ചെന്നൈ: മദ്രാസ് ക്രിസ്റ്റ്യൻ കോളേജിലെ ഒന്നാം വർഷ കെമിസ്ട്രി വിദ്യാർത്ഥി തമിഴ്‌നാട് ആനന്ദപുരം സ്വദേശി മഹിമയുടെ മരണവുമായി ബന്ധപ്പെട്ട് കോളേജിൽ വിദ്യാർത്ഥി പ്രക്ഷോഭം രൂക്ഷമാകുന്നു. നട്ടുച്ച വെയിലത്ത് ബാസ്‌ക്കറ്റ് ബോൾ കളി എന്ന നിർബന്ധ പീഡനത്തിന് വിധേയമാകേണ്ടി വന്നപ്പോഴാണ് കുഴഞ്ഞു വീണു മഹിമയുടെ ജീവൻ പൊലിയുന്നത്. കോളെജിലെ ഇന്റേണൽ മാർക്കിനായുള്ള പരിഷ്‌കാരങ്ങളാണ് വിദ്യാർത്ഥിനിയുടെ ജീവനെടുത്തത് എന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. മഹിമയുടെ മരണം ചൂണ്ടിക്കാട്ടിയുള്ള പ്രക്ഷോഭം കോളേജിൽ രൂക്ഷമാകുമ്പോൾ തന്നെ ഒപ്പം മഹിമയുടെ സംസ്‌കാര സമയത്തുള്ള ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള സഹപാഠിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റും വൈറൽ ആകുകയാണ്. മഹിമയുടെ ശവപ്പെട്ടിയിൽ ആണി അടക്കുന്ന ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള സഹപാഠി ആശിഷ് ജോസ് അമ്പാട്ടിന്റെ ഫെയ്‌സ് ബുക്ക് കുറിപ്പാണ് വലിയ ചർച്ചകൾക്ക് വഴിവെച്ചത്്.

മഹിമയുടെ സംസ്‌ക്കാര ചിത്രവും അതിനു ശേഷം നടന്ന സംഗീത പരിപാടിയിൽ സഫാരി സ്യൂട്ടുമിട്ടു സംഗീതം ആസ്വദിക്കുന്ന കോളജ് പ്രിൻസിപ്പൽ അലക്‌സാണ്ടറിന്റെ ചിത്രവും ഉൾപ്പെടുത്തിയുള്ളതാണ് ഫെയ്‌സ് ബുക്ക് കുറിപ്പ്. ഒപ്പമുള്ള വീഡിയോ മഹിമയുടെ ശവസംസ്‌കാര ചടങ്ങിലേതാണ്. 'കോളേജിന്റെ കുറ്റകരമായ അനാസ്ഥയും നിർബന്ധിത വ്യായാമവും കാരണം ജീവൻ നഷ്ടപ്പെട്ട ഞങ്ങളുടെ അനുജത്തിയുടെ ശവപ്പെട്ടിയിൽ ആണി അടിക്കുന്നത രംഗമുള്ളതാണ് ഈ വീഡിയോ. ഇന്ന് ഭക്ഷണവും ജലവുമെല്ലാം ഉപേക്ഷിച്ചു ഞങ്ങൾ സമരം ചെയ്തത് അടുത്ത ചിത്രത്തിലെ സഫാരി സ്യൂട്ട് ഇട്ട് സംഗീതം ആസ്വദിക്കുന്ന ഈ മനുഷ്യനെ കാണാനായിരുന്നു. ഇദ്ദേഹത്തെ കണ്ട് ഇദ്ദേഹം തന്നെ ഏർപ്പെടുത്തിയ സ്പോർട്സ് ഫോർ ഓൾ എന്ന പരിപാടി അവസാനിപ്പിക്കാനാണ് ഞങ്ങൾ അദ്ദേഹത്തെ കാണാൻ തീരുമാനിച്ചത്. പക്ഷെ ആവശ്യങ്ങൾ ചർച്ച ചെയ്യാൻ സമയമില്ലാത്ത ഇയാൾ പോയി ഇതേ സമയത്ത് സംഗീത കച്ചേരി ആസ്വദിക്കുകയാണ്. മനുഷ്യാവകാശ കമ്മീഷൻ പോലെയുള്ള സംവിധാനങ്ങളുടെ ഇടപെടലുകളാണ് വേണ്ടത്.വിദ്യാർത്ഥികളെ ഗിന്നിപ്പന്നികളാക്കുന്നു. അവർക്ക് നേരെ എത്രവലിയ ദ്രോഹം ചെയ്താലും ഇദ്ദേഹത്തെ പോലുള്ളവർ സമ്പത്തും അധികാരവും കൊണ്ട് രക്ഷപ്പെട്ടു പോകുന്നു-ഫെയ്‌സ് ബുക്ക് കുറിപ്പിൽ ആശിഷ് ആരോപിക്കുന്നു.

ഈ കഴിഞ്ഞ ദിവസമാണ് കോളേജിൽ ബാസ്‌ക്കറ്റ് ബോൾ കളിക്കാൻ നിർബന്ധിതമായതിനെ തുടർന്നാണ് ഒന്നാം വർഷ കെമിസ്ട്രി വിദ്യാർത്ഥിയായ മഹിമ ജയരാജൻ കുഴഞ്ഞു വീണു മരിക്കുന്നത്. തലകറങ്ങുന്നുണ്ടെന്ന് പറഞ്ഞിട്ടും അധികൃതർ കൂട്ടാക്കിയില്ലെന്നു വിദ്യാർത്ഥികൾ ആരോപിച്ചിട്ടുണ്ട്. രക്തസമ്മർദ്ദം അമിതമായി കുറഞ്ഞാണ് മഹിമ കോർട്ടിൽ തന്നെ വീണ് മരിച്ചത്. പരാതിയുമായി പെൺകുട്ടിയുടെ കുടുംബം പൊലീസിനെ സമീപിച്ചിട്ടില്ല. കോളേജ് അധികൃതരും മൗനം പാലിക്കുകയാണ്. പക്ഷെ വിദ്യാർത്ഥികൾ പ്രക്ഷോഭ രംഗത്ത് തന്നെയാണ്. മഹിമയുടെ മരണത്തിനു കാരണം കോളേജ് പ്രിൻസിപ്പൽ ആണെന്ന വാദത്തിൽ കുട്ടികൾ ഉറച്ചു നിൽക്കുകയാണ്. ഇതാണ് പ്രക്ഷോഭം തുടരാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്നത്.

സ്പോർട്ട്സ് ഫോറം എന്ന പേരിൽ കൊണ്ടുവന്ന പരിഷ്‌ക്കരമാണ് മഹിമ ജയരാജിന്റെ ജീവൻ കവർന്നത്. ഇതിനു പിന്നിൽ കോളെജ് പ്രിൻസിപ്പൽ ആണ്. ഉച്ചയ്ക്ക് ശേഷം എല്ലാ വിദ്യാർത്ഥികളും നിർബന്ധപ്പൂർവ്വം കായികപരിശീലനം നടത്തണമെന്നായിരുന്നു പ്രിൻസിപ്പലിന്റെ ഉത്തരവ്. ഈ ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് മഹിമയ്ക്ക് ബാസ്‌ക്കറ്റ് ബോൾ കളിക്കേണ്ടീ വന്നത്. ഇത് മഹിമയുടെ മരണത്തിനു കാരണമാകുകയും ചെയ്തു. പോസ്റ്റ്മോർട്ടത്തിന് ശേഷം കഴിഞ്ഞ ദിവസം മഹിമയുടെ സംസ്‌കരിച്ചു. പക്ഷെ പെൺകുട്ടിയുടെ കുടുംബം പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടില്ല. കോളേജ് അധികൃതരും മൗനം തുടരുകയാണ്.

പക്ഷെ വിദ്യാർത്ഥികൾ സമരംഗത്തുണ്ട്. . പെൺകുട്ടിയുടെ മരണത്തിന് ഉത്തരവാദിയായവരെ പുറത്താക്കണമെന്നും ഇന്റേണൽ മാർക്കിന്റെ പേരിലെ നിബന്ധനകൾ പിൻവലിക്കണമെന്നുമാണ് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നത്. നാലായിരത്തോളം മലയാളി വിദ്യാർത്ഥികൾ പഠിക്കുന്ന കോളേജ് ആണ് ചെന്നൈ മദ്രാസ് ക്രിസ്റ്റ്യൻ കോളേജ് . ഇപ്പോൾ മാനേജമെന്റിനെതിരെ കുട്ടികൾ കടുത്ത പ്രതിഷേധത്തിലാണ്. സർവകലാശാല നിർദ്ദേശിക്കാത്ത ചട്ടങ്ങളാണ് വിദ്യാർത്ഥികൾക്കുമേൽ കോളെജ് അടിച്ചേൽപ്പിക്കുന്നത് എന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്. സ്പോർട്സ് ഫോർ ഓൾ എന്ന പരിപാടിയും മഹിമയുടെ മരണവും ഇതിനു ഉദാഹരണമാണ് എന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. പക്ഷെ മഹിമയുടെ മരണം സംഭവങ്ങളെ വഴി മാറ്റിയിരിക്കുന്നു. ഇതുവരെ ഉള്ളിൽ ഒതുക്കിയ എതിർപ്പ് ഇപ്പോൾ വിദ്യാർത്ഥികൾ പുറത്തു പ്രകടിപ്പിക്കുകയാണ്. ഇതാണ് ഇപ്പോൾ നടക്കുന്ന കടുത്തപ്രക്ഷോഭത്തിനു പിന്നിലുള്ളത്.