കൊല്ലം: മതപഠനത്തിനെത്തിയ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിലായി. കൊല്ലം സ്വദേശിയായ മദ്രസാ അദ്ധ്യാപകനായ തഴുത്തല മൈലാപ്പൂർ പുന്നലവിള വീട്ടിൽ അക്‌ബർഷായാണ് (48) അറസ്റ്റിലായത്. 2017ൽ യു.കെ.ജി പഠന കാലം മുതൽ ഇയാൾ മദ്രസയിലെ കെട്ടിടത്തിൽ വെച്ച് പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു വരികയായിരുന്നു എന്നാണ് പരാതി.

2021 നവംബർ 21നു പെൺകുട്ടി മാതാവിനോട് പറയുകയും പിറ്റേദിവസം അവർ കൊട്ടിയം പൊലീസിൽ പരാതി നൽകുകയുമായിരുന്നു. തുടർന്ന് പോക്‌സോ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് കഴിഞ്ഞ ദിവസം അക്‌ബർ ഷായെ പൊലീസ് അറസ്റ്റ് ചെയ്തത്.

ചാത്തന്നൂർ എ.സി.പി ഗോപകുമാറിന്റെ നിർദ്ദേശാനുസരണം കൊട്ടിയം ഇൻസ്പെക്ടർ ജിംസ്റ്റലിന്റെ നേതൃത്വത്തിൽ എസ്‌ഐമാരായ ശ്യാമകുമാരി, അഷ്ടമൻ എഎസ്ഐ സുനിൽ എന്നിവരാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇയാളെ മറ്റു കുട്ടികളെയും ഇത്തരത്തിൽ ഉപദ്രവിച്ചിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. പ്രതി അറസ്റ്റിലായതോടെ, കൂടുതൽ പേർ പരാതിയുമായി രംഗത്ത് വരുമെന്നും പൊലീസ് പ്രതീക്ഷിക്കുന്നുണ്ട്.