പത്തനംതിട്ട: ഇരുപതാമത്തെ വയസിൽ പതിനാലുകാരിയുമായി ഒളിച്ചോടി. ഒരുമിച്ചുതാമസിച്ച് വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു. മൂന്നുമാസം ഒളിവിൽ താമസിച്ച ശേഷം പെൺകുട്ടിയെ തിരികെ വിട്ടു. പൊലീസ് അന്വേഷിക്കുന്നത് മനസിലാക്കി മുങ്ങി. ഒളിവിൽ കഴിയുന്നതിനിടെ പിന്നെയും പല സ്ത്രീകളെയും ചതിച്ചു.

19 വർഷത്തിന് ശേഷം ലോങ് പെൻഡിങ് കേസുകൾ പരിശോധിച്ച എസ്‌പിയുടെ ശ്രദ്ധയിൽ ഈ അപൂർവ പീഡനകഥ കണ്ടു. പ്രതിയെ പിടിക്കാൻ കർശന നിർദ്ദേശവും നൽകി. ഒരാഴ്ചയ്ക്കകം പ്രതിയെ കണ്ടെത്തിയ പൊലീസ് കൈയോടെ പൊക്കി. മല്ലപ്പള്ളി പെരുമ്പെട്ടി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

ആനപ്പാപ്പാനായ എഴുമറ്റൂർ ഉപ്പുമാങ്കൽ കോളനിയിൽ ചെറുകാട്ടുമഠം മധു (39) വിനെയാണ് പെരുമ്പെട്ടി എസ്.ഐ. സി.ടി. സഞ്ജയ് മാവേലിക്കര കുറത്തികാട്ടു നിന്നും ഇന്നലെ ഉച്ചയ്ക്ക് അറസ്റ്റ് ചെയ്തത്. 1998 ജനുവരി 16നാണ് തൊട്ടടുത്ത മറ്റൊരു ഹരിജൻ കോളനിയിലെ പെൺകുട്ടിയുമായി മധു മുങ്ങിയത്.

മൂന്നു മാസത്തെ മധുവിധുവിന്റെ രസം പോയപ്പോൾ പെൺകുട്ടിയെ തിരികെ വീട്ടിൽ കൊണ്ടു വിട്ടു. തന്നെ പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന് മനസിലാക്കിയ മധു പല സ്ഥലങ്ങളിലായി ഒളിച്ചു താമസിച്ചു വരികയായിരുന്നു. 2002 ൽ മധുവിനെതിരേ കോടതി എൽപി വാറണ്ട് പുറപ്പെടുവിച്ചു.

ജില്ലയിൽ തെളിയാതെ കിടക്കുന്നതും ഒളിവിൽ പോയതുമായ കേസുകളിലെ പ്രതികളെ അറസ്റ്റ് ചെയ്യാൻ എസ്‌പി. സതീഷ് ബിനോ കർശന നിർദ്ദേശം നൽകിയിരുന്നു. അപ്പോഴാണ് മധു ഒളിവിൽ കഴിയുന്ന സ്ഥലത്തെക്കുറിച്ച് പൊലീസിന് സൂചന കിട്ടിയത്. പെരുമ്പെട്ടി സ്റ്റേഷനിൽ നിന്നുള്ള പൊലീസുകാർ പല ദിവസങ്ങളായി മധുവിനെ നിരീക്ഷിച്ച ശേഷമാണ് അറസ്റ്റ് ചെയ്തത്.

അടുത്ത കാലത്തുണ്ടായ അപകടത്തെ തുടർന്ന് പ്രതി അവശനിലയിലായിരുന്നു. ശാരീരിക വിഷമതകൾ ഏറെയുണ്ട്. ഇന്ന് രാവിലെ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.