കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇടനിലക്കാരൻ ഷാജ് കിരണുമായി ഫോണിൽ പലവട്ടം സംസാരിച്ചതിനെ തുടർന്ന് സ്ഥാനം നഷ്ടമായ എം ആർ അജിത് കുമാറിന് പുതിയ ചുമതല. വിജിലൻസ് മേധാവി ആയിരുന്ന അജിത് കുമാറിന് സിവിൽ റൈറ്റ്സ് പ്രൊട്ടക്ഷൻ എഡിജിപിയായാണ് നിയമനം.

പൗരാവകാശ സംരക്ഷണത്തിനായി എഡിജിപിയുടെ എക്‌സ് കേഡർ തസ്തിക പുതുതായി സൃഷ്ടിച്ചാണ് നിയമനം. പൊലീസ് ആസ്ഥാനത്തെ എഡിജിപിയുടേതിനു തുല്യമായ അധികാരമായിരിക്കും ഈ തസ്തികയ്ക്ക്. ഒരു വർഷത്തേക്കാണ് തസ്തിക സൃഷ്ടിച്ചിരിക്കുന്നത്.
ഐജി: എച്ച്.വെങ്കിടേശിനാണ് വിജിലൻസ് ഡയറക്ടറുടെ ചുമതല നൽകിയത്. സംസ്ഥാന പൊലീസ് മേധാവിയും ഇന്റലിജൻസ് മേധാവിയും അറിയാതെയാണ് സരിത്തിന്റെ ഫോൺ വിജിലൻസ് പിടിച്ചെടുത്തത്. ഇക്കാര്യത്തിലുള്ള അതൃപ്തി ഡിജിപി വിജിലൻസ് മേധാവിയെ അറിയിച്ചിരുന്നു.

ആറു മാസമായി അന്വേഷണം നിലച്ച ലൈഫ് മിഷൻ കേസിൽ സരിത്തിന്റെ ഫോൺ മാത്രം പിടിച്ചെടുത്തതാണ് വിവാദമായത്. തിരുവനന്തപുരം വിജിലൻസ് യൂണിറ്റ് അന്വേഷിക്കുന്ന കേസിൽ പാലക്കാട്ടെ വിജിലൻസ് സംഘത്തെ ഫോൺ പിടിച്ചെടുക്കാൻ ആരു നിയോഗിച്ചെന്ന ചോദ്യവും ഉയർന്നു. നോട്ടീസ് നൽകാതെയാണ് സരിത്തിന്റെ താമസസ്ഥലത്തുനിന്ന് ബലംപ്രയോഗിച്ച് കൊണ്ടുപോയത്.

സ്വപ്ന സുരേഷ് ആരോപണം ഉന്നയിച്ചതിനെ തുടർന്ന് എം ആർ അജിത് കുമാറിനെ ചുമതലയിൽ നിന്നും മാറ്റുകയായിരുന്നു. അജിത് കുമാറിനെ മാറ്റാൻ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു നിർദ്ദേശം നൽകിയത്. വിജിലൻസ് മേധാവി എം ആർ അജിത് കുമാർ, ലോ ആൻഡ് ഓർഡർ എഡിജിപി എന്നിവരുമായി ഷാജ് കിരൺ നിരന്തരം സംസാരിച്ചെന്നായിരുന്നു സ്വപ്ന സുരേഷിന്റെ ആരോപണം. ആരോപണങ്ങൾ ഉയർന്നതുകൊണ്ടാണ് വിജിലൻസ് മേധാവിയെ മാറ്റിയതെന്ന് കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. എന്നാൽ, അജിത് കുമാറിനെ ബലിയാടാക്കിയെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം.

സ്വപ്നയുടെ വെളിപ്പെടുത്തലിലും ഷാജ് കിരണിന്റെ രംഗപ്രവേശത്തിലും ഒന്നുമില്ലെന്ന് പറഞ്ഞ് സിപിഎം നേതാക്കൾ തള്ളിപ്പറയുന്നതിനിടെയാണ് നാടകീയമായി വിജിലൻസ് മേധാവി എം ആർ അജിത് കുമാറിനെ മാറ്റിയത്. പുതിയ തസ്തിക പോലും നൽകാതെ മുഖ്യമന്ത്രി ഇടപെട്ടായിരുന്നു മാറ്റം. അജിത് കുമാറും ഷാജ് കിരണും തമ്മിൽ സംസാരിച്ചതായി സർക്കാറിന് തന്നെ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. പക്ഷെ സ്ഥലംമാറ്റ ഉത്തരവിൽ കാരണം പറഞ്ഞിരുന്നില്ല.