- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സിനിമാരംഗത്തെ പ്രമുഖരായ 15 പേരുടെ പേരുകൾ ഉണ്ടെന്ന് അറിയുന്നു; കാട്ടുകള്ളന്മാർ ആരായാലും അവരെ പുറത്തുകൊണ്ടു വരണം; രഞജിത് ചെയർമാൻ ആയ ശേഷമുള്ള അക്കാദമി നടപടികളിൽ ആശങ്ക; റിപ്പോർട്ട് പുറത്തുവിടണമെന്ന് മാക്ട
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്‌ത്തിവയ്ക്കരുത്, പുറത്തു വിടണമെന്ന് മാക്ട ഫെഡറേഷൻ. റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിട്ട് പീഡന വീരന്മാരുടെ പേരുകൾ പുറത്തു കൊണ്ടുവരണമെന്ന് മാക്ട ആവശ്യപ്പെട്ടു. സർക്കാരുമായുള്ള ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ചുള്ള ചർച്ചയിൽ നിന്ന് മാക്ടയെ ഒഴിവാക്കി എന്നും സർക്കാരും സർക്കാരിന് കീഴിലുള്ള ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെ പേരുകൾ സംരക്ഷിക്കാനാണോ ഇത് ചെയ്യുന്നത് എന്ന സംശയം ഉണ്ടെന്നും മാക്ടയുടെ പ്രസ്താവനയിൽ പറയുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സിനിമാരംഗത്തുള്ള പ്രമുഖരായ 15 പേരുടെ പേരുകൾ അടങ്ങുന്നു എന്നാണ് അറിയാൻ കഴിയുന്നത്. ഈ കാട്ടുകള്ളന്മാർ ആരായാലും അവരെ പൊതുജനമധ്യത്തിൽ കൊണ്ടുവരേണ്ടത് സർക്കാരിന്റെ കടമയാണ്. അത് ചെയ്യാതെ പീഡകരെ മുഴുവൻ സംരക്ഷിക്കുന്ന രീതിയിലാണ് സർക്കാരിന്റെ ഇടപെടൽ എന്ന് സംശയിച്ചാൽ അതിൽ തെറ്റില്ല എന്നും മാക്ട ചൂണ്ടിക്കാണിക്കുന്നു. ഒപ്പം പരാതിക്കാരുടെ പേരുകൾ ഒഴിവാക്കിക്കൊണ്ട് പീഡകരുടെയും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞ ആളുകളുടെയും പേരുകൾ പുറത്തുകൊണ്ടുവരണമെന്നാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്നും മാക്ട ഫെഡറേഷൻ അറിയിച്ചു.
മാക്ടയുടെ പ്രസ്താവന
മലയാള സിനിമാ വ്യവസായത്തിലെ തൊഴിലാളികളുടെ ഏറ്റവും വലിയ സംഘടനയായ മാക്ട ഫെഡറേഷനെ സർക്കാരിന്റെ ഇന്നേവരെയുള്ള എല്ലാ മീറ്റിങ്ങുകളിലും പങ്കെടുപ്പിച്ചിരുന്നു. എന്നാൽ ശ്രീ രഞ്ജിത്ത്, ചലച്ചിത്ര അക്കാദമി ചെയർമാൻ ആയതിനുശേഷം സർക്കാർ സംഘടിപ്പിക്കുന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ചുള്ള ചർച്ചയിൽ നിന്നും മാക്ട ഫെഡറേഷനെ ഒഴിവാക്കിയിരിക്കുന്നു.
19 യൂണിയനുകളുടെ കോൺഫെഡറേഷൻ ആയ മാക്ട ഫെഡറേഷൻ തങ്ങൾക്ക് ഇതിലുള്ള അഭിപ്രായം കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളോട് പറഞ്ഞു. സർക്കാരിന് കീഴിലുള്ള ചലച്ചിത്ര അക്കാദമി, കോർപൊറേഷൻസ്, തുടങ്ങിയവയിൽ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്ന ആരുടെയെങ്കിലും പേരുകൾ സംരക്ഷിക്കാൻ ആണോ ഇത് ചെയ്യുന്നത് എന്നാണ് മാക്ട ഫെഡറേഷന്റെ സംശയം.
ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്‌ത്തി വെക്കരുത് അത് പുറത്തുവിടണം. സിനിമാരംഗത്തുള്ള പ്രമുഖരായ 15 പേരുടെ പേരുകൾ അടങ്ങുന്നു എന്നാണ് അറിയാൻ കഴിയുന്നത്.ഈ കാട്ടുകള്ളന്മാർ ആരായാലും അവരെ പൊതുജനമധ്യത്തിൽ കൊണ്ടുവരേണ്ടത് സർക്കാരിന്റെ കടമയാണ്. അത് ചെയ്യാതെ പീഡകരെ മുഴുവൻ സംരക്ഷിക്കുന്ന രീതിയിലാണ് സർക്കാരിന്റെ ഇടപെടൽ എന്ന് സംശയിച്ചാൽ അതിൽ തെറ്റില്ല. ആയതുകൊണ്ട് പരാതിക്കാരുടെ പേരുകൾ ഒഴിച്ച് പീഡകരുടെയും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞ ആളുകളുടെയും പേരുകൾ പുറത്തുകൊണ്ടുവരണമെന്ന് മാക്ട ഫെഡറേഷൻ ആവശ്യപ്പെടുന്നു. രഞ്ജിത്തിന്റെ ഈ മാതിരിയുള്ള പ്രവർത്തനങ്ങൾ മാക്ട ഫെഡറേഷൻ ആശങ്കയുളവാക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ