ഭോപ്പാൽ: സഞ്ജയ് ലീലാ ബൻസാലിയുടെ വിവാദ ചിത്രമായ പത്മാവതിക്ക് റിലീസിനു മുൻപേ വിലക്കേർപ്പെടുത്തി മധ്യപ്രദേശ് സർക്കാർ. ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് രജ്പുത് വിഭാഗക്കാർ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് അപേക്ഷ നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ചിത്രത്തിന് സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. ചരിത്രവും ഭാവനയും കൂട്ടിക്കലർത്തുന്ന ചിത്രം രാജപുത്ര ചരിത്രത്തെ അവഹേളിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്. 

ചിത്രം ഡിസംബർ ഒന്നിനാണ് റീലീസ് ചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നത്. പ്രതിഷേധം ശക്തമാവുന്ന പശ്ചാത്തലത്തിൽ ഡിസംബർ ഒന്നിന് റിലീസ് ചെയ്യാനാവില്ലെന്ന് നിർമ്മാതാക്കളായ വയാകോം മോഷൻ പിക്ചേർസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പ്രശ്നങ്ങളൊഴിവാക്കാൻ തങ്ങൾ സ്വമേധായ റീലീസ് മാറ്റിവയ്ക്കുകയാണെന്നായിരുന്നു നിർമ്മാതാക്കളുടെ വിശദീകരണം. ചിത്രത്തിന് വിലക്കേർപ്പെടുത്തണമെന്നാവശ്യപ്പെട്ട് രാജസ്ഥാൻ, ഉത്തർ പ്രദേശ് സർക്കാരുകൾ കേന്ദ്രത്തിന് കത്തയിച്ചിരുന്നു.

സഞ്ജയ് ലീല ബൻസാലിയുടെയോ ദീപിക പദുക്കോണിന്റെയോ തല കൊയ്താൽ പത്ത് കോടി രൂപ നൽകുമെന്ന് ബിജെപി നേതാവ് സൂരജ് പാലും പ്രഖ്യാപിച്ചു. രജപുത്ര രാജ്ഞിയായ റാണി പത്മാവതിയുടെ കഥ പറയുന്ന ചിത്രം ഹൈന്ദവ സംസ്‌കാരത്തെ അവഹേളിക്കുന്നുവെന്നാണ് രജപുത്ര സംഘടനകൾ അടക്കമുള്ള സംഘടനകളുടെ വാദം.