കോഴിക്കോട്: കീഴാറ്റൂരിൽ നെൽവയലുകൾ നികത്തി ഹൈവേ നിർമ്മിക്കുന്നതിനെതിരെ 'വയൽക്കിളികൾ' നടത്തുന്ന സമരം ഹൈജാക്ക് ചെയ്യപ്പെട്ടുവെന്ന് പ്രശസ്തസാഹിത്യകാരൻ എം.മുകുന്ദൻ.

കീഴാറ്റൂരിൽ ഇപ്പോൾ പറക്കുന്നത് വയൽക്കിളികളല്ല രാഷ്ട്രീയക്കിളികളെന്ന് എം.മുകുന്ദൻ കോഴിക്കോട്ട് മാധ്യമ പ്രവർത്തകരുമായി സംസാരിക്കവേ അഭിപ്രായപ്പെട്ടു.'കീഴാറ്റുർ സമരം രാഷ്ട്രീയ മുതലെടുപ്പിനായി ഹൈജാക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു. ഇപ്പോൾ ബിജെപി കിളികളാണ് അവിടെ പറക്കുന്നത്.അങ്ങിനെയുള്ളിടത്ത് എങ്ങനെയാണ് പോകാൻ കഴിയുകയെന്നും എം.മുകുന്ദൻ ചോദിച്ചു.

നാടിന്റെ വികസനത്തിന് അടിസ്ഥാന സൗകര്യങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.ഹൈവേകൾ ഇതിൽ പ്രധാനമാണ്.റോഡുകളില്ലാതെ നാം എങ്ങനെ മുന്നോട്ടുപോവും.ഉത്തരേന്ത്യയിൽ പലയിടത്തും പണ്ട് ചളിമണ്ണിലൂടെയാണ് സഞ്ചരിച്ചിരുന്നെതെങ്കിൽ ഇന്ന് അവിടെയാക്കെ വലിയ ഹൈവേകളാണ്.വലിയ നഗരങ്ങളും റോഡുകളുമാണ് നമ്മെ അവിടെ സ്വാഗതം ചെയ്യുന്നത്.ഈ മാറ്റം ഉണ്ടാക്കിയപ്പോൾ ഒരുപാട് പരിസ്ഥിതിക്ക് കോട്ടം തട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നാടിന്റെ വികസനകാര്യത്തിൽ തുറന്ന ചർച്ചയാണ് വേണ്ടത്.കീഴാറ്റൂരിലെ സമരക്കാരെ വിശ്വാസത്തിലെടുക്കാൻ സർക്കാറിന് കഴിയണം.വികസത്തിന്റെ പ്രാധാന്യം അവരെ ബോധ്യപ്പെടുത്താൻ കഴിയണം.ശരിയായ നഷ്ടപരിഹാരവും നൽകണം.പ്രശ്‌നത്തിൽ ആരു ജയിക്കുമെന്ന് കാത്തരിക്കരുത്.ക്രിക്കറ്റ് മൽസരംപോലെ അതിന് ആവേശം പകരാനും പാടില്ല.രാഷ്ട്രീയക്കിളികൾ സമരം ഏറ്റെടുക്കാതിരക്കാനുള്ള ജാഗ്രത സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സുഗതകുമാരി അടക്കമുള്ള സാഹിത്യലോകത്തെ പ്രമുഖർ കീഴാറ്റുർ സമരത്തിന് പിന്തുണ നൽകുമ്പോൾ മുകുന്ദന്റെ നിലപാട് സിപിഎമ്മിനും വലിയ ആശ്വാസമാണ്് നൽകുന്നത്.അതുകൊണ്ടുതന്നെ സൈബർ സഖാക്കൾ ഇക്കാര്യം നന്നായി പ്രചരിപ്പിക്കുന്നുമുണ്ട്.നേരത്തെ സമരത്തിന് അനുകൂലമായി നിലപാട് എടുക്കുകയും എന്നാൽ പിന്നീട് തളിപ്പറമ്പിലെ ഗതാഗതക്കുരുക്ക് ബോധ്യപ്പെട്ടതിനാൽ നിലപാട് മാറ്റുകയും ചെയ്ത പി.സി ജോർജിന്റെ വാക്കുകളും സിപിഎം പ്രചരിപ്പിക്കുന്നുണ്ട്.