പാലക്കാട്: മലബാർ സിമന്റസ് അഴിമതിയുമായി ബന്ധപ്പെട്ട് മുൻ എം.ഡി, എം. സുന്ദരമൂർത്തി കുമ്പസാരം നടത്തി വിശുദ്ധനാകാൻ ശ്രമിച്ചത് എന്തിനെന്ന സംശയം ബലപ്പെടുന്നു. മലബാർ സിമന്റ്‌സിലെ ഇടപാടുകളിൽ കോടികളുടെ അഴിമതി ആരോപണങ്ങൾ ഉയരുകയും നിരവധി വിജിലൻസ് കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുകയും ചെയ്തിട്ടുള്ളതാണ്. ചില കേസുകളിൽ തൃശൂർ വിജിലൻസ് കോടതി മുമ്പാകെ കുറ്റപത്രവും സമർപ്പിക്കപ്പെട്ടു കഴിഞ്ഞു. ഏറ്റവും ഒടുവിലായി മലബാർ സിമന്റ്‌സിൽ മലിനീകരണ നിയന്ത്രണ സംവിധാനം സ്ഥാപിച്ചതിന്റെ ഭാഗമായി സർക്കാരിന് 8.94 കോടിയുടെ നഷ്ടം സംഭവിച്ചതായി ബോധ്യപ്പെട്ടതിനെ തുടർന്ന് ഇക്കഴിഞ്ഞ ജനുവരിയിൽ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിൽ സുന്ദരമൂർത്തി പ്രതിയാണ്.

സിപിഎമ്മിന്റെ സംസ്ഥാന സമിതി അംഗം പി. ഉണ്ണിയും ഈ കേസിന്റെ പ്രഥമവിവരറിപ്പോർട്ടിൽ പ്രതിസ്ഥാനത്തുണ്ട്. സുന്ദരമൂർത്തി എം.ഡിയായിരിക്കെ 2010-11ൽ കമ്പനിയിൽ സ്ഥാപിച്ച മലിനീകരണ നിയന്ത്രണ സംവിധാനത്തിലാണ് ക്രമക്കേട് തെളിഞ്ഞിട്ടുള്ളത്. അക്കാലത്ത് കമ്പനിയുടെ ഡയറക്ടറായിരുന്നു സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറി കൂടിയായ പി. ഉണ്ണി.

സുന്ദരമൂർത്തിയുടെ മൊഴി പ്രകാരം ചെട്ടിനാട് സിമന്റ്്‌സിലെ പ്രധാന കരാറുകാരനായ എ.ടി. ബാവയാണ് സുന്ദരമൂർത്തിയെ മലബാർ സിമന്റ്‌സ് എം.ഡി സ്ഥാനത്തേക്ക് ആദ്യം ശിപാർശ ചെയ്തത്. തുടർന്ന് വിവാദ വ്യവസായി വി. എം. രാധകൃഷ്ണനും മുൻ എം.ഡി എൻ.ആർ. സുബ്രഹ്മണ്യനും കോയമ്പത്തൂരിൽ സുന്ദരമൂർത്തിയെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു. വിശുദ്ധനായിരുന്നെങ്കിൽ വളഞ്ഞ വഴിയേ എം.ഡി സ്ഥാനത്തെത്താൻ സുന്ദരമൂർത്തി ശ്രമിക്കില്ലായിരുന്നു. മാത്രമല്ല ചെട്ടിനാട് സിമന്റ്‌സിൽ ലഭിച്ചിരുന്ന ശമ്പളത്തിന്റെ പകുതി ശമ്പളത്തിനാണ് അദ്ദേഹം മലബാർ സിമന്റ്‌സിലേക്ക് വരുന്നത്. ഇന്റർവ്യൂവിന് പോകാനും തിരുവനന്തപുരത്ത് താമസിക്കാനും എല്ലാം സഹായം ചെയ്തത് രാധാകൃഷ്ണനാണെന്ന് സുന്ദരമൂർത്തിയുടെ മൊഴിയിലുണ്ട്. ഇത്രയധികം സഹായങ്ങൾ ഒരാൾ വെറുതെ ചെയ്യില്ലെന്നും ഇതിന് താൻ അയാളോട് സർവീസിലിരിക്കുന്ന കാലം കടപ്പെടേണ്ടി വരുമെന്നും തിരിച്ചറിയാനുള്ള സാമാന്യബുദ്ധിപോലും സുന്ദരമൂർത്തിക്ക് ഉണ്ടായിരുന്നില്ലെന്ന് കരുതാനാവില്ല.

തുടർന്നുള്ള മൊഴികളിലെല്ലാം രാധാകൃഷ്ണൻ ചെലുത്തിയ സ്വാധീനത്തെപ്പറ്റിയാണ് സുന്ദരമൂർത്തി വിവരിക്കുന്നത്. ഇതെല്ലാം സഹിച്ച് മലബാർ സിമന്റ്‌സിന്റെ എം.ഡി സ്ഥാനത്ത് കടിച്ചുതൂങ്ങിയിരുന്നത് എന്തിനെന്ന് വ്യക്തമല്ല. കാരണം. സുന്ദരമൂർത്തിയുടെ ഭാര്യ ഡോക്ടറാണ്. ഭാര്യാസഹോദരൻ തമിഴ്‌നാട്ടിൽ ഡി.എം.കെ എംപിയുമാണ്. ഈ സ്വാധീനങ്ങളെല്ലാം ഉണ്ടായിരുന്നിട്ടും ഭീഷണിക്കുവഴങ്ങി എല്ലാത്തിനും കൂട്ടുനിൽക്കേണ്ട ഗതികേട് സഹിച്ചുനിന്നത് സംശയത്തിന് ഇടനൽകുന്നുണ്ട്.

കമ്പനിയിൽ നടന്ന മുഴുവൻ ഇടപാടുകളും എന്തിന് എം.ഡി അയയ്ക്കുന്ന കത്തുകളിൽ പോലും രാധാകൃഷ്ണന്റെ സ്വാധീനമുണ്ടായിരുന്നെന്നാണ് സുന്ദരമൂർത്തിയുടെ മൊഴി. അതിന് അന്നത്തെ വ്യവസായ മന്ത്രി എളമരം കരീം പിന്തുണ നൽകിയിരുന്നതായും മൊഴിയിലുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ വിശുദ്ധന്റെ പരിവേഷമുണ്ടായിരുന്നെങ്കിൽ സമ്മർദ്ദങ്ങൾക്ക് വഴങ്ങാൻ കിട്ടില്ലെന്നു പറഞ്ഞ് ജോലി ഉപേക്ഷിച്ചിരുന്നെങ്കിൽ അന്നത് ഇപ്പോഴത്തേക്കാൾ വലിയ വാർത്തയാകുമായിരുന്നു. അന്നൊന്നും തോന്നാതിരുന്ന ചേതോവികാരം ശശീന്ദ്രനും മക്കളും മരണപ്പെട്ട സംഭവത്തിനുശേഷം സിബിഐ കേസെടുത്ത് അന്വേഷണം നടത്തിയപ്പോൾ കുമ്പസാരിച്ചതിനു പിന്നിൽ ആ കേസിൽ നിന്നും ഊരിപോരുകയെന്ന ലക്ഷ്യം മാത്രമാണെന്നത് വ്യക്തമാണ്.

മലബാർ സിമന്റ്‌സ് അഴിമതിക്കേസുകളിൽ മുൻ ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവർ പ്രതികളായിട്ടും കേസിന്റെ തുടർനടപടികൾ എത്രത്തോളം എത്തിയെന്നത് സുന്ദരമൂർത്തിക്കറിയാം. അതുകൊണ്ടുതന്നെ വിജിലൻസ് കേസിൽ പ്രതിയായാലും കുഴപ്പമില്ല സിബിഐ കേസിൽ പ്രതിയാകരുതെന്ന ബുദ്ധിയാണ് സുന്ദരമൂർത്തിയുടെ കുമ്പസാരത്തിനു പിന്നിലെന്ന് സംശയിക്കാതെ തരമില്ല. വിജിലൻസ് ഡിവൈ.എസ്‌പിയായിരുന്ന സെയ്ഫുള്ള സെയ്ദിന്റെ കുറ്റമറ്റ അന്വേഷണമാണ് മലബാർ സിമന്റ്‌സിലെ അഴിമതിക്കഥകൾ കുറച്ചെങ്കിലും പുറത്തെത്തിച്ചത്.

ഇടതുഭരണകാലത്ത് ഈ അന്വേഷണ ഉദ്യോഗസ്ഥനെ മലബാർ സിമന്റ്‌സ് അഴിമതിക്കേസുകളിൽ നിന്നും ഒഴിവാക്കാൻ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി എസ്. അച്യുതാനന്ദൻ അറിയാതെ നടത്തിയ നീക്കങ്ങൾ കുറച്ചൊന്നുമല്ല. സെയ്ഫുള്ള സെയ്ദിനെ പാലക്കാട്ടു നിന്നും സ്ഥലം മാറ്റുകയാണ് ആദ്യം ചെയ്തത്. പിന്നീട് മുഖ്യമന്ത്രി ഇടപെട്ട് മലബാർ സിമന്റ്‌സ് അന്വേഷണങ്ങളിൽ നിലനിർത്തി. ഈ ഉദ്യോഗസ്ഥനെ വേട്ടയാടിതിനു പിന്നിലെ ഇടതുസർക്കാരിന്റെ ചേതോവികാരം ഇപ്പോൾ സുന്ദരമൂർത്തി നൽകിയ മൊഴികൾ വ്യക്തമാണ്.

അന്നത്തെ വ്യവസായ മന്ത്രിയായിരുന്ന എളമരം കരീമിന് കമ്പനിയിലെ അഴിമതിയിൽ ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന മൊഴിയാണ് സുന്ദരമൂർത്തിയുടേത്. അഴിമതിയിൽ പങ്കുകാരനായാലും സുന്ദരമൂർത്തി സത്യംവിളിച്ചുപറഞ്ഞത് തള്ളാനാവില്ല. സ്ഥാപനത്തിന് പുറത്തുള്ള വെറുമൊരു കരാറുകാരന് ഇത്രയധികം സ്വാധീനം കമ്പനിയിൽ ചെലുത്തണമെങ്കിൽ ഉദ്യോഗസ്ഥരുടെ ഒത്താശമാത്രം പോര. ഭരണതലത്തിൽ ലഭിക്കുന്ന പിന്തുണ തന്നെയാണ് അതിന് അടിസ്ഥാനം. എം.ഡിയെ പോലും വരച്ചവരയിൽ നിർത്താൻ മന്ത്രിതല പിന്തുണയുണ്ടായിരുന്നെന്ന് പറയുന്നതിൽ അതിശയോക്തിയില്ല.

മലബാർ സിമന്റ്‌സിലെ കോടികളുടെ തീവെട്ടിക്കൊള്ള ഉദ്യോഗസ്ഥർക്കുമാത്രം നടത്താവുന്നതുമല്ല. ഉന്നതരാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടലുകൾ അതിനുപിന്നിലുണ്ടെന്നത് പരമമായ സത്യമാണ്. വിജിലൻസ് അന്വേഷണം ഫലംകാണാതെ പോകുന്നതും അതിനാലാണ്. ഈ സാഹചര്യത്തിലാണ് മരിച്ച ശശീന്ദ്രന്റെ കുടുംബാംഗങ്ങൾ ആവശ്യപ്പെടുന്നതുപോലെ മലബാർ സിമന്റ്‌സ് അഴിമതിക്കേസുകളും സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തിന് പ്രസക്തിയേറുന്നത്.