മലപ്പുറം: തൊഴിൽ പ്രതിസന്ധി രൂക്ഷമായതോടെ 'മാധ്യമം' ദിനപത്രത്തിൽ ഗർഭിണികൾക്കും രക്ഷയില്ല. ട്രെയിനിങ് കാലാവധി പലതവണ പൂർത്തിയാക്കിയ ഗർഭിണിയെ ജോലിയിൽ നിന്ന് പിരിച്ചു വിട്ട് മാധ്യമം മാനേജ്മെന്റിന്റെ ക്രൂരത. കോഴിക്കോട്, പെരിന്തൽമണ്ണ ഡസ്‌കുകളിൽ സബ് എഡിറ്റർ ട്രെയിനിയായി മൂന്നു വർഷം ജോലിനോക്കിയ യുവതിക്കാണ് തൊഴിൽ സ്ഥാപനത്തിൽ നിന്നും ഈ ക്രൂരനടപടി ഏൽക്കേണ്ടി വന്നത്.

ഒരുവർഷത്തെ ട്രെയിനിങ് പൂർത്തിയാക്കിയപ്പോൾ വീണ്ടും ഒരുവർഷത്തേക്കു കൂടി പരിശീലനം നീട്ടികൊണ്ടുള്ള കത്ത് നൽകി. ഇതിന് ശേഷം പ്രൊബേഷൻ പേപ്പർ നൽകണമെന്നിരിക്കെ ഇതുനൽകാൻ തയ്യാറാവാതെ മാനേജ്മെന്റ് വീണ്ടും ഒരു വർഷം കൂടി ട്രെയിനിങ് നീട്ടിനൽകി. ഈ കാലയളവും ജീവനക്കാരി പൂർത്തിയാക്കി. എന്നാൽ, മൂന്നു വർഷം പൂർത്തിയാക്കുന്നതിന്റെ ഒരു ദിവസം മുമ്പ് യുവതിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി കത്ത് നൽകുകയായിരുന്നു. രണ്ട് വർഷത്തെ പരിശീലനമുണ്ടാകുമെന്നും ഇതിനു ശേഷം പ്രൊബേഷൻ നൽകാമെന്നുമാണ് ജോലിയിൽ പ്രവേശിക്കുമ്പോൾ എല്ലാ ട്രെയിനി ജീവനക്കാരോടും പറയുക. എന്നാൽ ചെറുപ്പക്കാരായ യുവതീ യുവാക്കളുടെ കഴിവും അദ്ധ്വാനവും ചൂഷണം ചെയ്ത് ഒടുവിൽ ഇവരെ പിരിച്ചു വിടുകയാണ് മാധ്യമം മാനേജ്മെന്റ്.

കഴിഞ്ഞ രണ്ടു വർഷത്തോളമായി 'മാധ്യമ'ത്തിൽ സാമ്പത്തിക പ്രതിസന്ധിയും കാലക്രമേണ കൂടിവരുന്ന സ്ഥിതിയാണ്. ഇതിന്റെ ഭാഗമായി പീഡനം അനുഭവിക്കേണ്ടി വരുന്നതാകട്ടെ ജീവനക്കാരും. വിവിധ തൊഴിൽ മേഖലകളിലെ ചൂഷണങ്ങളും അനീതിയും ചർച്ച ചെയ്യുന്ന മാധ്യമസ്ഥാപനങ്ങളിലെ തൊഴിൽകൊള്ള പലപ്പോഴും പുറത്തു വരുന്നില്ലെന്നതാണ് സത്യം. തനിക്കുണ്ടായ ദുരനുഭവങ്ങൾക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് കോഴിക്കോട് സ്വദേശിയായ മാധ്യമത്തിലെ മുൻജീവനക്കാരി. സംസ്ഥാന വനിതാ കമ്മീഷനിൽ ജീവനക്കാരി പരാതി നൽകിയിട്ടുണ്ട്. ഈ പരാതിയെ തുടർന്ന് മാധ്യമം മാനേജ്മെന്റിന് വനിതാ കമ്മീഷൻ വീശദീകരണം തേടി നോട്ടീസ് അയച്ചിരിക്കുകയാണ്.

'മാധ്യമം' നടത്തിയ തൊഴിൽ ചൂഷണം മറുനാടൻ മലയാളിയോടു യുവതി വിവരിച്ചതിങ്ങനെ:

'2015 മെയ് 18നാണ് സബ് എഡിറ്റർ ട്രെയിനിയായി ഞാൻ മാധ്യമം ദിനപത്രത്തിൽ പ്രവേശിച്ചത്. 2016 മെയ് 18ന് ആദ്യ വർഷത്തെ പരിശീലനം പൂർത്തിയാക്കിയപ്പോൾ ഒരു വർഷത്തേക്കു കൂടി പരിശീലനം നീട്ടികൊണ്ടുള്ള കത്ത് നൽകി. 2017 മെയ് 18 ഓടെ ഈ കാലാവധിയും പൂർത്തിയാക്കി. പിന്നീട് പ്രൊബേഷൻ പേപ്പർ ലഭിക്കുമെന്ന പ്രതീക്ഷയോടെ ഓരോ ദിവസവും തള്ളി നീക്കി. മാനേജ്മെന്റിൽ തിരക്കുമ്പോൾ പറയും ഉടൻ റെഡിയാകുമെന്ന്. എച്ച്.ആർ ഓഡിറ്റിൽ കാര്യം തിരക്കിയപ്പോഴും പ്രോസസിലാണെന്നാണ് മറുപടി. പ്രൊബേഷൻ പേപ്പർ ഇന്നോ നാളെയോ ലഭിക്കുമെന്ന പ്രതീക്ഷയോടെ ഇരിക്കുമ്പോഴാണ്. 2017 ഒക്ടോബറിൽ ട്രൈനിങ് പിരീഡ് വീണ്ടും നീട്ടിയെന്നു കാണിച്ച് കത്ത് കിട്ടിയത്. ഇക്കാര്യം 2017 മെയ് 18ന് മുമ്പ് അറിയിക്കുന്നതിനു പകരം കാലാവധി പൂർത്തിയാക്കി 5 മാസം കഴിയുമ്പോഴാണ് കമ്പനി അറിയിച്ചത്.

2018 മെയ് 18 വരെയാണ് വീണ്ടും നീട്ടിയ ട്രെയിനിങ് കാലാവധി അവസാനിക്കുന്നത്. അതുവരെ പ്രതീക്ഷ കൈവിടാതെ തള്ളി നീക്കാൻ ഞാൻ തീരുമാനിച്ചു. ഈ കാലയളവിൽ ഞാൻ ഗർഭിണിയായി. അവധിയിൽ പ്രവേശിക്കാതെ എന്റെ ഡ്യൂട്ടി കൃത്യമായി തന്നെ ചെയ്തു വന്നു. പ്രസവിക്കുന്നതിന്റെ ദിവസങ്ങൾക്കു മുമ്പ് വരെ ഓഫീസിലെത്തി ജോലിചെയ്തു. മെയ് 6ന് ശേഷം ശാരീരിക അവശതയെ തുടർന്ന് ഓഫീസിൽ വരാൻ സാധിച്ചില്ല. പിന്നീട് എനിക്ക് അനുവദിക്കപ്പെട്ട ബാക്കിയുള്ള ലീവ് എടുത്തു. ഇതിനിടെയാണ് കാലാവധി തീരുന്നതിന്റെ തൊട്ടു തലേദിവസം മെയ് 17ന് ജോലിയിൽ നിന്ന് പിരിച്ചു വിട്ടതായുള്ള കത്ത് ലഭിക്കുന്നത്.

ട്രെയിനിയായി ജോലി ലഭിക്കാൻ ഒന്നുകൂടി അപേക്ഷിക്കാനും ഈ കത്തിൽ പറയുന്നു. മാധ്യമത്തിൽ ജോലിയിൽ പ്രവേശിച്ചതു മുതൽ നല്ല രീതിയിൽ ജോലി ചെയ്തിരുന്നു. ഒരു പരാതിക്കു പോലും ഞാൻ ഇതുവരെ ഇടവരുത്തിയിട്ടില്ല. പിന്നെ എന്തുകൊണ്ടാണ് ജോലിയിൽ നിന്ന് പിരിച്ചു വിട്ടതെന്ന് അറിയില്ല. അഡ്‌മിൻ വിഭാഗം ഡെപ്യൂട്ടി എഡിറ്റർ ഇബ്രാഹീം കോട്ടക്കലാണ് ജോലിയിൽ നിന്ന് പിരിച്ചു വിട്ടകാര്യം അറിയിച്ചത്. റീജ്യണൽ മാനേജരോടു ചോദിച്ചപ്പോഴും കോഴിക്കോട് ഹെഡ്ഓഫീസിൽ നിന്നുള്ള തീരുമാനം ആണെന്നായിരുന്നു മറുപടി. ജീവിതത്തിന്റെ പ്രധാന ഭാഗം ഇവിടെ ചെവഴിച്ച ശേഷം ഇപ്പോൾ ഒന്നുമല്ലാത്ത സ്ഥിതിയാണ്. ഇതിനെതിരെ സംസ്ഥാന വനിതാ കമ്മീഷനിൽ പരാതി നൽകിയിട്ടുണ്ട്. തൊഴിൽ ചൂഷണത്തിനെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകും.'