തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അടുത്ത ബുധനാഴ്‌ച്ച പൊലീസിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഒരുങ്ങുകയാണ് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ. അദ്ദേഹത്തിനെ അറസ്റ്റു ചെയ്യുമോ എന്ന ചോദ്യമാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്. കേരളാ പൊലീസിന്റെ അന്വേഷണം തുടക്കം മുതൽ വിവാദങ്ങൾ ക്ഷണിച്ചുവരുത്തുന്നതായി. സിപിഎം ഈ വിഷയത്തിൽ വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന ആക്ഷേപം നേരത്തെ തന്നെ നിലനിൽക്കുന്നുമുണ്ട്. ഇതിനിടെയാണ് അന്വേഷണ സംഘം ജലന്ധറിലെത്തിയതും ബിഷപ്പിനെ അറസ്റ്റു ചെയ്യാതെ മടങ്ങിയതും.

ഈ സംഭവത്തിന് ശേഷം കേരളത്തിൽ പ്രളയം വന്നതോടെ ആരോപണങ്ങളെല്ലാം ആ വഴിക്ക് പോയി. എന്നാൽ പിന്നീട് പ്രളയക്കെടുതിക്ക് ശേഷം കന്യാസ്ത്രീകൾ പരസ്യ സമരത്തിന് ഇറങ്ങിയപ്പോഴാണ് വിഷയം വീണ്ടും ഗൗരവമാകുന്നതും സർക്കാറും അന്വേഷണ സംഘവും സമ്മർദ്ദത്തിലാകുന്നതും. ഇതോടെയാണ് ബിഷപ്പിനെ ചോദ്യം ചെയ്യാൻ വിളിച്ചു വരുത്താൻ വീണ്ടും തീരുമാനിച്ചത്. ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചതോടെ കോടതിയും സംതൃപ്തി രേഖപ്പെടുത്തി.

ഇപ്പോൾ നോട്ടീസ് നൽകിയ സാഹചര്യത്തിൽ ബിഷപ്പ് മുൻകൂർ ജാമ്യത്തിന് പോകുമോ എന്നകാര്യത്തിലും വ്യക്തത കൈവന്നിട്ടില്ല. എന്തായാലും പൊലീസ് അന്വേഷണം തൃപ്തികരമാണെന്ന് ഹൈക്കോടതി പറഞ്ഞ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജൻ ഫേസ്‌ബുക്കിൽ എഴുതിയ വാക്കുകൾ ചർച്ചയാകുകയാണ്. ദിലീപിന്റെ കാര്യവുമായി ബന്ധിപ്പിച്ചു കൊണ്ടാണ് ജയരാജൻ ഫേസ്‌ബുക്കിലെഴുതിയത്.

ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായി പൊലീസിന് പരാതി കിട്ടിയത് 3 മാസം മുമ്പാണെന്നും അന്ന് മുതൽ വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്നുമാണ് എം വി ജയരാജൻ പറയുന്നത്. പരാതി കിട്ടിയ ഉടൻ കേസ് രജിസ്റ്റർ ചെയ്യുകയും ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേകം ടീം അന്വേഷിച്ചുവരികയുമാണ്. നടിയെ ആക്രമിച്ച കേസിൽ പരാതി ലഭിച്ച് അഞ്ചര മാസം കഴിഞ്ഞാണ് ദിലീപിനെ അറസ്റ്റുചെയ്യുന്നത്. നിയമാനുസൃതം നോട്ടീസ് നൽകിയതിനുശേഷം ചോദ്യം ചെയ്ത് ഒരു ഘട്ടത്തിൽ വിട്ടയക്കുകയും ചെയ്തു. അപ്പോഴെല്ലാം പൊലീസിനും സർക്കാരിനും എതിരായി അന്തിച്ചർച്ചകൾ പൊടിപൊടിച്ചു. പ്രതിപക്ഷവും വിട്ടില്ല. പിന്നീട് തെളിവുകൾ കിട്ടിയപ്പോൾ ദിലിപിനെ അറസ്റ്റുചെയ്തു. ജാമ്യഹരജിയുടെ വാദം കേൾക്കെ ഹൈക്കോടതി അന്നും പറഞ്ഞത് കേസ് അന്വേഷണം തൃപ്തികരമാണെന്നായിരുന്നു.

നടിക്ക് നീതി കിട്ടിയില്ലെന്നും ദിലീപിനെ രക്ഷിക്കാൻ ഉന്നത ഇടപെടലെന്നും മറ്റുമുള്ള പ്രചാരവേല കള്ളമാണെന്ന് പിന്നീട് തെളിഞ്ഞുവെന്നും ജയരാജൻ ഫേസ്‌ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു. ദിലീപിനെ എങ്ങനെയാണോ അറസ്റ്റ് ചെയ്തത് അതുപോലെ തന്നെ ബിഷപ്പിനെയും അറസ്റ്റു ചെയ്യുമെന്ന സൂചനയാണ് എം വി ജയരാജൻ ചൂണ്ടിക്കാട്ടുന്നത്. ജയരാജന്റെ പോസ്റ്റിലെ ധ്വനിയാണ് ചർച്ചയാകുന്നത്. ബിഷപ്പിനെ അഞ്ച് മാസം കഴിഞ്ഞു മാത്രമേ അറസ്റ്റു ചെയ്യുകയുള്ളോ എന്നാണ് സൈബർ ലോകം ചോദിക്കുന്നത്. ഇത് കൂടാതെ ബിഷപ്പിനെ അറസ്റ്റു ചെയ്‌തേക്കുമെന്ന സൂചനയാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. എം വി ജയരാജന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

പ്രതിപക്ഷത്തിന് അസംതൃപ്തി, ജുഡീഷ്യറിക്കോ സംതൃപ്തി

ബിഷപ്പ് ഫ്രാങ്കോ കേസിന്റെ അന്വേഷണത്തെക്കുറിച്ച് ഹൈക്കോടതി നടത്തിയ നിരീക്ഷണം ഏറ്റവും ശ്രദ്ധേയമാണ്. പൊലീസ് അന്വേഷണത്തിൽ സംതൃപ്തി രേഖപ്പെടുത്തുകയും സത്യസന്ധവും പ്രൊഫഷണൽ രീതിയിലുമാണ് അന്വേഷണം നടത്തുന്നതെന്നും അർത്ഥശങ്കയ്ക്കിടയില്ലാതെ കോടതി വ്യക്തമാക്കി. അറസ്റ്റല്ലല്ലോ ശിക്ഷയല്ലേ പ്രധാനമെന്ന ചീഫ് ജസ്റ്റിസിന്റെ ചോദ്യത്തിന് ഹരജിക്കാരന്റെ അഭിഭാഷകന് യാതൊന്നും പറയാനായില്ല. നാലുവർഷം മുമ്പത്തെ കേസായതിനാൽ തെളിവുകൾ ശേഖരിക്കാൻ കാലതാമസമുണ്ടാകും. പൊലീസിന് ലഭിച്ച തെളിവുകൾ നശിപ്പിക്കാനാവുന്നതല്ല.

അസാധാരണ സാഹചര്യമൊന്നും ഇപ്പോൾ ഇല്ലാത്തതിനാൽ സിബിഐ അന്വേഷണത്തിന്റെ ആവശ്യവുമില്ല. ഹൈക്കോടതിയുടെ ഈ വിലയിരുത്തൽ അന്തിച്ചർച്ചകളിലും മറ്റും പങ്കെടുത്ത് സർക്കാറിനെയും പൊലീസിനെയും ആക്ഷേപിച്ചവർക്കുള്ള മറുപടികൂടിയാണ്. ഭരണസ്തംഭനമെന്ന പ്രതിപക്ഷവാദത്തിന്റെ മുനയൊടിക്കുന്നതാണ്. പൊലീസ് നയത്തിന്റെ കാര്യത്തിൽ ഇടതുപക്ഷവും വലതുപക്ഷവും വ്യത്യസ്തനിലപാടുകളാണ് സ്വീകരിക്കാറ്. യു.ഡി.എഫ്.ഭരണത്തിൽ പൊലീസിനെ രാഷ്ട്രീയവൽക്കരിക്കുകയും സമരങ്ങളെ അടിച്ചമർത്താൻ ഉപയോഗിക്കുകയുമാണ് ചെയ്യുന്നതെങ്കിൽ ഇടതുപക്ഷഭരണത്തിൽ പൊലീസ് അന്വേഷണത്തിൽ സർക്കാർ ഇടപെടുകയോ സേനയെ രാഷ്ട്രീയവൽക്കരിക്കുകയോ ചെയ്യാറില്ല. നിയമം നിയമത്തിന്റെ വഴിക്ക്.

ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായി പൊലീസിന് പരാതി കിട്ടിയത് 3 മാസം മുമ്പാണ്. പരാതി കിട്ടിയ ഉടൻ കേസ് രജിസ്റ്റർ ചെയ്യുകയും ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേകം ടീം അന്വേഷിച്ചുവരികയുമാണ്. നടിയെ ആക്രമിച്ച കേസിൽ പരാതി ലഭിച്ച് അഞ്ചര മാസം കഴിഞ്ഞാണ് ദിലീപിനെ അറസ്റ്റുചെയ്യുന്നത്. നിയമാനുസൃതം നോട്ടീസ് നൽകിയതിനുശേഷം ചോദ്യം ചെയ്ത് ഒരു ഘട്ടത്തിൽ വിട്ടയക്കുകയും ചെയ്തു. അപ്പോഴെല്ലാം പൊലീസിനും സർക്കാരിനും എതിരായി അന്തിച്ചർച്ചകൾ പൊടിപൊടിച്ചു. പ്രതിപക്ഷവും വിട്ടില്ല. പിന്നീട് തെളിവുകൾ കിട്ടിയപ്പോൾ ദിലിപിനെ അറസ്റ്റുചെയ്തു. ജാമ്യഹരജിയുടെ വാദം കേൾക്കെ ഹൈക്കോടതി അന്നും പറഞ്ഞത് കേസ് അന്വേഷണം തൃപ്തികരമാണെന്നായിരുന്നു.

നടിക്ക് നീതി കിട്ടിയില്ലെന്നും ദിലീപിനെ രക്ഷിക്കാൻ ഉന്നത ഇടപെടലെന്നും മറ്റുമുള്ള പ്രചാരവേല കള്ളമാണെന്ന് പിന്നീട് തെളിഞ്ഞു. സ്ത്രീപീഡന കേസുകൾ ഉൾപ്പെടെയുള്ള കേസുകളെല്ലാം എൽഡിഎഫ് സർക്കാരിന്റെ കാലത്ത് അന്വേഷിക്കുമ്പോൾ ശരിയും ശാസ്ത്രീയവും സത്യസന്ധവും നിയമപരവുമായ അന്വേഷണമാണ് നടത്താറ്. അപരാധിയാണെങ്കിൽ ഏത് ഉന്നതനും കുടുങ്ങും. നിരപരാധിയെ ക്രൂശിക്കുകയുമില്ല. യുഡിഎഫ് ഭരണകാലത്ത് സ്ഥിതി വ്യത്യസ്തമായിരുന്നു. അന്ന് ഒരു ഭരണകക്ഷി എംഎ‍ൽഎ. ഹോട്ടലിൽ വിളിച്ചുവരുത്തി തന്നെ ബലാത്സംഗം ചെയ്തു എന്ന പരാതിയിന്മേൽ ഒരു നടപടിയുമെടുത്തില്ല. ഭരണം മാറി, നയവും നടപടിയും മാറി. എന്നാൽ പ്രതിപക്ഷത്തിന് ഇതൊന്നും തിരിച്ചറിയാൻ കഴിയുന്നില്ല. അതിന് കാരണം രാഷ്ട്രീയ തിമിരമാണ്. എന്നാൽ ഇപ്പോൾ ജുഡീഷ്യറി തിരിച്ചറിയുകയാണ്- നീതിപീഠത്തിന്റെ അന്തസ്സുയർത്തിപ്പിടിക്കാൻ, വിവേചനമില്ലാതെ നീതി നടപ്പാക്കാൻ എൽഡിഎഫ് കാണിക്കുന്ന ഇച്ഛാശക്തി.
- എം വി ജയരാജൻ