ഇടുക്കി: ചെറുതോണിയിൽ അസഭ്യവർഷവുമായി സി. പി. എം സംസ്ഥാന കമ്മിറ്റി അംഗം എം. എം മണി നടത്തിയ വിവാദപ്രസംഗം അദ്ദേഹത്തെ വീണ്ടും നിയമക്കുരുക്കിലാക്കി. മണിയടക്കം നാലു നേതാക്കൾക്കും കണ്ടാലറിയാവുന്ന 300-ഓളം പേർക്കുമെതിരെ ഇടുക്കി പൊലിസ് കേസെടുത്തു. അതിനിടെ, ചെറുതോണിയിലെ വിവാദ പ്രസംഗത്തിൽ എം.എം. മണി ഖേദം പ്രകടിപ്പിച്ചു. അദ്ധ്യാപികയ്‌ക്കെതിരെയുള്ള പ്രസംഗം അതിരുകടന്നു പോയി. വ്യക്തിപരമായി അധിക്ഷേപിക്കണമെന്ന് കരുതിയില്ല. കേസ് നിയമപരമായി നേരിടുമെന്നും മണി പറഞ്ഞു.

അശ്ലീല പദപ്രയോഗങ്ങളും തെറിവിളിയുമായി എം. എം മണി നടത്തിയ പ്രസംഗം വീഡിയോ സഹിതം മറുനാടൻ മലയാളിയാണ് റിപ്പോർട്ട് ചെയ്തത്. ഇതേതുടർന്നാണ് കേസെടുത്തിരിക്കുന്നത്. പ്രസംഗത്തിൽ സ്ത്രീത്വത്തെ അവഹേളിക്കുംവിധം പൈനാവ് പോളി ടെക്‌നിക് പ്രിൻസിപ്പലിനെതിരെ നടത്തിയ പരാമർശത്തിനു കേസെടുത്തിട്ടില്ലെങ്കിലും ഇക്കാര്യം പ്രത്യേക പരാതിയായാൽ അതിനുള്ള വകുപ്പും കൂട്ടിച്ചേർക്കുമെന്ന് പൊലിസ് അറിയിച്ചു. മണിയെ കൂടാതെ പാർട്ടി ജില്ലാ കമ്മിറ്റി അംഗം സി. വി വർഗീസ്, ഏരിയാ കമ്മിറ്റി സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ, ഇടുക്കി എം. പി ജോയ്‌സ് ജോർജിന്റെ പി. എയും ദേശാഭിമാനി ലേഖകനുമായ സജി തടത്തിൽ എന്നീ നേതാക്കൾ കേസിൽ പ്രതികളാണ്.

മണിയുടെ പ്രസംഗത്തിലെ ഭീഷണിപ്പെടുത്തൽ, അസഭ്യവർഷം, ഹൈക്കോടതി ഉത്തരവ് ലംഘിച്ച് യോഗം നടത്തൽ, ഗതാഗത തടസമുണ്ടാക്കൽ, മുൻകൂർ അനുമതിയില്ലാതെ പ്രകടനം നടത്തൽ തുടങ്ങി നിരവധി വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പൊലിസ് കസ്റ്റഡിയിലെടുത്ത പ്രതികളെ ബലമായി ജീപ്പിൽനിന്നും മോചിപ്പിച്ചതിനും പൊലിസുകാരെ അക്രമിച്ചതിനും കൃത്യനിർവഹണം തടസപ്പെടുത്തിയതിനും മറ്റും ഏരിയാ കമ്മിറ്റി അംഗം കെ. ജി സത്യൻ, വാഴത്തോപ്പ് ലോക്കൽ സെക്രട്ടറി പി. ബി സതീഷ്, പഞ്ചാത്തംഗം പ്രഭാ തങ്കച്ചൻ എന്നിവരടക്കമുള്ളവർക്കെതിരെ കേസുണ്ട്. ഇവർ ഒളിവിലാണ്.

ജെ. എൻ. യു സമരത്തിന്റെ ഭാഗമായി പൈനാവിൽ എസ്. എഫ്. ഐ നടത്തിയ പഠിപ്പുമുടക്കാണ് അക്രമത്തിനും പിന്നീട് അനിഷ്ടസംഭവങ്ങൾക്കും വഴിയൊരുക്കിയത്. പൊലിസിനെതിരെ എം. എം മണിയും സി. വി വർഗീസും നടത്തിയ കൊലവിളി പ്രസംഗം പാർട്ടിക്കു മോശം പ്രതിച്ഛായ ഉണ്ടാക്കിയെന്ന വിലയിരുത്തലാണ് സി. പി. എം നേതാക്കൾക്കിടയിലുള്ളത്. പഠിപ്പുമുടക്കി സമരം നടത്തിയ പൈനാവ് എൻജിനീയറിങ് കോളജ് വിദ്യാർത്ഥികൾ പൊളി ടെക്‌നിക്കിലെത്തിയെങ്കിലും രാഷ്ട്രീയമില്ലാത്ത പോളിയിലെ ഗേറ്റ് അടച്ചിട്ടാണ് ബന്ധപ്പെട്ടവർ സമരത്തിനെതിരെ നിലപാടെടുത്തത്. എസ്. എഫ്. ഐക്കാർ ഗേറ്റ് തകർത്ത് ഉള്ളിൽ കയറുകയും രണ്ട് വിദ്യാർത്ഥികളെ മർദിച്ചു പരുക്കേൽപിക്കുകയും ചെയ്തു.

പിന്നീട് ചെറുതോണി ടൗണിൽ സി. പി. എം ഏരിയാ കമ്മിറ്റി ഓഫീസിനു സമീപത്തുവച്ച് എസ്. ഐ ഗോപിനാഥന്റെ നേതൃത്വത്തിൽ രണ്ടു വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തു ജീപ്പിൽ കയറ്റി. ഇവരെ കൊണ്ടുപോകാൻ ശ്രമിക്കവേ ഏരിയാ കമ്മിറ്റി അംഗം കെ. ജി സത്യൻ, ലോക്കൽ സെക്രട്ടറി പി. ബി സതീഷ്, പഞ്ചായത്ത് അംഗം പ്രഭ തങ്കച്ചൻ എന്നിവരുടെ നേതൃത്വത്തിൽ വാഹനം തടഞ്ഞ് പ്രതികളെ ബലമായി മോചിപ്പിക്കുകയായിരുന്നു. സംഭവത്തിൽ സിവിൽ പൊലിസ് ഓഫീസർമാരായ ജോൺ സെബാസ്റ്റ്യൻ, അജിത് കുമാർ എന്നിവർക്ക് സാരമായ പരുക്കേറ്റു. തുടർന്നു കൂടുതൽ പൊലിസ് എത്തിയെങ്കിലും സംഘർഷ സാധ്യത കണക്കിലെടുത്ത് വീണ്ടും അറസ്റ്റിനു മുതിർന്നില്ല. എന്നാൽ രണ്ടു ദിവസത്തിനുശേഷം പൊലിസിനെതിരെ നടത്തിയ പ്രതിഷേധയോഗത്തിലാണ് മണിയും വർഗീസും പൊലിസുകാരെ ആക്ഷേപിച്ചും ഭീഷണിപ്പെടുത്തിയും വിവാദപ്രസംഗങ്ങൾ നടത്തിയത്.

മോശമായ പദപ്രയോഗങ്ങളുമായി മണി തകർത്തടിച്ചു പ്രസംഗിക്കുകയായിരുന്നു്. തന്തക്കു പിറക്കാത്ത പണിയാണ് എസ്. ഐ ഗോപിനാഥൻ ചെയ്യുന്നതെന്നും തെണ്ടിത്തരം കാണിക്കുകയാണെന്നും ഇവരെ കൈകാര്യം ചെയ്യാൻ തങ്ങൾക്കറിയാമെന്നും മണി പ്രസംഗത്തിൽ പറഞ്ഞു. എസ്. ഐക്കു പറ്റിയ വായി നോക്കി പൊലിസുകാരാണ് ചുറ്റും നിൽക്കുന്നതെന്നും മണി പറഞ്ഞു. ക്ലാസ് മുറിയുടെ കതകടച്ചു പഠിപ്പിക്കുകയാണെന്നു പറയുന്ന വനിതയായ പോളി ടെക്‌നിക് പ്രിൻസിപ്പലിന് ഒരു മാതിരി സൂക്കേടാണ്. കതകടച്ച് അതിനകത്ത് വേറെ പരിപാടിയാ. ഗോപിനാഥനെ ഞങ്ങൾ മര്യാദ പഠിപ്പിക്കും ..... ഇങ്ങനെ പോകുന്ന മണിയുടെ പ്രസംഗത്തിലുടനീളം മോശമായ പദപ്രയോഗങ്ങളായിരുന്നു. മുമ്പ് രണ്ടു തവണ നിയമസഭയിലേക്കു മത്സരിച്ച സി. വി വർഗീസും ഒട്ടും കുറച്ചില്ല. ഭാര്യയും മക്കളുമുള്ള പൊലിസുകാർ ആരും രാത്രിയിൽ എസ്. ഐക്കൊപ്പം പട്രോളിംഗിന് പോകരുതെന്നും എസ്. ഐയെ കായികമായി കൈകാര്യം ചെയ്യുമെന്നും വർഗീസ് ഭീഷണി മുഴക്കി.

സംഭവത്തിൽ സി. ഐ സി. പി റെജി ശക്തമായ നടപടികളുമായി മുമ്പോട്ടുപോകാൻ ശ്രമിച്ചെങ്കിലും ജില്ലാ പൊലിസ് മേധാവി കെ. വി ജോസഫ് ഇടപെട്ട് തടയുകയായിരുന്നു.ഇത് പൊലീസിലും അമർഷമുണ്ടാക്കി. ഇതിനിടെയാണ് മറുനാടൻ വിഡിയോ സഹിതം വാർത്ത നൽകിയത്. ഇതോടെ പൊലീസിന് കേസ് എടുക്കേണ്ട അവസ്ഥയും വന്നു.