അഗളി : ചിണ്ടക്കി പൊട്ടിക്കൽ റോഡിലെ കാട്ടിൽ തേക്ക്കൂപ്പിനകത്തായിരുന്നു മധുവിന്റെ താമസം. അവിടെ എത്തിയാണ് ആളുകൾ അവനെ പിടിച്ചത്. അവിടന്നന്നെ നല്ലോണം തല്ലി. മുക്കാലിവരെ ഉന്തിത്തള്ളി നടത്തി. വനംവകുപ്പിന്റെ ഒരു ജീപ്പ് ആസമയം അതുവഴി വന്നിരുന്നു. അതിൽ കയറ്റിയെങ്കിലും മുക്കാലിവരെ കൊണ്ടോരായിരുന്നില്ലേ... അവന്റെ കൈയിൽനിന്ന് പിടിച്ചെടുത്ത അരി ചാക്കിലുണ്ടായിരുന്നത്രെ. ചോറുവെച്ച് തിന്നാത്തവനെന്തിനാ അരിയെടുക്കുന്നേ... വിശന്നുകരഞ്ഞവന് വെള്ളംപോലും കൊടുത്തില്ല. ജീപ്പിൽക്കയറ്റിയ ഒരാൾ വെറുതെ ഛർദ്ദിക്കുമോ..-മധുവിന്റെ അമ്മ മല്ലിയുടെ വാക്കുകളാണ് ഇത്.

രണ്ടു കിലോഗ്രാം അരി, നൂറു ഗ്രാം മല്ലിപ്പൊടി, ചെറിയൊരു ടോർച്ച്, ഒരു മൊബൈൽ ചാർജർ ഇത്രയുമാണ് ആൾക്കൂട്ടം ചേർന്ന് ആക്രമിക്കുമ്പോൾ മധുവിന്റെ സഞ്ചിയിലുണ്ടായിരുന്നത്. ഇവയെല്ലാം മോഷ്ടിച്ചെന്ന് ആരോപിച്ചാണു മധുവിനെ സംഘം മർദിച്ചത്. രണ്ടു വർഷത്തിനിടെ മുക്കാലിയിലും പരിസരത്തുമുള്ള കടകളിൽനിന്നു ഭക്ഷ്യവസ്തുക്കൾ കാണാതായ പരാതികളിൽ പ്രതി മധുവാണെന്നാണ് ആരോപണം. കഴിഞ്ഞദിവസം പ്രദേശത്തെ കടയിൽനിന്ന് അരി മോഷണം പോയെന്നു പറഞ്ഞാണു മധു താമസിക്കുന്ന പാറയിടുക്കിലെത്തി പിടികൂടിയത്. മധു ഉടുത്തിരുന്ന കൈലിമുണ്ട് അഴിച്ചെടുത്ത് ഇരുകൈകളും കൂട്ടിക്കെട്ടിയായിരുന്നു മർദനമെന്നു സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ചിത്രങ്ങളിൽനിന്നു വ്യക്തമാകുന്നു. രണ്ടു മണിക്കൂറോളം നാട്ടുകാർ 'കൈകാര്യം' ചെയ്തു കഴിഞ്ഞാണു പൊലീസിനെ ഏൽപ്പിച്ചത്.

താളം തെറ്റിയ മനസ്സുമായി പതിനേഴാം വയസ്സിൽ കാടുകയറിയതായിരുന്നു മധു. പിന്നെ അമ്മ മല്ലി പോലും മധുവിനെ കണ്ടിരുന്നില്ല. മകനെ കുറിച്ചുള്ള വേദനകളുമായി കഴിയുമ്പോഴാണ് മരണമെന്ന വാർത്ത അമ്മയെ തേടി എത്തുന്നത്. അതുകൊണ്ട് തന്നെ ഉൾക്കൊള്ളാനുമായില്ല. കഷ്ടപ്പെട്ടാണ് മധുവിനേയും സഹോദരങ്ങളേയും ഈ അമ്മ വളർത്തിയത്. ചിണ്ടക്കി ഊരിൽ കുറുംബസമുദായക്കാരായ മല്ലന്റെയും മല്ലിയുടേയും മൂത്തമകനാണ് മധു. കുട്ടികളുടെ ചെറുപ്രായത്തിലേ മല്ലൻ മരിച്ചു. പിന്നെ അമ്മ മല്ലിയുടെ കഷ്ടപാടുകൾ കണ്ടായിരുന്നു ഇവർ വളർന്നത്. ഏഴു വരേയേ അവൻ പഠിക്കാൻ പോയുള്ളൂ.. പിന്നെ സ്‌കൂളിൽ മധു പോയില്ല. അപ്പോഴും പെൺകുട്ടികൾ പഠിച്ചു. മൂത്തമകൾ സരസു മേലേ തുടുക്കി ഊരിലെ അംഗണവാടിയിൽ ടീച്ചറായി. കടുകുമണ്ണ ഊരിലെ അംഗൻ വാടിയിൽ സഹായിയായി മല്ലിയും പോയിത്തുടങ്ങി. മാനസിക പ്രശ്‌നങ്ങൾ അന്ന് മുതൽ മധുവിനുണ്ടായിരുന്നു. ഇടയ്ക്ക് അത് കലശലായി. ഇതോടെ വീടുമായുള്ള ബന്ധവും ഉപേക്ഷിച്ചു.

പതിനേഴുവയസ്സുള്ളപ്പോൾ അവൻ വീടുവിട്ടു. ആദ്യമൊക്കെ ഇടയ്ക്ക് വീട്ടിൽ വരും. എന്തെങ്കിലും തിന്നിട്ട് പോവും. ആരോടും മിണ്ടാട്ടമില്ല. പിന്നെ പിന്നെ വീട്ടിൽ വരാതായി. കാട്ടിൽ വിറകിനൊക്കെ പോവുന്നവർ മധുവിനെ കണ്ടെന്ന് പറയും. അത് അമ്മയ്ക്കും ആശ്വാസമായിരുന്നു. മകൻ കാട്ടിലുണ്ടെന്ന പ്രതീക്ഷയുമായി അമ്മ മുന്നോട്ട് പോയി. നാട്ടിൽ എല്ലാവർക്കും മധുവിനെ അറിയാം. മാനസിക പ്രശ്‌നങ്ങളെ കുറിച്ചും അറിയാം. വിശന്നാൽതിന്നാനുള്ള എന്തെങ്കിലുമൊക്കെ എടുക്കും. പരാതി കൂടുമ്പോൾ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരും. മല്ലിയേയും ബന്ധുക്കളേയും വിളിപ്പിക്കും. പൊലീസ് സ്റ്റേഷനിൽനിന്നിറങ്ങിയാൽ എവിടേക്കെന്നല്ലാതെ പോവും. അതായിരുന്നു മധു.

അവന്റെ മാനസികപ്രശ്നങ്ങൾ മാറ്റാൻ വൈദ്യവും മന്ത്രവുമെല്ലാം നോക്കാൻ പലതവണ ശ്രമിച്ചു. വ്യാഴാഴ്ച വൈകുന്നേരം ബന്ധുക്കൾ പറഞ്ഞപ്പോഴാണ് അമ്മ മധുവിനെ നാട്ടുകാർ പിടിച്ചതും മറ്റും അറിഞ്ഞത്. ആദിവാസികളിൽ നിന്ന് പൊലീസിലേക്ക് പ്രത്യേകമായി നടത്തുന്ന തെരഞ്ഞെടുപ്പിന് അഗളി പൊലീസ് സ്റ്റേഷനിൽ വെള്ളിയാഴ്ച ഹാജരാവാനിരിക്കുകയായിരുന്നു സഹോദരി ചന്ദ്രിക. പ്രാക്തനഗോത്രവിഭാഗക്കാരനാണ് മധു.തന്നെ മർദിച്ചവരെക്കുറിച്ചു മധു നൽകിയ മരണമൊഴി എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടും അറസ്റ്റ് വൈകിയതിലൂടെ പുറത്തുവന്നതു പൊലീസിന്റെ വീഴ്ചയാണെന്ന ആരോപണവും ശക്തമാണ്. തന്നെ പിടികൂടിയ സംഘം ക്രൂരമായി മർദിച്ചുവെന്നു മധു നേരത്തേ മൊഴി നൽകിയതിനാൽ മരണം സ്ഥിരീകരിച്ചശേഷം പ്രതികളിൽ ചിലരെ പിടികൂടാൻ പെട്ടെന്നു കഴിയുമായിരുന്നു. എന്നിട്ടും നടപടി ഉണ്ടായില്ല.

വൈകിട്ട് അഞ്ചോടെയാണ് എഫ്‌ഐആർ രേഖപ്പെടുത്തിയത്. ജീപ്പിൽ കയറ്റിയവരുടെ പേരുകൾക്കൊപ്പം അവരുടെ മൊബൈൽ നമ്പരുകളും എഫ്‌ഐആറിലുണ്ട്. ഇത്തരമൊരു കേസിൽ പട്ടികജാതി അതിക്രമ നിരോധന നിയമപ്രകാരവും നടപടി സ്വീകരിക്കേണ്ടതാണ്. യുവാവിനെ പിടികൂടിയവരിൽ പലരുടെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ 22നു രാത്രി മുതൽ പ്രചരിക്കുന്നുണ്ടായിരുന്നു. പിറ്റേന്നു മാധ്യമങ്ങളിലൂടെയാണ് ഉന്നത ഉദ്യോഗസ്ഥർ പോലും മരണവാർത്ത അറിഞ്ഞത്.