മുംബൈ: സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റും വലിയ കർഷക പ്രക്ഷോഭത്തിന് മുന്നിൽ മഹാരാഷ്ട്ര സർക്കാർ മുട്ടുമടക്കി. കർഷകർ മുന്നോട്ടു വെച്ച എല്ലാ ആവശ്യങ്ങളും അംഗീകരിക്കാമെന്ന് എട്ടംഗ സമര പ്രതിനിധികളുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിൽ ഉറപ്പു നൽകിയതോടെ സമരം പിൻവലിക്കുകയായിരുന്നു. 200 രകിലോമീറ്ററോളം നടന്നു ചെന്ന് കർഷകർ തങ്ങളുടെ അവകാശം സർക്കാരിൽ നിന്നും പിടിച്ചു വാങ്ങുകയായിരുന്നു.

കർഷകർ ഉന്നയിച്ച ആവശ്യങ്ങളെ കുറിച്ച് പഠിക്കാനും നടപ്പാക്കുന്നതിനും ആറംഗ സമിതിയെയും സർക്കാർ നിയോഗിച്ചു. പാർട്ടി വ്യത്യാസം മറന്ന് ജനങ്ങൾ ഒറ്റക്കെട്ടായി സമരക്കാർക്ക് പിന്നിൽ അണി നിരന്നതോടെ സർക്കാരിന് കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ നിവർത്തി ഇല്ലെന്നതായി. ഇതോടെ ചെങ്കൊടിക്ക് കീഴിൽ ഒറ്റക്കെട്ടായി അണിനിരന്ന ജനങ്ങൾക്ക് മുന്നിൽ ദേവേന്ദ്ര ഫട്‌നവിസിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ മുട്ടു മടക്കുക ആയിരുന്നു.

ഏട്ട് ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രധാനമായും കർഷകർ സമരവുമായി മുന്നോട്ട് വന്നത്. ഇതോടെ കർഷകർ മുന്നോട്ട് വെച്ച ആവശ്യങ്ങളെ കുറിച്ച് പഠിക്കാൻ പ്രത്യേക അംഗസിമിതിയെ സർക്കാർ നിയോഗിച്ചു. കർഷക കുടുംബങ്ങളിലെ അംഗങ്ങൾക്ക് ഓരോരുത്തർക്കും 1.5 ലക്ഷം രൂപയുടെ കടാശ്വാസം നൽകും. ആദിവാസി ഭൂമി സംബന്ധിച്ച തീരുമാനം രണ്ടു മാസത്തിനകം എടുക്കും. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റെ സാന്നിധ്യത്തിൽ മന്ത്രി ഗിരീഷ് മഹാജന്റെ നേതൃത്വത്തിലായിരുന്നു കർഷക നേതാക്കളുമായി ചർച്ച നടന്നത്.

ഇതോടെ മൂന്ന് മണിക്കൂർ നീണ്ട ചർച്ചയ്‌ക്കൊടുവിൽസമരം വിജയത്തിലേക്ക് നീങ്ങകയായിരുന്നു. കർഷകർ ഉന്നയിച്ച എട്ട് ആവശ്യങ്ങളിൽ ആറെണ്ണവും സർക്കാർ അംഗീകരിച്ചതായാണ് റിപ്പോർട്ട്. വനാവകശ നിയമം രണ്ട് മാസത്തിനുള്ളിൽ നടപ്പിലാക്കാമെന്നും സർക്കാർ വാക്കു നൽകിയിട്ടുണ്ട്. വിളകൾക്ക് താങ്ങുവില ഒന്നര ഇരട്ടിയാക്കും. മന്ത്രിമാരും കർഷക സംഘടനാ പ്രതിനധികളും ഒരുമിച്ച് വാർത്താ സമ്മേളനവും അൽപ്പ സമയത്തിനുള്ളിൽ നടത്തും. എല്ലാ കർഷകർക്കും റേഷൻ കാർഡ് വിതരണം ചെയ്യും.

കാർഷിക കടങ്ങൾ പൂർണമായും എഴുതിത്ത്ത്തള്ളണമെന്നാവശ്യപ്പെട്ടാണ് മഹാരാഷ്ട്രയിലെ കർഷകർ പ്രക്ഷോഭം ആരംഭിച്ചത്. വനഭൂമി കൃഷിക്കായി വിട്ടുനൽകുക, സ്വാമിനാഥൻ കമ്മീഷൻ നിർദ്ദേശങ്ങൾ നടപ്പാക്കുക, വിളനാശം സംഭവിച്ച കർഷകർക്ക് ഏക്കറിന് 40,000 രൂപവീതം നൽകുക, മഹാരാഷ്ട്രയുടെ ജലം ഗുജറാത്തിന് വിട്ടുനൽകുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ആദിവാസികൾ അടക്കമുള്ള കർഷകരുടെ പ്രക്ഷോഭം. ഏറെക്കാലമായുള്ള ഈ ആവശ്യങ്ങൾ അംഗീകരിക്കപ്പെടാതെവന്നതോടെയാണ് സമരം ശക്തമാക്കാൻ കർഷകർ തീരുമാനിച്ചത്.

ഇതിന്റെ ഭാഗമായി 16,000 കർഷകരുടെ ലോങ് മാർച്ച് ആറാം തീയതിയാണ് നാസിക്കിലെ സിബിഎസ് ചൗക്കിൽനിന്ന് ആരംഭിച്ചത്. സിപിഎമ്മിന്റെ കർഷക സംഘടനയായ അഖില ഭാരതീയ കിസാൻ സഭയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. പ്രതിദിനം ശരാശരി 35 കിലോമീറ്റർ വീതം സഞ്ചരിച്ചാണ് കർഷകർ 200 കിലോമീറ്റർ സഞ്ചരിച്ച് മുംബൈയിൽ എത്തിച്ചേർന്നത്. തങ്ങളുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ലെങ്കിൽ സെക്രട്ടറിയേറ്റ് വളയാനായിരുന്നു തീരുമാനം.

എന്നാൽ മാധ്യമങ്ങൾ പോലും നിസ്സാരമായി അവഗണിച്ചു കളഞ്ഞ സമരം നാസിക്കിൽ നിന്നും പുറപ്പെട്ട് ദിവസങ്ങൾ കഴിഞ്ഞതോടെ പിന്തുണ കൂടി. മുംബൈയിൽ എത്തിയതോടെ ഈ കർഷക പ്രക്ഷോഭത്തിൽ ഒരു ലക്ഷത്തോളം പേർ അണി നിരന്നു. കർഷകർക്ക് ഭക്ഷണവും വെള്ളവും നൽകി നഗരവാസികളും സമരക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഇന്ത്യയുടെ പലഭാഗത്തു നിന്നും പിന്തുണയുമെത്തിയതോടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവീസിനും കർഷകരെ പാടെ അവഗണിച്ച നരേന്ദ്ര മോദിക്കും മുട്ടുമടക്കേണ്ടി വരികയായിരുന്നു.

കോൺഗ്രസും ആം ആദ്മി പാർട്ടിയും ശിവസേനയും അടക്കം എല്ലാ പാർട്ടികളും വൈരം മറന്ന് ഇടതു മുന്നണി തുടങ്ങി വെച്ച ഈ പ്രക്ഷോഭത്തിന് ഒപ്പം നിന്നു. ഇതോടെ സമരത്തിന് ജന പിന്തുണയും ഏറി. വളരെ സമാധാനപരിമായി നടക്കുന്ന കർഷകരുടെ ജീവിതത്തിനു വേണ്ടിയുള്ള ഈ സമരം വളരെ ആവേശത്തോടെ തന്നെ മുംബൈ നഗരത്തിലെ ജനങ്ങളും എതിരേറ്റു. ചുട്ടു പൊള്ളുന്ന വെയിലിനെയും ക്ഷീണത്തേയും വകവെയ്ക്കാതെ മുന്നേറിയ കർഷകർക്ക് ഭക്ഷണവും വെള്ളവും എത്തിച്ച് നഗരവാസികളും സമരത്തിന് പിന്തുണ നൽകി.

ആറ് ദിവസങ്ങൾക്ക് മുമ്പ് 16,000 പേരുമായി നാസിക്കിൽ നിന്നും യാത്ര തിരിച്ച സിപിഎം കർഷക സംഘടനയായ അഖിലേന്ത്യാ കിസാൻസഭയുടെ നേതൃത്വത്തിൽ നടന്ന ലോങ്ങ് മാർച്ച് ഇന്ന് രാവിലെ മുംബൈയിലെ നഗര ഹൃദയത്തിൽ എത്തിയപ്പോൾ അണിനിരന്നിരിക്കുന്നത് ജനലക്ഷങ്ങളാണ്.

ഇന്നലെ മുംബൈ നഗരത്തിൽ പ്രവേശിച്ച കർഷകർ ആസാദ് മൈതാനത്തിലാണ് സമരം അവസാനിപ്പിച്ചത്. പൊതു പരീക്ഷകൾ തുടങ്ങിയ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് സമരം മൂലം ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് പ്രകടനം രാത്രി തന്നെ നഗരത്തിൽ പ്രവേശിച്ചത്. പകൽ മുഴുവൻ നടന്നതിനു പിന്നാലെ കിസാൻ സഭയുടെ നേതൃത്വത്തിൽ കർഷകർ ഇന്നലെ രാത്രിയും മാർച്ച് ചെയ്തു. മഹാരാഷ്ട്രയിൽ നടക്കുന്ന പത്താം ക്ലാസ് പരീക്ഷയെ ബാധിക്കാതിരിക്കാനാണ് പകൽ മുഴുവൻ നടന്നതിനു പിന്നാലെ കർഷകർ ഇന്നലെ രാത്രിയും മാർച്ച് ചെയ്തത്.

പത്താം ക്ലാസ് പരീക്ഷ നടക്കുന്ന സാഹചര്യത്തിൽ പകൽ ഇത്രയും പേർ നഗരത്തിലൂടെ മാർച്ച് ചെയ്യുന്നത് സ്‌കൂൾ വിദ്യാർത്ഥികൾക്കും പരീക്ഷയ്ക്കും ബുദ്ധിമുട്ടാവുമെന്ന തിരിച്ചറിവിലാണ് കർഷകർ രാത്രിയും മാർച്ച ചെയ്തത്. 'ഞങ്ങൾക്ക് പത്താം ക്ലാസ് വിദ്യാർത്ഥികളെ ബുദ്ധിമുട്ടിലാക്കേണ്ട പക്ഷേ, ആസാദ് മൈതാനിയിൽ എത്തിച്ചേരുക തന്നെ വേണം. അതുകൊണ്ട് ഞങ്ങൾ അർദ്ധ രാത്രിയിൽ യാത്ര തുടരുകയാണ്' ആൾ ഇന്ത്യ കിസാൻ സഭ പ്രസിഡന്റ് അശോക് ധാവ്‌ലെ പറഞ്ഞു.

പുലർച്ചെ രണ്ടു മണിയോടെയാണ് മാർച്ച് വീണ്ടും ആരംഭിച്ചത്. ഞായറാഴ്ച രാത്രി സയോണിലെ കെ ജെ സോമയ്യ മൈതാനിയിലെത്തിയ മാർച്ച് രാവിലെ പുനരാരംഭിക്കാൻ കർഷകർ തീരുമാനിക്കുകയായിരുന്നു. തിങ്കളാഴ്ച എസ്.എസ്.സി പരീക്ഷ നടക്കുന്നതിനാൽ വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് കരുതിയാണ് മാർച്ച് പുലർച്ചെ തന്നെ ആസാദ് മൈതാനിയിലേക്ക് നീങ്ങിയത്.

ഇത്രയധികം കർഷകർ പകൽ മാർച്ച ചെയ്യുന്നത്. വാഹനങ്ങളെയും പരീക്ഷയ്‌ക്കെത്തുന്ന വിദ്യാർത്ഥികളെയും ബാധിക്കുമെന്നതിനാലായിരുന്നു യാത്രാ ക്ഷീണം പോലും വകവെക്കാതെ രാത്രിയിലും കർഷകർ മാർച്ച് ചെയ്തത്. സർക്കാർ ചർച്ചക്ക് തയ്യാറാണെന്ന പറഞ്ഞതിനാൽ ഇതിൽ തീരുമാനമായതിനു ശേഷം മാത്രമാകും നിയമസഭ വളയൽ അടക്കമുള്ള സമരത്തിലേക്ക് കർഷകർ കടക്കുക.

ഇന്നലെ താനെ മുംബൈ അതിർത്തിയായ മുളുണ്ടിൽ മഹാനഗരം ലോങ്മാർച്ചിനെ വരവേറ്റു. വിക്രോളിയിലും ആവേശകരമായ സ്വീകരണമാണ് കർഷകർക്ക് ലഭിച്ചത്. വിവിധ ദളിത് സംഘടനകളും മാർച്ചിനെ ഐക്യദാർഢ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. ശിവസേന ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളും കർഷകരുടെ മഹാറാലിക്ക് പൂർണ്ണ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ശിവസേനയ്ക്കും മഹാരാഷ്ട്ര നവനിർമ്മാൺ സേനയ്ക്കും പുറമേ എൻസിപി, ആം ആദ്മി പാർട്ടി തുടങ്ങിയ കക്ഷികളും പിന്തുണ അറിയിച്ചതോടെ ഇന്നു സമാപനത്തിൽ വൻ ജനപങ്കാളിത്തത്തിനാണു സാധ്യത. സിപിഐയും മറ്റൊരു ഇടതുപാർട്ടിയായ പിഡബ്ല്യുപിയും സമരത്തെ പിന്തുണയ്ക്കുന്നുണ്ട്. സമീപകാലത്തു മുംബൈ കണ്ട ഏറ്റവും വലിയ ഇടതുപ്രക്ഷോഭമാണിത്.

നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനിടെയുള്ള സമര മുന്നേറ്റം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ സമ്മർദം വർധിപ്പിക്കുന്നു. സഖ്യകക്ഷിയായ ശിവസേനയുടെ നിലപാടും തലവേദന കൂട്ടും. കർഷകരുടെ ആവശ്യങ്ങളോട് ഒരു സർക്കാരിനും നിസ്സംഗത കാട്ടാനാകില്ലെന്നും കാർഷികനയം പുനരവലോകനം ചെയ്യണമെന്നും ആർഎസ്എസ് ജനറൽ സെക്രട്ടറി ഭയ്യാജി ജോഷി നാഗ്പുരിൽ പറയുകയും ചെയ്തു. മഹാരാഷ്ട്ര സർക്കാർ പ്രഖ്യാപിച്ച കാർഷിക കടാശ്വാസ പദ്ധതി ഉൾപ്പെടെയുള്ള നടപടികളെല്ലാം പരാജയമാണെന്നാണു സമരക്കാരുടെ നിലപാട്. നേതാക്കളുമായി മുഖ്യമന്ത്രി ഇന്നു ചർച്ച നടത്തിയേക്കും. മധ്യസ്ഥചർച്ചകൾക്കു മന്ത്രി ഗിരീഷ് മഹാജനെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ മകനും യുവസേനാ നേതാവുമായ ആദിത്യ താക്കറെ കർഷകരെ നേരിൽ കണ്ട് ഐക്യദാർഢ്യം അറിയിച്ചു.

വിവിധ ദളിത് സംഘടനകൾ ലോങ്മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി. നിയമസഭാ മന്ദിരം വളയുന്ന കർഷകർക്കൊപ്പം ദളിത് സംഘടനകളും ചേരുമ്പോൾ ചരിത്രത്തിലെങ്ങും കാണാത്ത മഹത്തായ ജനകീയ മുന്നേറ്റത്തിന് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം സാക്ഷിയാകും. പ്രക്ഷോഭകരെ അഭിസംബോധന ചെയ്ത് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാംയെച്ചൂരി സംസാരിക്കും.

ഒരുലക്ഷംപേർ അണിനിരക്കുന്ന സമരം സമാധാനപരമായിരിക്കുമെന്ന് അഖിലേന്ത്യ കിസാൻസഭ ജനറൽ സെക്രട്ടറി ഡോ. അശോക് ധാവ്ളെ അറിയിച്ചു. തീരുമാനിച്ച പ്രകാരം തിങ്കളാഴ്ച നിയമസഭ വളയുമെന്ന് കിസാൻ സഭ നേതാക്കൾ പറഞ്ഞു. ലോങ്മാർച്ചിന് വഴിയിലുടനീളം വൻ ജനപിന്തുണയാണ് ലഭിക്കുന്നത്. പ്രക്ഷോഭകർക്ക് ഭക്ഷണവും വെള്ളവും നൽകാൻ ദളിത്, മുസ്ലിം, സിഖ് സംഘടനകളെത്തി. ഗുരുദ്വാരകളിൽനിന്നും മുസ്ലിം പള്ളികളിൽനിന്നും ഭക്ഷണവും വെള്ളവും വിതരണം ചെയ്തു. നാസിക്കിൽനിന്ന് തുടങ്ങിയ മാർച്ചിൽ വിവിധ ജില്ലകളിൽനിന്നായി പതിനായിരങ്ങൾ അണിചേർന്നു. മുംബൈയിലെ നൂറുകണക്കിന് മലയാളികളും ഐഐടി, ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് എന്നീ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും സമരത്തിൽ അണിചേർന്നു.

2017ൽ അഖിലേന്ത്യ കിസാൻ സഭയടക്കം വിവിധ സംഘടനകൾ നടത്തിയ സമരത്തിനൊടുവിൽ മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗം അംഗീകരിച്ച ഒത്തുതീർപ്പു വ്യവസ്ഥകൾ ലംഘിച്ചതാണ് കർഷകരെ പ്രക്ഷോഭത്തിലേക്ക് നയിച്ചത്. 2017 ജൂണിനു ശേഷം ഇതുവരെ 1700ലേറെ കർഷകരാണ് വിദർഭ മേഖലയിലും നാസിക്കിലുമായി ആത്മഹത്യ ചെയ്തത്. നേരത്തെ കർഷക സംഘടനയുടെ കൂട്ടായ്മയായിരുന്നു സമരം നയിച്ചതെങ്കിൽ ഇത്തവണ അഖിലേന്ത്യ കിസാൻ സഭയാണ് സമരം നടത്തുന്നത്.