കോഴിക്കോട്: കോൺഗ്രസുമായുള്ള തെരഞ്ഞെടുപ്പു ബന്ധം എങ്ങനെയായിരക്കണമെന്നതിനെ ചൊല്ലി കഴിഞ്ഞ കുറക്കോലമായി സംഘർഷ ഭരിതമായിരുന്നു സിപിഎമ്മിന്റെ ഉൾപാർട്ടി രാഷ്ട്രീയം. ബിജെപിയെ അധികാരത്തിൽനിന്ന് പുറത്താക്കാൻ കോൺഗ്രസുമായി തെരഞ്ഞെടുപ്പ് ധാരണ ആവാമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വാദിച്ചപ്പോൾ, കോൺഗ്രസുമായുള്ള തെരഞ്ഞെടുപ്പ് ധാരണ ആത്മഹത്യാപരമാണെന്ന നിലപാടാണ് മുതിർന്ന നേതാവ് പ്രകാശ്കാരാട്ട് അടക്കമുള്ളവർ എടുത്തത്. കേരള ഘടകത്തിന്റെ പിന്തുണയോടെ കാരാട്ടിന്റെ നിലപാടിനൊപ്പിച്ചാണ് അവസാനം സിപിഎമ്മിന്റെ പൊതുനിലപാടും വന്നത്.

എന്നാൽ ഇതിനെയെല്ലാം ഒറ്റയടിക്ക് അട്ടിമറിക്കയാണ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം.മോഹനൻ മാസ്റ്റർ. ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസ്സിന് വോട്ട് ചെയ്യമെന്ന് അദ്ദേഹത്തിന്റെ പ്രസ്താവന സോഷ്യൽ മീഡിയയിലം വൻ വിവാദത്തിന് തിരകൊളുത്തിക്കഴിഞ്ഞു. ബിജെപിയെ ഭരണത്തിൽ നിന്ന് പുറത്താക്കാനുള്ള സന്ദർഭത്തെ ഒറ്റക്കെട്ടായി ഉപയോഗിക്കണമെന്നും ഇതിന് വിശാലമായ യോജിപ്പ് വേണമെന്നും, വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റി കോഴിക്കോട് സ്വപ്ന നഗരിയിൽ സംഘടിപ്പിച്ച ദേശീയ സെമിനാറിന് ആശംസയർപ്പിച്ച് സംസാരിക്കുകവെ മോഹനൻ മാസ്റ്റർ വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനാണ് മോഹനൻ മാസ്റ്റർ. കാരട്ടിനൊപ്പം പിണറായി നിലയുറപ്പിച്ചാണ് കോൺഗ്രസ് സഖ്യത്തിനെതിരെ കാരാട്ട് നിലപാട് എടുത്തത്. ഇതിനൊപ്പമായിരുന്നു മോഹനൻ മാസ്റ്ററും. എന്നാൽ പാർട്ടി കോൺഗ്രസിൽ അംഗീകാരം കിട്ടിയത് യെച്ചൂരിയുടെ ലൈനിനായിരുന്നു. ഇതിനൊപ്പം മോഹനൻ മാസ്റ്ററും എത്തുന്നു. ഫലത്തിൽ കരാട്ടിന്റെ നിലപാടിനെ തള്ളിക്കളയുകയാണ്. അതുകൊണ്ട് തന്നെ പാർട്ടി കോൺഗ്രസിൽ എന്തിനായിരുന്നു അത്തരമൊരു നിലപാട് എന്ന ചോദ്യം സജീവമാക്കുകയാണ് സോഷ്യൽ മീഡിയ.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഎം പരക്കെ മത്സരിക്കില്ല. കേരളം ഉൾപ്പെടെ സിപിഎമ്മിന് കരുത്തുള്ള മണ്ഡലങ്ങളിൽ മത്സരിക്കുമെന്നാണ് മോഹനൻ മാസ്റ്റർ പറയുന്നത്.. പാർട്ടിക്ക് സ്വാധീനം കുറഞ്ഞ മണ്ഡലങ്ങളിൽ വോട്ടുകൾ ഭിന്നിപ്പിക്കുന്ന പണി ചെയ്യല്ല. നയപരമായ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും കോൺഗ്രസിന് വോട്ട് ചെയ്യം. കോൺഗ്രസും ബിജെപിയും തമ്മിൽ ശക്തമായ മത്സരം വന്നാൽ സിപിഎമ്മിന്റെ വോട്ടുകൾ കോൺഗ്രസ്സിന് നൽകും. ഒരു മുൻവിധിയുമില്ലാതെയാണ് കോൺഗ്രസിന് വോട്ട് നൽകുക.

ബിജെപിയെ പരാജയപ്പെടുത്തുക എന്നത് മാത്രമാണ് ലക്ഷ്യം. അഞ്ചു കൊല്ലം കഴിഞ്ഞാൽ അടുത്ത അഞ്ചു കൊല്ലം വരെ കാത്തിരിക്കണം. രാജ്യത്തിന്റെ മുഖ്യശത്രു ഹിന്ദുത്വ ശക്തികളാണ്. അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ബിജെപിക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം. ഭാരതത്തിൽ മതന്യൂനപക്ഷങ്ങൾ സുരക്ഷിതരല്ലന്നെും എന്നാൽ മതരാഷ്ട്രമായി മാറിയ പാക്കിസ്ഥാനിൽ ഇന്ന് മതന്യൂനപക്ഷങ്ങൾ സുരക്ഷിതരാണെന്നും അവർക്ക് ഭയത്തോടുകൂടി ജീവിക്കേണ്ട സാഹചര്യമില്ലന്നെും പി. മോഹനൻ അവകാശപ്പെട്ടു.

ഇന്ത്യയിലെ മുസ്ലിംങ്ങൾ ചേരിതിരിവില്ലാതെ ഒന്നിക്കണമെന്ന് തുടർന്ന് സംസാരിച്ച കോൺഗ്രസ് നേതാവും എംപിയുമായ എം.ഐ. ഷാനവാസ്. ഒന്നായി നിന്നാൽ വെല്ലുവിളിക്കുന്നവർ എത്രയോ ദുർബലരാണെന്നും അദ്ദേഹം പറഞ്ഞു. 2019 ൽ ബിജെപി അധികാരത്തിൽ വന്നാൽ പിന്നെ ഇന്ത്യയിൽ തെരഞ്ഞെടുപ്പുകൾ ഉണ്ടാവില്ല. ഇസ്ലാമിന്റെ ഈമാനുയർത്തിപ്പിടിച്ച് ഒറ്റക്കെട്ടാവണമെന്നും അദ്ദേഹം പറഞ്ഞു . സെമിനാറിന് ആശംസയർപ്പിച്ച് സംസാരിച്ച എം.കെ. രാഘവൻ എംപിയും ബിജെപിക്കെതിരെ മറ്റു കക്ഷികൾ ഒന്നിക്കണമെന്ന് ആവശ്യപ്പെട്ടു.

അതേസമയം മോഹനൻ മാസ്റ്ററുടെ പ്രസ്താവനക്കെതിരെ സോഷ്യൽ മീഡിയയിലടക്കം വലിയ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്.കാര്യങ്ങൾ ഇത്ര ലളിതമാണെങ്കിൽ പിന്നെന്തിനാണ് കാരാട്ടിന്റെയും യെച്ചൂരിയുടെയും നേതൃത്വത്തിൽ പാർട്ടികോൺഗ്രസ് വരെ നീണ്ട സംവാദം ഉണ്ടായതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.മുസ്ലിം സംഘടനകളുടെ സെമിനാറിൽ കൈയടി കിട്ടാനുള്ള അടവാണോ മോഹനൻ മാസ്‌ററുടെതെന്നും വിമർശനം ഉയരുന്നുണ്ട്.

പാക്കിസ്ഥാനിൽ ന്യൂനപക്ഷങ്ങൾ സുരക്ഷിതരാണെന്ന മോഹനൻ മാസ്റ്റുടെ പ്രസ്താവന സത്യത്തോടുള്ള തികഞ്ഞ അവഗണനയാണെന്നും, മതനിന്ദാകുറ്റം ചുമത്തി തലവെട്ടിമാറ്റപ്പെട്ട ആയിരക്കണക്കിന് ന്യൂനപക്ഷങ്ങളുടെ കണക്ക് പുറത്തുവന്നതാണെന്നും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.