കണ്ണൂർ: മലബാറിലെ പ്രശസ്തമായ മാടായി സഹകരണ ബാങ്കിന്റെ കണ്ണപുരം ശാഖയിൽനിന്ന് അരക്കോടിയോളം രൂപ തട്ടിയെടുത്ത സിപിഐ.(എം) ലോക്കൽ സെക്രട്ടറിയെ രക്ഷിക്കാനുള്ള ശ്രമം വിവാദമാകുന്നു. ബാങ്കിന്റെ കണ്ണപുരം ശാഖയിലെ ഡപ്പോസിറ്റ് കലക്ടറായ ജിതേഷിനെതിരെയാണ് ആരോപണം. സിപിഐ.(എം)യുടെ സാംസ്‌കാരിക പ്രഭാഷകനും മുൻനിരയിൽ പ്രവർത്തിക്കുന്ന വ്യക്തിയുമായ ജിതേഷിനെതിരെയുള്ള ആരോപണത്തിൽ ഇതുവരേയും പാർട്ടി നടപടിയെടുത്തു കാണുന്നില്ല. ആർ.വി ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിന്റെ ഉടമ മാസംതോറും നിക്ഷേപിക്കാറുള്ള തുക ബാങ്കിലടയ്ക്കാതെ തട്ടിപ്പ് നടത്തുകയായിരുന്നു.

സിപിഐ.(എം) അനുഭാവികൂടിയായ ഈ വ്യവസായി തന്റെ അക്കൗണ്ടിലെ തുക അറിയാൻ ബാങ്കുമായി ബന്ധപ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തായത്. വ്യവസായിയുടെ 15 ലക്ഷത്തോളം രൂപ ബാങ്ക് അക്കൗണ്ടിൽ എത്തിയിരുന്നില്ല. എന്നാൽ പണം ബാങ്കിലടച്ചതിന്റെ രസീത് കൃത്യമായി നൽകുകയും ചെയ്തിരുന്നു. വ്യവസായി ബാങ്ക് അധികൃതർക്ക് പരാതി നൽകിയതോടെയാണ് പരിശോധന നടത്തിയത്. ബാങ്ക് നടത്തിയ പരിശോധനയിലാണ് അരക്കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായി വ്യക്തമായത്.

വിദേശത്ത് ജോലിചെയ്യുന്നവരുടെ അടക്കം പണം യുവനേതാവ് തട്ടിയെടുത്തിരുന്നു. ഇടപാടുകാർക്ക് എല്ലാം രസീത് കൃത്യമായി നൽകുമായിരുന്നു. എന്നാൽ പണം ബാങ്കിലടക്കാതെ രസീത് എഴുതി നൽകുകയായിരുന്നു. ഈ രീതിയിലാണ് തട്ടിപ്പ് നടത്തിയത്. ഇടക്കേപ്രം സ്വദേശിയായ ജിതേഷ് നേരത്തെ കൊട്ടാരസമാനമായ ഒരു വീട് പണിതിരുന്നു. ഇയാൾക്ക് ബ്ലേഡ് ഇടപാട് ഉണ്ടായിരുന്നുവെന്നു പറയുന്നു. നിക്ഷേപകർ ബാങ്കിലടയ്ക്കാൻ നൽകുന്ന പണം ഇയാൾ ബ്ലേഡ് ഇടപാടിന് വിനിയോഗിക്കാറുണ്ടെന്ന ആരോപണമുയർന്നിരുന്നു. കൊള്ളപ്പലിശയിലൂടെ സമ്പത്ത് ഉണ്ടാക്കിയെങ്കിലും ഇടക്കാലത്ത് ബ്ലേഡിൽ ഇറക്കിയ തുക തിരിച്ചുലഭിക്കാതെ വന്നു. ഇതോടെയാണ് പണം തിരിമറി നടക്കാതെ വന്നത്.

നേരത്തെ നിക്ഷേപത്തിന്റെ കാലാവധി എത്തുന്നതിന് ഏതാനും ദിവസം മുമ്പ് തുക ബാങ്കിലടച്ച് തിരിമറി മൂടിവയ്ക്കാൻ ഇയാൾക്ക് കഴിഞ്ഞിരുന്നു. ഇത്രയും തുകയുടെ തട്ടിപ്പ് നടന്നിട്ടും ഇയാളെ സംരക്ഷിക്കുന്ന നിലപാടാണ് ബാങ്ക് അധികൃതർ സ്വീകരിക്കുന്നത്. ജിതേഷിന്റെ വീട് വിറ്റ് പണം തിരിച്ചടപ്പിക്കാൻ ശ്രമം നടന്നു വരികയാണ്. ജിതേഷിനെതിരെ ബാങ്കിന്റേയും പാർട്ടിയുടേയും ഭാഗത്തുനിന്ന് നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ജിതേഷിനെ സംരക്ഷിക്കുന്നതിനെതിരെ ഇടക്കേപ്രം, കണ്ണപുരം ഭാഗങ്ങളിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഫെയ്‌സ് ബുക്കിലും നിരവധി പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

മുൻ പഞ്ചായത്ത് മെമ്പറും സിപിഐ(എം). പ്രവർത്തകനുമായ മറ്റൊരു ബാങ്കിലെ ഡപ്പോസിറ്റ് കലക്ടർ ഗോപിനാഥൻ ചോറോൻ ഫെയ്‌സ് ബുക്കിലൂടെ ഇങ്ങനെ പ്രതികരിച്ചു ' പിരിവുകാരായ ഞങ്ങൾക്ക് ആകെയുള്ള മൂലധനം വിശ്വാസമാണ്.. ആ വിശ്വാസം കൊള്ളയടിക്കുന്നവർ കൂലംകുത്തികൾ തന്നെയാണ്. ' സിപിഐ-എം. ഏറെ അഭിമാനത്തോടെ കൊണ്ടുനടക്കുന്ന സഹകരണ സ്ഥാപനമാണ് മടായി സഹകരണ ബാങ്ക്. പ്രമുഖരായ പല സിപിഐ-എം. നേതാക്കളും ഈ ബാങ്കിന്റെ സാരഥികളായി ചുമതല നിർവ്വഹിച്ചിരുന്നു. ഇത്തരത്തിൽ പ്രശസ്തിയുടെ പടവുകളിൽ എത്തിനിൽക്കുന്ന ബാങ്കിനെ പൊതുജനമദ്ധ്യത്തിൽ താറടിക്കുന്നതിന് സമാനമായ നടപടിയാണ് ഇപ്പോഴുണ്ടായിട്ടുള്ളത്. ഇതിനെതിരെ പാർട്ടിക്കകത്തു നിന്ന് ഒരു വിഭാഗം പ്രതികരിക്കാനിറങ്ങിയിട്ടുണ്ട്.