നുഷ്യന്റെ തലവര എപ്പോഴാണ് മാറുകയെന്ന് ആർക്കും പ്രവചിക്കാനാവില്ലെന്ന് മലാവിയിലെ നാല് വയസുള്ള ഇരട്ടക്കുട്ടികളായ എസ്‌തെറും സ്റ്റെല്ലയും തങ്ങളുടെ ജീവിതത്തിലൂടെ തെളിയിച്ചിരിക്കുകയാണ്. ഇന്നലെ വരെ ഒരു നേരം ഭക്ഷണം പോലും ഇല്ലാതെ പട്ടിണി കിടന്നിരുന്ന ഇവരുടെ ജീവിതം മാറി മറിഞ്ഞത് വിശ്രുത പോപ്പ് താരം മഡോണ ഇവരെ ദത്തെടുത്തതോടെയാണ്. തൽഫലമായി കഴിഞ്ഞ ദിവസം വരെ പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞ ഇവർ ഇപ്പോൾ പ്രൈവറ്റ് ജെറ്റിൽ പറക്കുന്ന രാജകുമാരിമാരായി മാറിയിരിക്കുകയാണ്. മലാവിയിലെ മാച്ചിൻജിയിൽ നിന്നും ദത്തെടുത്ത ഈ കുട്ടികളുമായി മഡോ അമേരിക്കയിലേക്ക് പ്രൈവറ്റ് ജെറ്റിൽ പറന്നുവെന്നാണ് റിപ്പോർട്ട്.

ആറ് മാസങ്ങൾക്ക് മുമ്പ് ഈ ഇരട്ടകളുമായി താൻ പോസ് ചെയ്ത് നിൽക്കുന്ന ചിത്രം മഡോണ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ അവർക്കൊപ്പമുള്ള മറ്റൊരു ഫോട്ടോയിടുകയും അവരെ താൻ ദത്തെടുത്ത വിവരം മഡോണ സ്ഥിരീകരിച്ചിരിക്കുകയുമാണ്. രണ്ടു വർഷങ്ങൾക്ക് മുമ്പ് തന്നെ ദത്തെടുത്താൻ മഡോണ നീക്കങ്ങൾ ആരംഭിച്ചിരുന്നുവെന്നാണ് സൂചന. തന്റെ കുടുംബത്തിലേക്ക് ഇവരെ സ്വാഗതം ചെയ്യുന്നതിൽ സന്തോഷമേറെയുണ്ടെന്നാണ് മഡോണ പ്രതികരിച്ചിരിക്കുന്നത്. ഈ ഇരട്ടകളെ ദത്തെടുക്കാൻ മഡോണയ്ക്ക് സാധിക്കുമെന്ന് ഒരു ജഡ്ജ് ഉത്തരവിട്ട് 36 മണിക്കൂറുകൾക്ക് ശേഷമാണ് കുട്ടികളുമായി മഡോണ അമേരിക്കയിലേക്ക് വിമാനം കയറിയിരിക്കുന്നത്.

സൗത്ത് ആഫ്രിക്കൻ രാജ്യത്തിൽ നിന്നും ദത്തെടുക്കുന്നത് എന്തു കൊണ്ടാണെന്ന ചോദ്യത്തിന് ഉത്തരം നൽകാൻ മഡോണ പാടുപെട്ടിരുന്നുവെന്നാണ് കോടതി രേഖകൾ വെളിപ്പെടുത്തുന്നത്. രണ്ടു കുട്ടികളെയും കൈപിടിച്ച് മഡോണ നടത്തിക്കുന്ന ചിത്രം അവർ ഇൻസ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടിരുന്നു. ദത്തെടുക്കൽ സാധ്യമായതിൽ തനിക്കേറെ സന്തോഷവും നന്ദിയുമുണ്ടെന്നും മഡോണ വെളിപ്പെടുത്തുന്നു. ദത്തെടുക്കലിനെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്ത മലാവിയിലെ എല്ലാവരോടും മഡോണ നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്. ഡോൽസ് ആൻഡ് ഗർബാന വസ്ത്രമണിഞ്ഞാണ് മഡോണ കുട്ടികളുടെ കൈ പിടിച്ച് നടക്കുന്നത്. ഇതിന് ഏതാണ്ട് 3000 ഡോളറാണ് വില. കുട്ടികൾക്ക് വീട്, സ്‌നേഹം, സംരക്ഷണം , മാർഗനിർദ്ദേശം എന്നിവ നൽകുന്നതിനാണ് മഡോണ കുട്ടികളെ ദത്തെടുക്കുന്നതെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഇതിൽ ജഡ്ജ് ഫിയോന വാലെക്ക് സംതൃപ്തിയുണ്ടായിട്ടുണ്ടെന്നും കോടതി രേഖകൾ വെളിപ്പെടുത്തുന്നു.

കുട്ടികളെ കൊണ്ടുപോകുന്നതനായി ഗൾഫ് സ്ട്രീം IV ജെറ്റാണ് മഡോണ ന്യൂയോർക്കിലേക്ക് ഏർപ്പാടാക്കിയിരുന്നത്. മലാവിയിൽ നിന്നും ഡേവിഡ്, മെഴ്‌സി എന്നീ മറ്റ് രണ്ട് കുട്ടികളെ കൂടി മഡോണ ദത്തെടുക്കുന്നുണ്ട്. കുട്ടികൾക്ക് ഇപ്പോഴുള്ള പേര് തന്നെ നിലനിർത്തുമെന്നും അവരുടെ മലാവിയൻ ഐഡന്റിറ്റി കാത്ത് സൂക്ഷിക്കുമെന്നും മഡോണ വാഗ്ദാനം ചെയ്യുന്നു. ഇതിന് പുറമെ ഇവരുടെ കൈമാറ്റം അനായാസമാക്കുന്നതിനായി ഒരു മലാവിയൻ കെയറർ ഇവർക്കൊപ്പം യുഎസിലേക്ക് അകമ്പടി സേവിക്കുന്നുമുണ്ട്. കുട്ടികൾക്ക് മാതൃസമാനമായ സ്‌നേഹം മഡോണയ്ക്ക് ലഭിക്കുന്നുണ്ടെന്നാണ് ഇവരുടെ ഗാർഡിയനായ ഡൊമിനിക്ക് മിസോമാലി വെളിപ്പെടുത്തുന്നത്.