തിരുവനന്തപുരം: തൃക്കാക്കരയിൽ വോട്ടുകൾ എണ്ണും മുമ്പ് തന്നെ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിനെതിരെ വലിയ സൈബർ ആക്രമണാണ് ഉണ്ടായത്. പി ടിക്കായി ഭക്ഷണം മാറ്റിവെക്കാറുണ്ടെന്ന പറഞ്ഞതിന്റെ പേരിലായിരുന്നു ക്രൂരമായ വിമർശനം ഉമ നേരിട്ടത്. അതേസമയം ഇത്തരം വിമർശനങ്ങൾ നല്ലതല്ലെന്നാണ് മുൻ സ്പീക്കർ ജി.കാർത്തികേയന്റെ ഭാര്യയും കേരള സർവകലാശാല മുൻ പരീക്ഷാ കൺട്രോളറുമായ എം ടി.സുലേഖ വ്യക്തമാക്കുന്നത്. വിഷയത്തിൽ ഉമയെ പിന്തുണച്ചു കൊണ്ട് അവർ രംഗത്തുവന്നു.

സമാധാനത്തിന് സഹായിക്കുന്ന എന്താണെങ്കിലും അത് ഉമ ചെയ്‌തോട്ടെയെന്നും അവരെ വിമർശിക്കുന്നത് ശരിയല്ലെന്നും സുലേഖ പറഞ്ഞു. ജികെയുടെ മരണത്തിന് ശേഷം തനിക്ക് വ്യക്തിപരമായി ഉണ്ടായ നഷ്ടങ്ങൾ പറഞ്ഞു കൊണ്ടായിരുന്നു സുലേഖയുടെ പരാമർശം. ജികെ (ജി.കാർത്തികേയൻ) ഉള്ളപ്പോൾ എല്ലാ സിനിമയും തിയറ്ററിൽ പോയി കാണും. ജികെ പോയപ്പോൾ താൻ തിയറ്ററിനെ ഉപേക്ഷിച്ചു. ബലിയിടാൻ കറുകയും അരിയും മാത്രമല്ല, ഓർമകളുമുണ്ടെന്നും സുലേഖ പറഞ്ഞു.

മരണപ്പെട്ട പി.ടി.തോമസിനായി ഭാര്യ ഉമ തോമസ് ഒരു പ്ലേറ്റിൽ ഭക്ഷണം മാറ്റിവച്ചത് മോശമായെന്നും പറഞ്ഞു കൊണ്ട് ട്രോളുകൾ അടക്കം വന്നിരുന്നു. ഇത്തരത്തിൽ ഉമയെ പരിഹസിച്ചു കൊണ്ടജ് തിരുവനന്തപുരം വിമൻസ് കോളജ് അസി.പ്രഫസർ രജിത് ലീല രവീന്ദ്രൻ എഴുതിയ ഫേസ്‌ബുക് കുറിപ്പിനു താഴെയാണു തന്റെ നിലപാട് സുലേഖ കമന്റ് ചെയ്തത്.

സുലേഖയുടെ കമന്റ് ഇങ്ങനെ:

ഇതൊന്നും, ഈ ബന്ധങ്ങളുടെ ഇഴയടുപ്പമൊന്നും പലർക്കും മനസ്സിലാവില്ല. നഷ്ടപ്പെടലിന്റെ ആദ്യ ആഴ്ചയിലെ മരവിപ്പ്, എവിടെയൊക്കെയോ ഇപ്പോഴും കൂടെയുണ്ടെന്ന തോന്നൽ. കുറച്ചു കഴിഞ്ഞു ആ സത്യവുമായി പൊരുത്തപ്പെട്ടു കഴിയുമ്പോൾ, അതുവരെ ഹൃദയത്തിന് പുറത്തിരുന്ന കരിങ്കല്ല് ഹൃദയത്തിന് ഉള്ളിലേക്കു ഇറങ്ങുകയാണ്. താങ്ങാൻ കഴിയാതാവൽ അപ്പോൾ കൂടുന്നതേയുള്ളൂ. പുറത്തുള്ളവർക്ക് അതു മനസ്സിലാവില്ല എന്നു മാത്രം.

തിരുവനന്തപുരത്ത് ഏതു സിനിമ ഇറങ്ങിയാലും ഞങ്ങളെ കണ്ടില്ലെങ്കിൽ തിയറ്ററുകാർ ജികെയെ വിളിക്കും; സാറിനെയും ടീച്ചറിനെയും കണ്ടില്ലല്ലോ എന്ന അന്വേഷണവുമായി. ഞാൻ കണ്ടയത്ര സിനിമ എന്റെ പ്രായക്കാരികൾ ആരുംതന്നെ കണ്ടിരിക്കാനിടയില്ല. ജികെ പോയപ്പോൾ ഞാൻ തിയറ്ററിനെ ഉപേക്ഷിച്ചു. ശബരിയുടെ നിർബന്ധത്തിൽ വല്ലപ്പോഴും ആമസോണിലോ ഹോട്സ്റ്റാറിലോ അവൻ ഇട്ടു തരുന്ന സിനിമ കണ്ടാലായി.

ബ്രേക്ക് ഫാസ്റ്റ് മുതൽ മീനും ഇറച്ചിയും ആസ്വദിച്ചിരുന്നു ഞങ്ങൾ. ഇല്ലാതെ പറ്റില്ല എന്ന അവസ്ഥ.. രോഗം പിടിമുറുക്കിയ കാലം മുതൽ ദാ ഇപ്പോൾ വരെ ഞാൻ വെജ് ആണ്. ഇനി ജന്മം മുഴുവനും. ബലിയിടാൻ കറുകയും അരിയും മാത്രമല്ല മോനേ ഉള്ളത്..അതിനായി ഓർമകളുണ്ട്... ഇഷ്ടങ്ങളുണ്ട്.. ശീലങ്ങളുണ്ട്. ഉമയും അവളുടെ ഇഷ്ടത്തിന് അതു ചെയ്യട്ടെ.. സമാധാനത്തിന് സഹായിക്കുന്ന എന്തും.. അത് ഏതോ ഒരു നിമിഷത്തിൽ പുറത്തുപറഞ്ഞതിന് അവരെ വിമർശിക്കുന്നത് ശരിയല്ല..