ധ്യപ്രദേശിലെ സമ്പന്നരുടെ മഹാഭാഗ്യം കേട്ട് കേരളത്തിലെ മദ്യപർ കൊതിക്കരുത്. 10 ലക്ഷം രൂപയിൽകൂടുതൽ വാർഷികവരുമാനമുള്ളവർക്ക് വീട്ടിൽ വിലകൂടിയ 100 ബോട്ടിലുകൾ സൂക്ഷിക്കാനുള്ള അനുമതി നൽകാൻ സർക്കാർ തീരുമാനിച്ചു. 1000 രൂപയിൽക്കൂടുതൽ വിലയുള്ള 100 ബോട്ടിലുകൾ വരെ സൂക്ഷിക്കുന്നതിന് വർഷം തോറും വെറും 10,000 രൂപ ലൈസൻസ് ഫീസ് നൽകിയാൽ മതി.

ഒരേ സമയം രണ്ടുബോട്ടിലുകൾ എന്നതാണ് നിലവിലെ നിഷ്‌കർഷ. സംസ്ഥാനത്ത് വൻകിട സ്ഥാപനങ്ങളും മറ്റും വന്നതോടെ ഇത് തികയാതെ വന്നിരിക്കുകയാണെന്ന് അധികൃതർ പറയുന്നു. ടി.സി.എസ്, ഇൻഫോസിസ് പോലുള്ള കമ്പനികൾ ഇൻഡോറിൽ വന്നതോടെ ഇവിടെയെത്തുന്ന അതിഥികളുടെയും എണ്ണം കൂടി. അതുകൊണ്ടാണ് ഇത്തരമൊരു മാറ്റമെന്ന് എക്‌സൈസ് കമ്മീഷണർ രാകേഷ് ശ്രീവാസ്തവ പറഞ്ഞു. 

കേരളത്തിൽ മദ്യവിൽപന പഞ്ചനക്ഷത്ര ഹോട്ടലുകളിൽ മാത്രമാക്കി ചുരുക്കിയതോടെ, വ്യവസായ മീറ്റിങ്ങുകൾക്കും മറ്റും അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് പല വൻകിട കോർപറേറ്റുകളും. പല സ്ഥാപനങ്ങളും അവരുടെ ഇൻവെസ്റ്റർ മീറ്റിങ്ങുകൾ കേരളത്തിന് പുറത്തേയ്ക്ക് കൊണ്ടുപോവുകയാണ്.

മധ്യപ്രദേശിലെ പുതിയ മദ്യനയത്തിന് മുഖ്യമന്ത്രിയുടെ അനുമതിയും കിട്ടിക്കഴിഞ്ഞു. ഏപ്രിൽ ഒന്നുമുതൽ ഇത് പ്രാബല്യത്തിൽവരും. പത്തുലക്ഷം രൂപ വാർഷികവരുമാനമുള്ളവർക്ക് ലൈസൻസ് നൽകുമെങ്കിലും, അത് മദ്യം വിൽക്കാനുള്ളതല്ലെന്ന് കമ്മീഷണർ പറഞ്ഞു. മദ്യം വാങ്ങി സൂക്ഷിക്കാൻ മാത്രമാണ് ഇതിലൂടെ അനുമതി ലഭിക്കുക.

ലൈസൻസ് വാങ്ങുന്നവർ വീട് ബാറാക്കി മാറ്റുന്നുണ്ടോ എന്ന് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് പരിശോധിക്കാനാവും. അനുവദിക്കപ്പെട്ടതിലും അധികം മദ്യം സൂക്ഷിക്കുന്നുണ്ടോ എന്നും ഇവർക്ക് പരിശോധിക്കാം