. ജി. പിയുടെ ഇടപെടൽ പ്രതീക്ഷിച്ചിരിക്കുകയാണ് പൊലീസുകാർ.

ജെ. എൻ. യു സമരത്തിന്റെ ഭാഗമായി പൈനാവിൽ എസ്. എഫ്. ഐ നടത്തിയ പഠിപ്പുമുടക്കാണ് അക്രമത്തിനും പിന്നീട് അനിഷ്ടസംഭവങ്ങൾക്കും വഴിയൊരുക്കിയത്. പൊലിസിനെതിരെ എം. എം മണിയും സി. വി വർഗീസും നടത്തിയ കൊലവിളി പ്രസംഗം പാർട്ടിക്കു മോശം പ്രതിച്ഛായ ഉണ്ടാക്കിയെന്ന വിലയിരുത്തലാണ് സി. പി. എം നേതാക്കൾക്കിടയിലുള്ളത്. പഠിപ്പുമുടക്കി സമരം നടത്തിയ പൈനാവ് എൻജിനീയറിങ് കോളജ് വിദ്യാർത്ഥികൾ പൊളി ടെക്‌നിക്കിലെത്തിയെങ്കിലും രാഷ്ട്രീയമില്ലാത്ത പോളിയിലെ ഗേറ്റ് അടച്ചിട്ടാണ് ബന്ധപ്പെട്ടവർ സമരത്തിനെതിരെ നിലപാടെടുത്തത്. എസ്. എഫ്. ഐക്കാർ ഗേറ്റ് തകർത്ത് ഉള്ളിൽ കയറുകയും രണ്ട് വിദ്യാർത്ഥികളെ മർദിച്ചു പരുക്കേൽപിക്കുകയും ചെയ്തു.

പിന്നീട് ചെറുതോണി ടൗണിൽ സി. പി. എം ഏരിയാ കമ്മിറ്റി ഓഫീസിനു സമീപത്തുവച്ച് എസ്. ഐ ഗോപിനാഥന്റെ നേതൃത്വത്തിൽ രണ്ടു വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തു ജീപ്പിൽ കയറ്റി. ഇവരെ കൊണ്ടുപോകാൻ ശ്രമിക്കവേ ഏരിയാ കമ്മിറ്റി അംഗം കെ. ജി സത്യൻ, ലോക്കൽ സെക്രട്ടറി പി. ബി സതീഷ്, പഞ്ചായത്ത് അംഗം പ്രഭ തങ്കച്ചൻ എന്നിവരുടെ നേതൃത്വത്തിൽ വാഹനം തടഞ്ഞ് പ്രതികളെ ബലമായി മോചിപ്പിക്കുകയായിരുന്നു. സംഭവത്തിൽ സിവിൽ പൊലിസ് ഓഫീസർമാരായ ജോൺ സെബാസ്റ്റ്യൻ, അജിത് കുമാർ എന്നിവർക്ക് സാരമായ പരുക്കേറ്റു. തുടർന്നു കൂടുതൽ പൊലിസ് എത്തിയെങ്കിലും സംഘർഷ സാധ്യത കണക്കിലെടുത്ത് വീണ്ടും അറസ്റ്റിനു മുതിർന്നില്ല. എന്നാൽ രണ്ടു ദിവസത്തിനുശേഷം പൊലിസിനെതിരെ നടത്തിയ പ്രതിഷേധയോഗത്തിലാണ് മണിയും വർഗീസും പൊലിസുകാരെ ആക്ഷേപിച്ചും ഭീഷണിപ്പെടുത്തിയും വിവാദപ്രസംഗങ്ങൾ നടത്തിയത്.

മണക്കാട്ടെ വിവാദമായ വൺ ... ടൂ.... ത്രീ .... പ്രസംഗത്തിലൂടെ കൊലപാതക കേസുകളിൽ എം. എം മണി പ്രതിയായി. ചെമ്മണ്ണാറിലെ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന അഞ്ചേരി ബേബിയെ കൊലപ്പെടുത്തിയ സംഭവത്തിൽ മണിക്കെതിരെ പുനരന്വേഷണത്തിൽ കേസെടുക്കുകയും മണിയെക്കൂടി പ്രതിയാക്കി കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരിക്കുകയാണ്. ഇതിനിടെയാണ് മോശമായ പദപ്രയോഗങ്ങളുമായി മണി തകർത്തടിച്ചു പ്രസംഗിച്ചത്. തന്തക്കു പിറക്കാത്ത പണിയാണ് എസ്. ഐ ഗോപിനാഥൻ ചെയ്യുന്നതെന്നും തെണ്ടിത്തരം കാണിക്കുകയാണെന്നും ഇവരെ കൈകാര്യം ചെയ്യാൻ തങ്ങൾക്കറിയാമെന്നും മണി പ്രസംഗത്തിൽ പറഞ്ഞു.

എസ്. ഐക്കു പറ്റിയ വായി നോക്കി പൊലിസുകാരാണ് ചുറ്റും നിൽക്കുന്നതെന്നും മണി പറഞ്ഞു. ക്ലാസ് മുറിയുടെ കതകടച്ചു പഠിപ്പിക്കുകയാണെന്നു പറയുന്ന വനിതയായ പോളി ടെക്‌നിക് പ്രിൻസിപ്പലിന് ഒരു മാതിരി സൂക്കേടാണ്. കതകടച്ച് അതിനകത്ത് വേറെ പരിപാടിയാ. ഗോപിനാഥനെ ഞങ്ങൾ മര്യാദ പഠിപ്പിക്കും ..... ഇങ്ങനെ പോകുന്ന മണിയുടെ പ്രസംഗത്തിലുടനീളം മോശമായ പദപ്രയോഗങ്ങളായിരുന്നു. മുമ്പ് രണ്ടു തവണ നിയമസഭയിലേക്കു മത്സരിച്ച സി. വി വർഗീസും ഒട്ടും കുറച്ചില്ല. ഭാര്യയും മക്കളുമുള്ള പൊലിസുകാർ ആരും രാത്രിയിൽ എസ്. ഐക്കൊപ്പം പട്രോളിംഗിന് പോകരുതെന്നും എസ്. ഐയെ കായികമായി കൈകാര്യം ചെയ്യുമെന്നും വർഗീസ് ഭീഷണി മുഴക്കി.

സംഭവത്തിൽ സി. ഐ സി. പി റെജി ശക്തമായ നടപടികളുമായി മുമ്പോട്ടുപോകാൻ ശ്രമിച്ചെങ്കിലും ജില്ലാ പൊലിസ് മേധാവി കെ. വി ജോസഫ് ഇടപെട്ട് തടയുകയായിരുന്നു. വിദ്യാർത്ഥികളെ ആക്രമിച്ചവരെയും പൊലിസുകാരെ ആക്രമിച്ചു പ്രതികളെ മോചിപ്പിച്ചവരെയും അറസ്റ്റ് ചെയ്യണ്ട എന്ന് എസ്. പി നിർദ്ദേശം നൽകിയതോടെ പൊലിസുകാരുടെ ആത്മവീര്യം ചോർന്നു. വരുന്ന തെരഞ്ഞെടുപ്പിൽ എൽ. ഡി. എഫ് ഭരണത്തിൽ വരുമെന്നും അതിനാൽ മൃദുസമീപനം മതിയെന്നുമാണ് എസ്. പിയുടെ നയം. വിവാദ പ്രസംഗം നടത്തി പൊലിസുകാരെ ഭീഷണിപ്പെടുത്തിയതിനും വനിതാ പ്രിൻസിപ്പലിനെ അപമാനിച്ചതിനും മണിക്കും വർഗീസിനുമെതിരെ കേസെടുക്കാമെന്നാണ് പൊലിസ് പറയുന്നത്. എന്നാൽ ഇതിനും എസ്. പി തടയിട്ടതോടെ, നാണം കെട്ടു വഴിയിലിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് തങ്ങളെന്നു പൊലിസ് പറയുന്നു. മണിയുടെയും വർഗീസിന്റെയും പ്രസംഗം ഗുണ്ടാ ശൈലിയിൽ ആയിപ്പോയെന്നും ഇത് ജനങ്ങളിൽ തെറ്റായ സന്ദേശം പകരുമെന്നുമാണ് പൊലീസ് പറയുന്നത്.

കെ. ജി സത്യനും പി. ബി സതീഷും വാഴത്തോപ്പ് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ഷേർളി ജോസിനെ ഓഫീസിൽ കയറി ആക്രമിച്ചതിന് ഒന്നര കൊല്ലത്തെ തടവിന് ശിക്ഷിക്കപ്പെട്ടവരും ഇപ്പോൾ അപ്പീൽ ജാമ്യത്തിൽ കഴിയുന്നവരുമാണ്. പ്രതികൾ മൂവർക്കുമെതിരെ ജാമ്യമില്ലാ വകുപ്പു ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെങ്കിലും അവർ ഒളിവിലാണ് എന്നാണ് പൊലിസ് മേലധികാരികൾ പറയുന്നത്. മണിയുടെ പ്രസംഗവും പൊലിസ് സേനയിലെ അതൃപ്തിയും എസ്. പിയുടെ രാഷ്ട്രീയ വിധേയത്വവും ഇടുക്കി ജില്ലാ ആസ്ഥാനത്ത് ചൂടൻ ചർച്ചയാണ്. പൊലിസുകാരെ സംരക്ഷിക്കാൻ ഡി. ജി. പി സെൻകുമാർ പ്രശ്‌നത്തിൽ ഇടപെടുമെന്നാണ് പൊലിസുകാർ ശുഭപ്രതീക്ഷയോടെ പറയുന്നത്. ഇതേസമയം ഒളിവിലാണെന്നു പൊലിസ് പറയുന്ന നേതാക്കൾ വീടുകളിൽ വിശ്രമത്തിലാണെന്നു നാട്ടുകാർ വ്യക്തമാക്കി.