കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അധികാരമേൽക്കുമ്പോൾ, അദ്ധേഹത്തിന്റെ വലംകൈ ആയി പ്രവർത്തിക്കേണ്ട പ്രൈവറ്റ് സെക്രട്ടറി ആയി ശ്രീ. എം. ശിവശങ്കർ ഐ എ എസ് നിയമിതനാകുന്നു. കേരള കേഡർ ഐ എ എസ് ഓഫീസർമാരിൽ, സ്വന്തം പ്രവർത്തന മികവ് കൊണ്ട് ഏറ്റവും മികച്ച പ്രതിഛായ ഉണ്ടാക്കി എടുത്ത ഉദ്യോഗസ്ഥനാണ് ശിവശങ്കർ. റവന്യു വകുപ്പിൽ നേരിട്ട് ഡെപ്യുട്ടി കളക്ടർ ആയി ജോലിയിൽ പ്രവേശിച്ച അദ്ദേഹത്തിന് 1995 ൽ ഐ എ എസ് ലഭിച്ചു.

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ചെയർമാൻ, സ്പോർട്സ്, ഗതാഗതം, പവർ വകുപ്പുകളുടെ ചുമതലയുള്ള ഗവണ്മെന്റ് സെക്രട്ടറി എന്നീ വിവിധ ചുമതലകൾ നിർവഹിച്ചു കൊണ്ടിരിക്കെയാണ് പിണറായി വിജയൻ, തന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ഭരണത്തിന് മികച്ച ഏകോപനവും മികവും നൽകാനുള്ള ചുമതല ഏൽപ്പിക്കാൻ ശ്രീ ശിവശങ്കറിനെ തിരഞ്ഞെടുത്തത്. അടുത്ത അഞ്ചു വർഷം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതല, പരിപൂർണമായും അഴിമതി മുക്തമാക്കി, കുറ്റമറ്റതാക്കി കൊണ്ടു പോകാൻ കഴിവുള്ള, സത്യസന്ധമായും, അത്മാർഥമായും നിഷ്പക്ഷമായും ജോലിചെയ്യാൻ കഴിവുള്ള ഉയർന്ന ഉദ്യോഗസ്ഥനെ കണ്ടെത്താനുള്ള അന്വേഷണം വലിയ ബുദ്ധിമുട്ടില്ലാതെ എത്തിചേർന്നത് ശ്രീ ശിവശങ്കറിലാണ്.

മികച്ച കാര്യപ്രാപ്തിയോടെ ഏറ്റെടുത്ത ചുമതലകൾ മുഴുവൻ മനുഷ്യപക്ഷത്ത് നിന്ന്, സാധാരണക്കാരിൽ ഒരാളായി ജീവിച്ചു കൊണ്ട് നിർവഹിച്ച, ഈ 53 കാരൻ, തിരുവനന്തപുരം സ്വദേശിയാണ്. കേരള ഐടി മിഷൻ, പൊതു വിദ്യാഭ്യാസം, ടൂറിസം ഡയറക്ടർ എന്നീ നിലകളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ശേഷമായിരുന്നു കെ എസ് ഇ ബി ചെയർമാൻ ആയി ചുമതലയെറ്റത്. സംസ്ഥാനം വൈദ്യുതി ഉപയോഗത്തിൽ മുൻപെങ്ങും ഇല്ലാത്ത വിധം, ഉപഭോഗം ഉയർന്നിട്ടും കഴിഞ്ഞ അഞ്ചു വർഷവും മികച്ച ഭരണ നിർവഹണത്തോടെ, ഒരിക്കൽ പോലും കേരളത്തെ പവർ കട്ടിലേക്ക് തള്ളി വിടാതെ കൊണ്ട് പോയത് അദ്ധേഹത്തിന്റെ കഴിവിന്റെ മികച്ച ഉദാഹരണമാണ്.

മുൻ വൈദ്യുതി മന്ത്രി കൂടിയായ ശ്രീ പിണറായി വിജയൻ അദ്ധേഹത്തിന്റെ പ്രവർത്തനങ്ങളെ സസൂക്ഷമം നിരീക്ഷിച്ചിരുന്നു എന്നതിന്റെ തെളിവ് കൂടിയാണ് പുതിയ ഇടതുപക്ഷ സർക്കാരിന്റെ ആദ്യ ഉദ്യോഗസ്ഥ നിയമനം ലഭിക്കാൻ ശ്രീ. ശിവശങ്കറിനെ പ്രാപ്തനാക്കിയത്. തന്റെ ജോലി ഇനിയും സത്യസന്ധമായും, അത്മാർത്ഥമായും തുടരുമെന്ന് യാതൊരു ശങ്കക്കും ഇടമില്ലാതെ ശിവശങ്കർ ഉറപ്പിച്ചു പറയുന്നു. താനെന്നും സാധാരണക്കാരുടെയും, ജനങ്ങളുടെ ക്ഷേമപക്ഷത് നിലയുറപ്പിച്ച വ്യക്തിയാണെന്നും, തന്റെ മനസാക്ഷിയെ വഞ്ചിച്ച് താനൊരിക്കലും പ്രവർത്തിക്കില്ല എന്നും അദ്ദേഹം അടിവരയിടുന്നു.

കേരളം സ്വർണ ലിപികളിൽ എഴുതേണ്ട ഒരു പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്നു അദ്ദേഹം. സംസ്ഥാന ഐടി മിഷൻ ഡയറക്ടർ ആയിരിക്കെ, 1999 -2002 കാലയളവിൽ വിദ്യാഭ്യാസ നിലവാരത്തിൽ കേരളത്തിലെ ഏറ്റവും പിന്നോക്കം നിന്നിരുന്ന മലപ്പുറം ജില്ലയിൽ നടപ്പിലാക്കിയ, സാധാരണക്കാരനിലേക്ക് കമ്പ്യൂട്ടർ പരിജ്ഞാനം എത്തിക്കുക എന്ന ഉദ്ധേശത്തിൽ 'അക്ഷയ' എന്ന പേരിൽ പദ്ധതി ആവിഷകരിച്ച്, ഭംഗിയായി നടപ്പിൽ വരുത്തിയത് ശ്രീ. ശിവശങ്കർ ആയിരുന്നു. പിന്നീട് മലപ്പുറം കളക്ടർ ആയി ചുമതല ഏറ്റ ശേഷം ജില്ലയിലെ വിദ്യാഭ്യാസ, ആരോഗ്യ, ടൂറിസം മേഖലകളുടെ സമഗ്ര വികസനത്തിന് വേണ്ട പരിപാടികൾ തയ്യാറാക്കി, നടപ്പിൽ വരുത്താൻ അദ്ദേഹത്തിന് കഴിഞ്ഞു.

'അക്ഷയ' പദ്ധതി ഒരു സമൂഹത്തെ മുഴുവൻ മാറ്റിമറിക്കുന്നതായിരുന്നു. 15 വർഷങ്ങൾ കഴിയുമ്പോൾ ഇന്ന് വിദ്യാഭ്യാസ രംഗത്ത് കേരളത്തിലെ ഏറ്റവും മുന്നിൽ നിൽക്കുന്ന, ഉന്നത വിദ്യാഭ്യാസ രംഗത്തും, മെഡിക്കൽ - എഞ്ചിനീയറിങ് മേഖലയിൽ സംസ്ഥാനത്തിന് മൊത്തം മാതൃകയായി മലപ്പുറം ജില്ല തിളങ്ങി നിൽക്കുന്നതിന് പിറകിൽ ഈ നിസ്വാർത്ഥ സേവനത്തിന്റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട് എന്ന് തിരിച്ചറിയുന്നവർ വിരളമാണ്.

മലപ്പുറത്ത് നിന്ന് എത്തിയത് കേരളത്തിലെ ഏറ്റവും വലുതും, കുത്തഴിഞ്ഞതും, പ്രശ്‌നങ്ങളും, വിവാദവും ഒരിക്കലും അവസനിക്കാത്തതുമായ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഡയറക്ടർ ആയാണ്. അവിടെയും സ്വന്തം വ്യക്തി മുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അദ്ധ്യാപക പാക്കേജ്, സിലബസ് പരിഷ്‌കരണം, പരീക്ഷ നടത്തിപ്പ് കുറ്റമറ്റതാക്കൽ, യുവജനോത്സവ മാനുവൽ പരിഷ്‌കരണം തുടങ്ങി നിരവധി പദ്ധതികൾ വലിയ ആക്ഷേപങ്ങൾക്ക് ഇടകൊടുക്കാതെ അദ്ദേഹം നടത്തിയെടുത്തു. കഴിഞ്ഞ ഇടതു പക്ഷ സർക്കാരിന് വിദ്യാഭ്യാസ വകുപ്പിൽ മന്ത്രി ശ്രീ. എം എ ബേബിക്ക് ഏറ്റവും മുതൽ കൂട്ടായിരുന്നു ഈ വകുപ്പ് മേധാവി.

ടൂറിസം ഡയറക്ടർ ആയി ശിവശങ്കറിന്റെ സേവനം വിട്ടു കിട്ടാൻ അന്നത്തെ ടൂറിസം മന്ത്രിയും, ഇപ്പോഴത്തെ, സിപിഐ(എം). പാർട്ടി സെക്രട്ടറിയായ ശ്രീ കോടിയേരി ബാലകൃഷ്ണൻ പല തവണ ശ്രമിച്ചപ്പോഴൊന്നും അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ. എം എ ബേബി വൈമനസ്യത്തിലായിരുന്നു. പക്ഷെ കേരളത്തിന്റെ ഭാവി വളർച്ചക്ക് ടൂറിസത്തിന്റെ പങ്ക് വലുതാണെന്ന് തിരിച്ചറിഞ്ഞ ശ്രീ കോടിയേരി ബാലകൃഷ്ണൻ, ശിവശങ്കറിനെ തന്റെ കീഴിലുള്ള വകുപ്പിന്റെ ഡയറക്ടർ ആക്കി മാറ്റി. തന്നെ ഏൽപ്പിച്ച ജോലി അവിടെയും അദ്ദേഹം നന്നായി നിർവഹിച്ചു. ഇന്ന് കേരളത്തിലെ ഏറ്റവും വലിയ വ്യവസായമായി ടൂറിസം വളർന്നതിൽ ശിവശങ്കറിനുള്ള വലുത് എന്നും സ്മരിക്കപ്പെടും. 
കേരള ടൂറിസത്തിന് പുതിയ ദിശ നൽകാനുള്ള ''ഉത്തരവാദിത്ത ടൂറിസം പദ്ധതി'' പൊതുജന- സ്വകാര്യ- സർക്കാർ പങ്കാളിത്തത്തിൽ കുമരകത്തും, തേക്കടിയിലും, കോവളത്തും, വയനാടും ആരംഭിക്കുകയും അത് മികച്ച വിജയത്തിലെത്തിക്കുകയും ചെയ്തു. 
കേരളത്തിൽ പ്രവർത്തിക്കുന്ന ടൂർ ഓപ്പറേറ്റർമാർക്ക്, ആദ്യമായി ടൂറിസം വകുപ്പിന്റെ അംഗികാരം നൽകാനുള്ള അക്രഡിറ്റെഷൻ നടപ്പിലാക്കിയതും, ടൂറിസം വിപണനത്തിന് വിവര സാങ്കേതിക വിദ്യയുടെ എല്ലാ സാദ്ധ്യതകളും ഉപയോഗിച്ച്, നിരവധി ദേശിയ - അന്തർദേശിയ അവാർഡുകൾ അടക്കം നേടിയാണ് കേരളത്തിലെ വൈദ്യുതി വകുപ്പിന്റെ അമരക്കാരനാക്കുന്നത്.

സിപിഎമ്മിന്റെ മൂന്നു പോളിറ്റ് ബ്യൂറോ അംഗങ്ങൾക്കൊപ്പം പ്രവർത്തിക്കുന്ന ആദ്യത്തെ ഐ എ എസ് ഓഫീസർ കൂടിയായിരിക്കും ശിവശങ്കർ. അതുകൊണ്ടു തന്നെയായിരിക്കണം ഒരു പാട് പ്രതീക്ഷകളോടെ പുതിയ എൽ ഡി എഫ് സർക്കാർ അധികാരത്തിൽ എത്തുമ്പോൾ അതിന്റെ ഉദ്യോഗസ്ഥ കടിഞ്ഞാൻ ഏൽപ്പിക്കാൻ ശ്രീ ശിവശങ്കറിനെ പ്രാപ്തനാക്കിയത്.

അഴിമതി മുക്തവും, സാധാരണക്കാരുടെ പ്രതീക്ഷകളുടെ ഒപ്പം ക്ഷേമ പ്രവർത്തനങ്ങൾക്കും, സാമൂഹ്യ സുരക്ഷക്കും ഊന്നൽ നൽകി അധികാരത്തിലെത്തുന്ന ശ്രീ. പിണറായി വിജയൻ എന്ന കരുത്തനായ നേതാവിന്, ഭരണാധികാരിക്ക് സ്വന്തം ഭരണ നിർവഹണത്തിൽ , കേരളത്തിൽ കിട്ടാവുന്നതിൽ ഏറ്റവും നല്ല സഹായി ആകും ശ്രീ. ശിവശങ്കർ എന്ന കാര്യത്തിൽ അദ്ധേഹത്തെ അടുത്തറിയുന്നവർക്ക് തെല്ലും സംശയം ഉണ്ടാകില്ല.

(ലേഖകൻ നിരവധി വർഷം തിരുവനന്തപുരത്ത് ന്യൂസ് ഫോട്ടോഗ്രാഫർ എന്ന നിലയിൽ ജോലി ചെയ്ത ശേഷം,  ഇപ്പോൾ ടൂറിസം ഇന്ത്യ മാസികയുടെ എഡിറ്ററും, പബ്ലിഷറുമാണ്. കേരളത്തിലെ ടൂറിസം മാദ്ധ്യമ രംഗത്തെ തുടക്കകാരിൽ ഒരാളാണ്)