മലപ്പുറം: ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ മദ്രസാ അദ്ധ്യാപകൻ അറസ്റ്റിൽ. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് പ്രതിയെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. തിരുന്നാവായ മുട്ടിക്കാടുള്ള ജേഷ്ഠ സഹോദരന്റെ വീട്ടിൽ ഒളിച്ചു താമസിക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസിന് പ്രതിയെ പിടികൂടാൻ സാധിച്ചത്.

പ്രതിക്കായി പൊലീസ് ഇന്നലെ മുതൽ വല വീശിയിരുന്നെങ്കിലും യാതൊരു തുമ്പും ലഭിക്കാതെ അന്വേഷണം വഴിമുട്ടിയിരിക്കുന്ന സാഹചര്യത്തിലായിരുന്നു പ്രതി ഒളിവിൽ കഴിയുന്ന വീടിനെ സംബന്ധിച്ച് ഇന്ന് ഉച്ചയോടെ പൊലീസിനു ക്രിത്യമായ വിവരം ലഭിച്ചത്. തുടർന്ന് മഫ്തിയിലെത്തിയ പൊലീസ് സംഘം ആദ്യം പ്രതി ഇവിടെ ഉണ്ടോയെന്ന് ഉറപ്പു വരുത്തി. ശേഷം തിരൂർ എസ്.ഐ സുനിൽ പുളിക്കൽ, അഡീഷണൽ എസ്.ഐ മനേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ സജി അലോഷ്യസ്, സ.ിവി രാജേഷ് എന്നിവരടങ്ങുന്ന സംഘം ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ അറസ്റ്റു ചെയ്യുകയായിരുന്നു.

അറസ്റ്റിലായ പ്രതി തിരുനാവായ എടക്കുളം സ്വദേശിയും തിരൂർ പുല്ലൂർ ചെറുപറമ്പിൽ താമസക്കാരനുമായ സി.പി. അബ്ദുറഹിമാ(45)നെ പൊലീസ് ചോദ്യം ചെയ്യൽ തുടരുകയാണ്. പുല്ലൂർ ബദറുൽ ഹുദാ മദ്രസാ അദ്ധ്യാപകനാണ് പ്രതി. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായാണ് വിവരം. എന്നാൽ കുട്ടി പരാതിയിൽ പറഞ്ഞ പോലെ ചെയ്തില്ലെന്നാണ് ഇയാൾ ആവർത്തിക്കുന്നത്. അതേസമയം വികാരത്തോടെ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ കൈ കൊണ്ടുപോയതായി ഇയാൾ സമ്മതിച്ചിട്ടുണ്ട്. കുട്ടിയുടെ മാതാവ് ഇന്നലെ തിരൂർ പൊലീസിൽ നൽകിയ പരാതിയെ തുടർന്നായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് 24 മണിക്കൂറിനകം തന്നെ പ്രതിയെ പിടികൂടി. ഏപ്രിൽ 30വരെ പല തവണ കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്നായിരുന്നു പരാതി. കുട്ടിയെ കുളിപ്പിക്കുന്നതിനിടെ സ്വകാര്യ ഭാഗങ്ങളിൽ വേദന അനുഭവപ്പെടുന്നത് മാതാവിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പീഡനമാണെന്ന് തിരിച്ചറിയുന്നത്.

ഏഴുവയസ്സുകാരിയുടെ പീഡന വിവരം അറിഞ്ഞതിനെ തുടർന്നു ചൈൽഡ് ലൈൻ അധികൃതർ മദ്രസയിൽ നടത്തിയ കൗൺസിലിംഗിൽ വേറെയും ഏഴു വിദ്യാർത്ഥിനിൾ ഉസ്താതിന്റെ പീഡനത്തിന് ഇരയായതായി മൊഴി നൽകുകയുണ്ടായി. എന്നാൽ ഈ കുട്ടികളുടെ രക്ഷിതാക്കൾ ഇതുവരെയും പരാതി നൽകിയിട്ടില്ല. ജില്ലാ ചൈൽഡ് ലൈനിനു ലഭിച്ച റിപ്പോർട്ട് പൊലീസിനു കൈമാറിയാൽ ഈ സംഭവങ്ങളിലും നടപടിയുണ്ടാകുമെന്നാണ് അറിയുന്നത്. നിലവിൽ ഏഴു വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിലാണ് മദ്രസ അദ്ധ്യാപകനായ അബ്ദുൽ റഹിമാനെതിരെ കേസുള്ളത്. മറ്റു കുട്ടികളെ തന്റെ മടിയിൽ ഇരുത്തുക മാത്രമാണ് ചെയ്തതെന്നും വേറെ ഒന്നും ചെയ്തില്ലെന്നുമായിരുന്നു ഇയാൾ പൊലീസിന്റെ ചോദ്യം ചെയ്യലിൽ പറഞ്ഞത്.

പ്രതി അബ്ദുൽ റഹിമാൻ കഴിഞ്ഞ എട്ടു മാസം മുമ്പായിരുന്നു പുല്ലൂരിലെ മദ്രസയിൽ അദ്ധ്യാപന ജോലിയിൽ പ്രവേശിച്ചത്. മുമ്പ് സമീപത്തുള്ള മറ്റൊരു മദ്രസയിലായിരുന്നു. അതിനു മുമ്പ് പഠിപ്പിച്ചിരുന്ന മദ്രസയിൽ നിന്നും സ്വഭാവ ദൂഷ്യം കാരണം പുറത്താക്കുകയുണ്ടായി. ശേഷം സൗദിഅറേബ്യയിൽ ജോലി ചെയ്തിരുന്ന ഇയാൾ നാട്ടിലെത്തിയ ശേഷം വീണ്ടും മദ്രസാ അദ്ധ്യാപന രംഗത്തേക്ക് മടങ്ങുകയായിരുന്നു. പുല്ലൂർ ടൗണിലെ ബദറുൽ ഹുദാ മദ്രസയിലെ ഒന്നാം ക്ലാസ് അദ്ധ്യാപകനാണ് ഇയാൾ. ആറു വർഷത്തെ മത വിദ്യാഭ്യാസം മാത്രമെ ഇയാൾക്ക് ഉള്ളൂവെന്ന് പൊലീസിനോടു പറഞ്ഞിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ വൈദ്യ പരിശോധനക്കു ശേഷം ഇന്ന് മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കുമെന്ന് അന്വേഷണ ചുമതലയുള്ള എസ്.ഐ സുനിൽ പുളിക്കൽ പറഞ്ഞു.