കണ്ണൂർ: ഹരിദാസ് വധക്കേസിലെ പ്രതിയെ ഒളിവിൽ താമസിപ്പിച്ച രേഷ്മയുടെ കുടുംബം സിപിഎമ്മാണെന്ന് പറയുന്നത് വാസ്തവവിരുദ്ധമാണെന്ന് ആവർത്തിച്ച് സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ. യുവതിയെ ജാമ്യത്തിലിറക്കിയത് ബിജെപിക്കാരാണെന്നും അദ്ദേഹം പറഞ്ഞു. 'ഹരിദാസ് വധക്കേസിലെ മുഖ്യപ്രതികളിലൊരാളെ ഒളിവിൽ താമസിപ്പിക്കാൻ വേണ്ടി എല്ലാ സഹായവും ചെയ്തുകൊടുത്ത സ്ത്രീയെ കോടതിയിൽ നിന്ന് കൊണ്ടുപോകുന്നത് ബിജെപിയുടെ മണ്ഡലം ജനറൽ സെക്രട്ടറി കെ അജേഷാണ്. കൗൺസിലറുകൂടിയാണ് അദ്ദേഹം.

എന്തൊക്കെ വാർത്തകൾ പ്രചരിച്ചാലും സത്യാവസ്ഥ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.ഒളിവിൽ പാർപ്പിച്ച പ്രതിയെ ഒരു വർഷമായിട്ട് അറിയാമെന്നും, ഹരിദാസ് വധക്കേസിലെ പ്രതിയായ അയാൾ കുറച്ച് കാലം വീട്ടിൽ സംരക്ഷിക്കണമെന്ന് പറഞ്ഞ് വന്നതാണെന്നും ആ സ്ത്രീ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. വീട്ടിൽ ആരുമില്ലാത്തതുകൊണ്ട് അവിടെ താമസിപ്പിച്ചതാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഒരു സ്ത്രീ വീട് വാടകയ്ക്ക് കൊടുക്കുന്നത് മനസിലാക്കാം. കേസിൽ പ്രതിയാണെന്ന് അറിയാമെന്ന് അവർ തന്നെ പറയുന്നു. ഭക്ഷണം വിളമ്പിക്കൊടുത്തതെന്തിനാണെന്ന് അദ്ദേഹം ചോദിച്ചു.

ആർ എസ് എസുകാരനായ കൊലക്കേസിലെ പ്രതിയെ ഒളിവിൽ താമസിപ്പിച്ചത് ആർ എസ് എസ് ബന്ധമല്ലാതെ മറ്റെന്താണ്? ബിജെപിയുടെ വക്കീൽ പോലും അവിടെ ഹാജരായി. ഹരിദാസിന്റെ കുടുംബത്തിന്റെ രോദനം കേട്ട ആരെങ്കിലും ഇതിന് കൂട്ടുനിൽക്കുമോ. സി എം അവരെ സംരക്ഷിച്ചില്ലാന്ന് പറയാഞ്ഞത് മഹാഭാഗ്യം'- ജയരാജൻ പറഞ്ഞു.രേഷ്മയുടെ മൊഴിയിൽ പറഞ്ഞ കാര്യങ്ങളെക്കുറിച്ചും ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.

'പതിനാലാം പ്രതി നിജിൽദാസിനെ ഒരുവർഷത്തിലധികമായി അറിയാം. ഇടയ്ക്ക് ഞങ്ങളുടെ വീട്ടിൽ വരാറുണ്ട്. ഒളിവിൽ താമസിപ്പിച്ച വീട് എന്റെ ഭർത്താവിന്റെ പേരിലാണ്. ഭർത്താവ് ഇപ്പോൾ വിദേശത്താണ് ജോലി ചെയ്യുന്നത്. നിജിൽ പ്രതിയാണെന്ന് അറിയാമായിരുന്നു. വിഷുവിന് ശേഷം ഒരു ദിവസം ഇയാൾ വിളിച്ചു. ഒളിവിൽ താമസിക്കാനുള്ള സൗകര്യം ചെയ്തുതരണമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വീട് നൽകിയത്.'- എന്നാണ് മൊഴി നൽകിയത്.

അതേസമയം രേഷ്മ ഒളിവിൽ താമസിക്കാൻ സൗകര്യമൊരുക്കിയതുകൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. കേസിൽ രേഷ്മയുടെ പങ്കിൽ വിശദമായ അന്വേഷണം വേണം. രേഷ്മയുടെ ജീവന് ഭീഷണിയുണ്ട്. ഒരു വർഷമായി നിജിലും രേഷ്മയും തമ്മിൽ പരിചയമുണ്ട്. വിഷുവിന് ശേഷമാണ് ഒളിവിൽ കഴിയാൻ വീട് വേണമെന്ന് നിജിൽ രേഷ്മയോട് ആവശ്യപ്പെട്ടതെന്നും കേസുമായി ബന്ധപ്പെട്ട് രേഷ്മയെ കൂടുതൽ ചോദ്യം ചെയ്യണമെന്നും തലശേരി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പൊലീസ് ആവശ്യപ്പെട്ടു.

നിജിൽ ദാസ് ഒളിവിൽ കഴിഞ്ഞ പിണറായിയിലെ വീട് രേഷ്മയുടേതല്ലെന്ന് അഭിഭാഷകൻ അറിയിച്ചു. പ്രതി താമസിച്ച വീട് ഭർത്താവ് പ്രശാന്തിന്റെ പേരിലുള്ളതാണ്. പൊലീസ് നടപടി കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും സംഭവത്തിന് പിന്നാലെയുണ്ടായ സൈബർ അക്രമണങ്ങൾക്കെതിരെ പരാതി നൽകുമെന്നും അഭിഭാഷകൻ അറിയിച്ചു.