- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നും രണ്ടും മൂന്നും.. പറഞ്ഞ് ബിബിസിയിൽ പോലും വാർത്താതാരം; ഹൈറേഞ്ചിൽ പഠിക്കാനെത്തി പിന്നീട് കർഷക തൊഴിലാളിയായി സിപിഎമ്മിലേക്ക്; നാട്ടുകാരോ വി എസ്സോ എന്ന ചോദ്യം വന്നപ്പോൾ വി എസ്സിനെ കൈവിട്ടു; ഇടുക്കിയുടെ സ്വന്തം മണിയാശാനെ തേടി മന്ത്രിപദം എത്തുന്നത് അരനൂറ്റാണ്ടിന്റെ രാഷ്ട്രീയ ജീവിതത്തിന് അംഗീകാരമായി
തിരുവനന്തപുരം: കൊലപാതക രാഷ്ട്രീയ വിഷയത്തിൽ വൺ ടു ത്രീ എന്ന വിവാദ പ്രസംഗത്തിലൂടെ ബിബിസി വാർത്തയിൽ വരെ ഇടംപിടിച്ച ഇടുക്കിക്കാരുടെ മണിയാശാൻ പിണറായി മന്ത്രിസഭയിൽ അംഗമാകുമ്പോൾ അത് പാർട്ടിയുടെ താഴേത്തട്ടിലുള്ള പ്രവർത്തകർക്കുള്ള അംഗീകാരംകൂടിയാണ്. പിണറായി മന്ത്രിസഭ ആറാംമാസം പുനഃസംഘടിപ്പിക്കുമ്പോഴാണ് ഇ പി ജയരാജൻ രാജിവച്ചുപോയ ഒഴിവിലേക്ക് ഇടുക്കിയിലെ ജനകീയ നേതാവ് എംഎം മണി കടന്നുവരുന്നത്. തോട്ടംതൊഴിലാളികളും കർഷകരും ഉൾപ്പെടെയുള്ള സാധാരണക്കാരുടെ ഇടയിൽ ഏറെ സ്വാധീനമുള്ള നേതാവാണ് മണിയെന്നതു തന്നെയാണ് അദ്ദേഹത്തെ മന്ത്രിസഭയിലേക്ക് പരിഗണിക്കാൻ സിപിഎമ്മിനെ പ്രചോദനം. മാത്രമല്ല, ഹൈറേഞ്ച് മേഖലയിലെ മാറിവരുന്ന രാഷ്ട്രീയ സാഹചര്യത്തിൽ മണിയെപ്പോലെ ഇടുക്കിയിൽ നിന്നുള്ള നേതാവിന് മന്ത്രിസ്ഥാനം നൽകുന്നതിലൂടെ അവിടെ പാർട്ടിയുടെ സ്വാധീനശക്തി കൂട്ടുകയെന്ന ലക്ഷ്യവും ഇപ്പോഴത്തെ നീക്കത്തിനു പിന്നിലുണ്ടെന്നാണ് സൂചന. നിലവിൽ സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ചീഫ് വിപ്പുമായിരുന്നു എംഎം മണി. ദീർഘകാലം ഇടുക്കി ജില്ലാ സെക്രട്ട
തിരുവനന്തപുരം: കൊലപാതക രാഷ്ട്രീയ വിഷയത്തിൽ വൺ ടു ത്രീ എന്ന വിവാദ പ്രസംഗത്തിലൂടെ ബിബിസി വാർത്തയിൽ വരെ ഇടംപിടിച്ച ഇടുക്കിക്കാരുടെ മണിയാശാൻ പിണറായി മന്ത്രിസഭയിൽ അംഗമാകുമ്പോൾ അത് പാർട്ടിയുടെ താഴേത്തട്ടിലുള്ള പ്രവർത്തകർക്കുള്ള അംഗീകാരംകൂടിയാണ്. പിണറായി മന്ത്രിസഭ ആറാംമാസം പുനഃസംഘടിപ്പിക്കുമ്പോഴാണ് ഇ പി ജയരാജൻ രാജിവച്ചുപോയ ഒഴിവിലേക്ക് ഇടുക്കിയിലെ ജനകീയ നേതാവ് എംഎം മണി കടന്നുവരുന്നത്.
തോട്ടംതൊഴിലാളികളും കർഷകരും ഉൾപ്പെടെയുള്ള സാധാരണക്കാരുടെ ഇടയിൽ ഏറെ സ്വാധീനമുള്ള നേതാവാണ് മണിയെന്നതു തന്നെയാണ് അദ്ദേഹത്തെ മന്ത്രിസഭയിലേക്ക് പരിഗണിക്കാൻ സിപിഎമ്മിനെ പ്രചോദനം. മാത്രമല്ല, ഹൈറേഞ്ച് മേഖലയിലെ മാറിവരുന്ന രാഷ്ട്രീയ സാഹചര്യത്തിൽ മണിയെപ്പോലെ ഇടുക്കിയിൽ നിന്നുള്ള നേതാവിന് മന്ത്രിസ്ഥാനം നൽകുന്നതിലൂടെ അവിടെ പാർട്ടിയുടെ സ്വാധീനശക്തി കൂട്ടുകയെന്ന ലക്ഷ്യവും ഇപ്പോഴത്തെ നീക്കത്തിനു പിന്നിലുണ്ടെന്നാണ് സൂചന.
നിലവിൽ സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ചീഫ് വിപ്പുമായിരുന്നു എംഎം മണി. ദീർഘകാലം ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന മുണ്ടയ്ക്കൽ മാധവൻ മണി സിപിഎമ്മിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം കാലം ജില്ലാ സെക്രട്ടറി പദത്തിൽ ഇരുന്ന നേതാവുകൂടിയാണ്.
കോട്ടയം കിടങ്ങൂരിൽ മുണ്ടയ്ക്കൽ മാധവന്റെയും ജാനകിയുടെയും മൂത്തമകനായ മണി സ്‌കൂൾ വിദ്യാർത്ഥിയായിരിക്കെയാണ് ഹൈറേഞ്ചിലെത്തുന്നത്. തോട്ടത്തിൽ കൂലിവേലചെയ്തുവളർന്ന മണി പിന്നീട് കർഷത്തൊഴിലാളി നേതാവായി. ഇടുക്കിയുടെ മണിയാശാനായി പടിപടിയായി വളർന്നതോടെ 1985 മുതൽ എട്ടുതവണ സിപിഐ(എം) ജില്ലാ സെക്രട്ടറിയായി.
രാഷ്ട്രീയ രംഗത്ത് അടിയുറച്ച കമ്യൂണിസ്റ്റായി അരനൂറ്റാണ്ട് പിന്നിടുമ്പോഴാണ് മണിയാശാനെ തേടി മന്ത്രിസ്ഥാനം എത്തുന്നത്. പാർട്ടി ജീവശ്വാസമായി കരുതുന്ന നേതാവാണ് എംഎം മണി. അതുകൊണ്ടുതന്നെ സിപിഎമ്മിനെതിരെ ഉണ്ടാവുന്ന എല്ലാ വിമർശനങ്ങൾക്കെതിരെയും ശക്തമായി തന്നെ പ്രതികരിച്ചു. അതിൽ മുന്നണിബന്ധങ്ങളോ കേസുകളോ വ്യക്തികളെപ്പോലുമോ പരിഗണിക്കാതെ വന്നതോടെ ചിലപ്പോഴൊക്ക പാർട്ടിയിലെ മുതിർന്ന നേതാവ് വി എസ് അച്യുതാനന്ദനെതിരെവരെ അദ്ദേഹത്തിൽ നിന്ന് എതിർപ്പിന്റെ ശബ്ദമുയർന്നു.
ആദ്യകാലങ്ങളിൽ പാർട്ടിയിൽ വി എസ് അച്യുതാനന്ദന്റെ വിശ്വസ്തനായിരുന്നു മണി. പക്ഷേ, മൂന്നാർ കയ്യേറ്റമൊഴിപ്പിക്കൽ കാലം മുതൽ അദ്ദേഹത്തിന്റെ ശത്രുപക്ഷത്തായി മണിയുടെ സ്ഥാനം. ഹൈറേഞ്ചിലെ നേതാവെന്ന നിലയിൽ വിഎസിന്റെ കയ്യേറ്റമൊഴിപ്പിക്കലിനെ പ്രതിരോധിച്ചില്ലെങ്കിൽ ഇടുക്കിയിൽ പാർട്ടിക്ക് നിലനിൽപ്പില്ലെന്ന് വ്യക്തമായതോടെയായിരുന്നു മണി നാട്ടുകാർക്കൊപ്പം നിലയുറപ്പിച്ചത്. ഇതോടെ മണി പിണറായി പക്ഷത്തെത്തിയതോടെ വിഷയം വലിയ ചർച്ചകൾക്കും വഴിവച്ചു.
ഇതിനു പിന്നാലെയാണ് ആർഎംപി നേതാവ് ടിപി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതിനു പിന്നാലെ അദ്ദേഹം നടത്തിയ പ്രസംഗം കേസുകളിലേക്കുവരെ നീങ്ങിയതും ബിബിസി വരെ റിപ്പോർട്ടുചെയ്ത വിവാദമായി വളർന്നതും. 'ശാന്തൻപാറയിൽ പാർട്ടിക്കെതിരെ പ്രവർത്തിച്ചവരെ പട്ടിക തയാറാക്കി കൈകാര്യം ചെയ്തു. ഞങ്ങൾ ഒരു പ്രസ്താവനയിറക്കി. 13 പേർ. വൺ, ടൂ, ത്രീ, ഫോർ... ആദ്യത്തെ മൂന്നുപേരെ ആദ്യം കൊന്നു. വെടിവച്ചാ കൊന്നത്, ഒന്നിനെ. ഒന്നിനെ കുത്തിക്കൊന്നു. ഒന്നിനെ തല്ലിക്കൊന്നു. മനസ്സിലായില്ലേ, ഒന്നാം പേരുകാരനെ ആദ്യം വെടിവച്ച്, രണ്ടാം പേരുകാരനെ തല്ലിക്കൊന്നു, മൂന്നാം പേരുകാരനെ മൂന്നാമത് കുത്തിക്കൊന്നു.'
ടി.പി വധക്കേസിൽ സിപിഐ(എം) ശക്തമായ പ്രതിരോധത്തിലേക്ക് നീങ്ങേണ്ടിവരികയും വലിയ വിമർശനങ്ങൾ പാർട്ടിക്കകത്തുനിന്നുതന്നെ ഉയരുകയും ചെയ്ത വേളയിലായിരുന്നു ഈ വാക്കുകളുമായി മണി എത്തിയത്. എരിതീയിൽ എണ്ണയൊഴിച്ചതുപോലെ ഈ പ്രസംഗത്തിൽ മണി പറഞ്ഞ കൊലപാതകങ്ങളിൽ പാർട്ടിയുടെ പങ്ക് അന്വേഷിച്ച് കണ്ടെത്തണമെന്ന വാദം ഉയരുകയായിരുന്നു. ഇതോടെ വിഷയം ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറി പാർട്ടി നടത്തിയ കൊലപാതകങ്ങൾ വെളിപ്പെടുത്തിയെന്ന് വാർത്തകൾ മാദ്ധ്യമങ്ങളിൽ നിറഞ്ഞു. ബിബിസിയും വിഷയം റിപ്പോർട്ടുചെയ്തു.
സാധാരണക്കാർക്കിടയിൽ പ്രവർത്തിച്ച് രാഷ്ട്രീയ രംഗത്ത് വളർന്നുവന്ന എംഎം മണി തന്റെ 71-ാം വയസ്സിലാണ് മന്ത്രിയാകുന്നത്. 1996ൽ ഉടുമ്പൻചോലയിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും ഇഎം അഗസ്തിയോട് മൂവായിരത്തിൽപ്പരം വോട്ടിന് തോറ്റു. പക്ഷേ, ഇക്കുറി തിരഞ്ഞെടുപ്പിൽ അതേ ഉടുമ്പൻചോല തന്നെ അദ്ദേഹത്തെ തിരഞ്ഞെടുത്തയച്ചു.
വിവാദങ്ങളൊഴിഞ്ഞ് ഇപ്പോൾ ഇടുക്കിക്കാരുടെ മണിയാശാൻ മന്ത്രിയായെത്തുമ്പോൾ രാഷ്ട്രീയ കേരളം കാണേണ്ടിവരിക കാർക്കശ്യക്കാരനായ ഒരു മന്ത്രിയെ തന്നെയായിരിക്കുമെന്നാണ് സൂചനകൾ. ജനക്ഷേമ തൽപരനെന്ന നിലയിലും കൂടെ നിൽക്കുന്നവരെ കൈവിടാത്ത മനസ്സിനുടമയെന്ന നിലയിലും എംഎം മണി നല്ല മന്ത്രിയായിരിക്കുമെന്നും ഇത്രയും വർഷമായി പാവങ്ങൾക്കിടയിൽ പ്രവർത്തിച്ചു വളർന്ന അദ്ദേഹത്തിന് സാധാരണക്കാരുടെ പ്രശ്‌നങ്ങൾ മറ്റാരെക്കാളും നന്നായി മനസ്സിലാകുമെന്നും പ്രഖ്യാപനം വന്നതിനു പിന്നാലെ തന്നെ അഭിപ്രായം ഉയർന്നുകഴിഞ്ഞു. ജനങ്ങളുടെ വിഷമങ്ങളും പ്രശ്‌നങ്ങളും കൃത്യമായി മനസ്സിലാക്കി, അവരിലെരാളായി, തികച്ചും സാധാരണക്കാരനായി ജീവിച്ച മണിയാശാൻ ജനങ്ങളുടെ പ്രിയമന്ത്രിയാകുമെന്നും പലരും വിലയിരുത്തുന്നു.
അതോടൊപ്പം ഇതിലെ രാഷ്ട്രീയവും ചർച്ചയാകുന്നുണ്ട്. അടുത്ത ദിവസങ്ങളിൽ സിപിഐ മന്ത്രിമാർക്കെതിരെ മണി വിമർശനം ഉന്നയിച്ചത് വലിയ ചർച്ചയായി മാറിയിരുന്നു. ഇതോടെ മണിയെ വിമർശിച്ച് ഇടുക്കിയിലെ സിപിഐ നേതാക്കൾ രംഗത്തെത്തുകയും സിപിഐ സംസ്ഥാന നേതൃത്വം പരാതി ഉന്നയിക്കുകയും ചെയ്തിരുന്നു. പക്ഷേ, മണിയെ മന്ത്രിയാക്കുന്നതിലൂടെ അദ്ദേഹത്തിന്റെ ശക്തി കുറച്ചു കാണരുതെന്ന സന്ദേശം സിപിഐക്ക് നൽകുകകൂടിയാണ് സിപിഐ(എം).