തലശേരി: സിപിഎം പ്രവർത്തകനായ ഹരിദാസനെ കൊലപ്പെടുത്തിയത് ബിജെപി നേതൃത്വത്തിന്റെ അറിവോടെയാണെന്ന് കുറ്റപ്പെടുത്തി സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി എം വി ജയരാജൻ. മത്സ്യത്തൊഴിലാളിയായ ഹരിദാസൻ ജോലി കഴിഞ്ഞ് തിരിച്ചുവരവേ പതിയിരുന്ന് ആക്രമിച്ചാണ് ആർ.എസ്.എസ് സംഘം കൊലപ്പെടുത്തിയതെന്നും ജയരാജൻ പറഞ്ഞു. തലശ്ശേരി നഗരസഭയിലെ ബിജെപി കൗൺസിലർ അടുത്തിടെ നടത്തിയ പ്രകോപനപരമായ പ്രസംഗവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഹരിദാസന്റെ കൊലപാതകത്തിന് പിന്നിൽ ആർ.എസ്.എസുകാരാണ്. അദ്ദേഹത്തിന്റെ ഇടതുകാല് മുട്ടിന് താഴെവെച്ച് മുറിച്ചുമാറ്റിയ നിലയിലാണ്. നിരവധി വെട്ടുകളാണ് മൃതദേഹത്തിലുള്ളത്. ഇത്തരത്തിലൊരു കൊലപാതകം നടക്കാനുള്ള പ്രശ്നങ്ങളൊന്നും തലശേരിയിലില്ല. ബിജെപിയുടെ നേതൃത്വത്തിലാണ് കൊലപാതകം നടന്നിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചു.

പ്രദേശത്തെ ഒരു വിഷയവുമായി ബന്ധപ്പെട്ട് തലശ്ശേരി നഗരസഭയിലെ ബിജെപി കൗൺസിലറുടെ പ്രസംഗം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സിപിഎം പ്രവർത്തകരെ കൈകാര്യം ചെയ്യും എന്നാണ് കൗൺസിലർ പ്രസംഗത്തിൽ പറയുന്നത്. ബിജെപിയുടെ ഉയർന്ന നേതാവാണ് ഈ കൗൺസിലർ. രണ്ട് വർഷത്തിനിടയിൽ പത്താമത്തെ സിപിഎം പ്രവർത്തകന്റെ ജീവനാണ് നഷ്ടപ്പെടുന്നത്.

ഇതിനെതിരെ ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കുക മാത്രമാണ് സിപിഎം ചെയ്തത്. ഹരിദാസന്റെ കൊലപാതകത്തിനെതിരെ സിപിഎം ജില്ലയിലുടനീളം പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ജയരാജൻ പറഞ്ഞു.

അതേസമയം, കൊലപാതകത്തിൽ ബിജെപിക്ക് പങ്കില്ലെന്ന് ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ് ഹരിദാസ് പറഞ്ഞു. ഒരു ഉത്സവവുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘർഷം ഉണ്ടായിരുന്നു. സിപിഎം പ്രതികളെ പ്രഖ്യാപിക്കേണ്ട ആവശ്യമില്ല. ജില്ലയിൽ സമാധാന അന്തരീക്ഷം നിലനിർത്താൻ പ്രയത്നിക്കുന്ന പാർട്ടിയാണ് ബിജെപിയെന്നും ഹരിദാസ് പറഞ്ഞു.

ഇന്ന് പുലർച്ചെയാണ് തലശ്ശേരി ന്യൂ മാഹിക്കടുത്ത് സിപിഐഎം പ്രവർത്തകനെ വെട്ടിക്കൊന്നത്. പുന്നോൽ സ്വദേശി ഹരിദാസാണ് മരിച്ചത്.പുലർച്ചെ രണ്ട് മണിക്ക് ജോലി കഴിഞ്ഞ് മടങ്ങുമ്പോളായിരുന്നു സംഭവം. തടയാൻ ശ്രമിച്ച സഹോദരൻ സുരനും വെട്ടേറ്റിട്ടുണ്ട്. മൃതദേഹം തലശ്ശേരി സഹകരണ ആശുപത്രി മോർച്ചറിയിലാണ്. മത്സ്യത്തൊഴിലാളിയാണ് മരണപ്പെട്ട ഹരിദാസ്. ഒരാഴ്ച മുമ്പ് ഉത്സവവുമായി ബന്ധപ്പെട്ട് പുന്നോലിൽ സിപിഐ എം- ബിജെപി സംഘർഷമുണ്ടായിരുന്നു.