സിക്സ്ത് സെൻസ് എന്ന തന്റെ ചിത്രത്തിലൂടെ ഹോളിവുഡിൽ തന്റെതായ സ്ഥാനമുറപ്പിച്ച പ്രതിഭാധനനാണ് മനോജ് നൈറ്റ് ശ്യാമളൻ എന്ന മലയാളി സംവിധായകൻ. തന്റെ പുതിയ ചിത്രമായ സ്പ്ലിറ്റിലൂടെ അദ്ദേഹം വീണ്ടും ഹോളിവുഡിൽ അതിശയങ്ങൾ തീർക്കാനെത്തുകയാണ്. ഉടൻ റിലീസിംഗിന് തയ്യാറെടുക്കുന്ന ചിത്രത്തിന് ഹോളിവുഡ് സർക്കിളിൽ വൻ പ്രതികരണമാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. 24 വ്യത്യസ്തമായ വ്യക്തിത്വങ്ങളുള്ള ഒരാളാണിതിലെ കേന്ദ്ര കഥാപാത്രം ജെയിംസ് മാക്അവോയ് ആണിത് കൈകാര്യം ചെയ്യുന്നത്. ഈ ചിത്രത്തിന് റിലീസിന് മുമ്പ് തന്നെ നല്ല റിവ്യൂകൾ ലഭിക്കുന്നുവെന്നതല്ല ഇതിലെ യഥാർത്ഥ ട്വിസ്റ്റ്.

ഇതിലെ മാക്അവോയുടെ കഥാപാത്രം മൂന്ന് കൗമാരക്കാരികളെ തട്ടിക്കൊണ്ട് പോകുന്നുണ്ട്. തുടർന്ന് ബീസ്റ്റ് എന്ന ഭീകരമായ മൃഗം വരുമെന്ന് പറഞ്ഞ് അദ്ദേഹം അവരെ ഭയപ്പെടുത്തുകയും ചെയ്യുന്നുണ്ട്.സിക്സ്ത് സെൻസസിന് ശേഷം മനോജിന്റെ ശ്രദ്ധേയമായ ചിത്രമെന്ന നിലയിൽ ആരാധകർ ഇതിനെ നെഞ്ചോട് ചേർക്കുമെന്നാണ് ഹോളിവുഡ് റിപ്പോർട്ടർ എഴുതിയിരിക്കുന്നത്.കഴിഞ്ഞ ഒരു ദശാബ്ദങ്ങളായി വിമർശനത്തിനും അവഹേളനങ്ങൾക്കും വിധേയനായിക്കൊണ്ടിരിക്കുന്ന ഒരു സംവിധായകന്റെ തിരിച്ച് വരവായും ഹോളിവുഡ് മാദ്ധ്യമങ്ങൾ സ്പ്ലിറ്റിനെ വിലയിരുത്തുന്നുണ്ട്.

സ്പ്ലിറ്റിലൂടെ മനോജ് പ്രേക്ഷകരോടുള്ള തന്റെ വാഗ്ദാനം പാലിച്ചുവെന്നാണ് സ്‌ക്രീൻ ക്രഷ് വിലയിരുത്തുന്നത്. ഇത് ചിന്തിപ്പിക്കുന്നതും ചിന്തയെ ഉണർത്തുന്നതുമായ ത്രില്ലറാണെന്നും അവലോകനമുണ്ട്.ചുരുങ്ങിയ ചെലവിൽ ബ്ലംഹൗസ് സ്റ്റുഡിയോവിലൂടെ മനോജിന് നല്ലൊരു ചിത്രമൊരുക്കാൻ സാധിച്ചെന്ന് പലരും സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിട്ടുണ്ട്. മാക് അവോയുടെ ചിത്രത്തിലെ വേറിട്ട പ്രകടനത്തെ പ്രശംസിച്ച് പ്രാദേശിക ടെക്സാസ് റേഡിയോ രംഗത്തെത്തിയിരുന്നു. നഷ്ടപ്പെട്ടതെല്ലാം മനോജ് ഇതിലൂടെ തിരിച്ച് പിടിക്കാൻ പോവുകയാണെന്നും റേഡിയോ വ്യക്തമാക്കുന്നു.തന്റെ ഏറ്റവും പുതിയ ടിവി ഷോ ആയ വേവാർഡ് പൈൻസിലൂടെ തിരിച്ച് വരവിന്റെ പാതയിലെത്തിയ മനോജിന് സ്പ്ലിറ്റ് വീണ്ടും വഴിത്തിരിവാകുമെന്ന പ്രതീക്ഷ ശക്തമാവുകയാണ്.

മനോജ് നെല്ലിയാട്ടു ശ്യാമളൻ എന്ന പേരാണ് പിന്നീട് മനോജ് നൈറ്റ് ശ്യാമളനായത്. നെല്ലിയാട്ട് അദ്ദേഹത്തിന്റെ കുടുംബപ്പേരാണ്.1970 ഓഗസ്റ്റ് ആറിന് മാഹിയിലാണ് അദ്ദേഹം ജനിച്ചത്.സംവിധായകനെന്നതിന് പുറമെ തിരക്കഥാകൃത്തുമാണ് ശ്യാമളൻ. ഈ സംവിധായകന്റെ ദ് സിക്സ്ത് സെൻസ് എന്ന ചിത്രത്തിനു സംവിധായകന്റേതുൾപ്പടെ ആറ് അക്കാഡമി അവാർഡ്(ഓസ്‌കർ) നാമനിർദ്ദേശങ്ങൾ ലഭിച്ചിരുന്നു.രണ്ടു തവണ അക്കാദമി അവാർഡിനു വേണ്ടി നാമനിർദ്ദേശം ചെയ്യപ്പെടുകയുമുണ്ടായി. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി വിഷയങ്ങൾ സംഭ്രജനകമായി അതേ സമയം മൗലികമായി സിനിമയിൽ ഉപയോഗിച്ച് അനുഭവിപ്പിക്കുന്ന അതുല്യ ചലച്ചിത്ര പ്രതിഭയാണ് മനോജ്. 1992ൽ പുറത്തിറങ്ങിയ പ്രേയിങ് വിത്ത് ആംഗർ ആണ് പ്രഥമ ചിത്രം. ന്യൂ യോർക്ക് യൂണിവേഴ്സിറ്റിയിൽ പഠിക്കുമ്പോഴായിരുന്നു ഈ ചിത്രം പുറത്തിറക്കിയത്. 1996ലെ വൈഡ് എവേക്ക് ആണ് രണ്ടാമത്തെ സംരംഭം.