- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്ഡൗൺ ജീവിതം മുട്ടിച്ചതോടെ ആദ്യം കപ്പ കച്ചവടം; പല വകയായി തെരുവ് കച്ചവടത്തിൽ; സോഷ്യൽ മീഡിയയിൽ വൈറലായതോടെ സാമൂഹിക പ്രവർത്തകൻ ഹക്കീം പഴയന്നൂരിന്റെ സഹായം; ഒടുവിൽ മദ്രസ അദ്ധ്യാപകൻ കലാം മുസ്ലിയാർക്ക് സ്വപ്നസാഫല്യമായി വീട്
മലപ്പുറം: ലോക്ഡൗണിനെ തുടർന്ന് ജീവിക്കാനായി തെരുവുകച്ചവടക്കാരനായ മദ്റസ അദ്ധ്യാപകൻ എ. അബ്ദുൽ കലാം മുസ്ലിയാർക്ക് ഒടുവിൽ സ്വപ്ന സാഫല്യമായി വീട്. പത്തുവർഷം പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലെ മദ്റസകളിലും പള്ളികളിലും ജോലി ചെയ്ത ഇദ്ദേഹം കോവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടമായപ്പോൾ കപ്പക്കച്ചവടം ചെയ്യുന്ന വാർത്ത ആദ്യമായി പ്രസിദ്ധീകരിച്ചത് മാധ്യമം പത്രമായിരുന്നു. കാസർകോട് കുമ്പളയിൽ ജോലി ചെയ്യുന്നതിനിടെയാണ് കലാം മുസ്ലിയാർക്ക് ജോലി നഷ്ടമായത്. തുടർന്ന് ജീവിതമാർഗം അടഞ്ഞപ്പോൾ കപ്പക്കച്ചവടത്തിനിറങ്ങി. മാധ്യമം' വാർത്ത സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ഇദ്ദേഹത്തിന് സഹായവുമായി സമൂഹത്തിലെ നാനാ ജാതിയിലുള്ള മനുഷ്യർ രംഗത്തെത്തി.
കോഡൂർ പഞ്ചായത്തിലെ മുണ്ടക്കോട് വലിയപറമ്പ് അംഗൻവാടിക്ക് സമീപം നാലേകാൽ സെന്റിലാണ് പുതിയ വീട്. സാമൂഹികപ്രവർത്തകൻ തൃശൂർ സ്വദേശി ഹക്കീം പഴയന്നൂരാണ് സ്ഥലം വാങ്ങാനും വീട് നിർമ്മാണത്തിനും മുന്നിട്ടിറങ്ങിയത്. 950 ചതുരശ്ര അടിയിൽ രണ്ട് കിടപ്പുമുറി ഉൾപ്പെടുന്നതാണ് വീട്. മങ്കട വടക്കാങ്ങരയിൽ ഭാര്യയുടെ വീടിന് സമീപത്ത് വാടക വീട്ടിലായിരുന്നു താമസം.
മദ്രസ പഠനത്തിൽ മാത്രം ഉപജീവനം കണ്ടെത്താൻ സാധിക്കാത്ത ഇദേഹം കഴിഞ്ഞ റമദാനിൽ തണ്ണിമത്തൻ, മാങ്ങ എന്നിവ വിൽപന നടത്തിയിരുന്നു. മദ്റസയും പള്ളിയും തുറക്കാത്തതിനാൽ ചട്ടിപ്പറമ്പിൽ ഫ്രൂട്സ് കച്ചവടം തുടങ്ങാനായിരുന്നു ആദ്യം ആലോചിച്ചിരുന്നത് . അതിന് സാധിക്കാത്തതുകൊണ്ടാണ് തെരുവ് കച്ചവടത്തിന് ഇറങ്ങിയത്.
റഹ്മത്തുന്നീസയാണ് ഭാര്യ. മുഹമ്മദ് മിഖ്ദാദ്, ഫാത്തിമലുലു എന്നിവർ മക്കളാണ്. ചാരിറ്റി വിഷയവുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങളിൽ ഉൾപ്പെടുകയും നിരവധി ചാരിറ്റി തട്ടിപ്പുകൾ പുറത്തുകൊണ്ടുവന്ന വ്യക്തികളിൽ ഒരാളായിരുന്നു ഹക്കീം പഴയന്നൂർ. നേരത്തെ രാജ്യത്തിന്റെ കാവൽക്കാരനായി ഇന്ത്യൻ ആർമിയിൽ ആയിരുന്നു ഹക്കീം പഴയന്നൂർ സേവനമനുഷ്ഠിച്ചിരുന്നത്.