കോഴിക്കോട്: മദ്യപാനം കുറയ്ക്കുന്നതിനായി സംസ്ഥാന സർക്കാർ മദ്യനയം മാറ്റിമാറ്റി പരീക്ഷിച്ചിട്ടും ഫലമില്ലാതെ മലബാറിൽ മദ്യവിപണനം കൊഴുക്കുകയാണ്. ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ഫൈവ് സ്റ്റാർ ഒഴികെയുള്ള ബാറുകൾ പൂട്ടിയപ്പോൾ വടക്കൻ കേരളത്തിലുള്ളവരും വിനോദസഞ്ചാരികളും ആശ്വാസത്തോടെ നോക്കിക്കണ്ടിരുന്നതു മാഹിയെയായിരുന്നു.

യാതൊരു നിയന്ത്രണവുമില്ലാത്ത മാഹിയിൽനിന്നും മദ്യം യഥേഷ്ടം ഒഴുകിയപ്പോൾ അധികൃതർ വാഹനങ്ങൾ തടഞ്ഞു മദ്യം പിടിക്കാൻ തുടങ്ങി. ഇതു മറികടക്കാൻ മദ്യമാഫിയ പുതിയ വഴി കണ്ടെത്തിയിരിക്കുകയാണ്. മാഹിയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലെ വീടുകളിൽ മദ്യമെത്തിച്ചാണ് പുതിയ കച്ചവടരീതി തകൃതിയായി നടക്കുന്നത്.

വടക്കൻ കേരളത്തിലെ ബാറുകളിലും ബിയർ, വൈൻ പാർലറുകളിലും ലഭ്യമാകുന്ന മദ്യത്തിൽ അറുപതു ശതമാനവും മാഹിയിൽനിന്നുള്ളതാണത്രേ. കേരളത്തിലെ ബാറുകൾ പൂട്ടിയതോടെ മാഹി മദ്യപാനികളുടെ തെരുവുകളായിക്കഴിഞ്ഞു. മുക്കിനു മുക്കിനു ഷാപ്പുകൾ ഉണ്ടെന്നുള്ളതാണ് മാഹിയുടെ പ്രത്യേകത. പകുതിയോളം വിലയേയുള്ളുതാനും. എന്നാൽ മാഹിയിൽച്ചെന്ന് ഇഷ്ടം പോലെ വെള്ളമടിച്ചിട്ടു പോരാമെന്നല്ലാതെ വാങ്ങിച്ചുകൊണ്ടുവരാമെന്നു കരുതേണ്ട. വാഹനത്തിൽ ഒളിപ്പിച്ചു കൊണ്ടുവന്നാൽ കർശനമായ ചെക്കിങ് ഉണ്ടാകും. മദ്യക്കടകൾക്കുമുമ്പിൽ നിർത്തിയിട്ട വാഹനങ്ങളുടെ നമ്പർ കുറിച്ചെടുത്ത് വാഹനം മാഹി വിടുമ്പോൾ ഏതു വഴിയിൽവച്ചും പിടികൂടി ഒളിപ്പിച്ചു വച്ചിരിക്കുന്ന മദ്യം കൈയോടെ പിടികൂടുന്ന സംവിധാനമാണുള്ളത്്.

മുമ്പൊന്നുമില്ലാത്ത രീതിയിൽ വൈകുന്നേരങ്ങളിൽ മദ്യപാനികളുടെ വിഹാരകേന്ദ്രമായി മാഹി മാറിയിരിക്കുകയാണ്. മലയാളം സംസാരിക്കുന്ന ബഹുഭൂരിഭാഗം ജനങ്ങളുള്ള മാഹി ജനതയുടെ ദൈനംദിന ജീവിതത്തെ ബാധിച്ചിരിക്കുകയാണ് ഇവിടേക്കുള്ള മദ്യപാനികളുടെ പ്രവാഹം. ഏപ്രിൽ മാസം മുതൽ മദ്യവിപണനവും പുറത്തേക്കുള്ള കടത്തലും ഇരട്ടിയാകുമെന്നായപ്പോൾ അധികൃതർ നടപടികൾ കൂടുതൽ കർശനമാക്കിയിട്ടുണ്ട്. എന്നാൽ അധികൃതരുടെ നടപടികൾ ഒരുമുഴം മുമ്പേ കണ്ട് പ്രതിവിധികളുമായി കേരളത്തിലേക്കുള്ള മദ്യക്കടത്ത് ശക്തമായിരിക്കുകയാണ്.

മാഹിയിലെ ബാറുകളെ ആശ്രയിക്കുന്നവരിലധികവും മലബാറിൽനിന്നും മധ്യകേരളത്തിൽ നിന്നുമുള്ളവരാണ്. മാഹിയിലെ മദ്യഷാപ്പുകളുടെ പരിസരത്ത് പല തരത്തിലുള്ള ഇടനിലക്കാരും ഇപ്പോൾ പ്രവർത്തിക്കുന്നത്. ദൂരെ നിന്നും എത്തുന്നവർക്ക് മദ്യമെത്തിക്കാൻ പ്രത്യേക സംഘം തന്നെ ഇവിടങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. വൻലാഭമാണ് ഇത്തരത്തിലുള്ള കച്ചവടത്തിലൂടെ ഇവർ പൊടിപൊടിക്കുന്നത്. ആവശ്യക്കാർക്ക് യാതൊരു റിസ്‌ക്കും കൂടാതെ മദ്യം ലഭിക്കുകയും ചെയ്യുന്നു.

അന്യസംസ്ഥാന തൊഴിലാളികളും സ്ത്രീകളും ഉൾപ്പടെയുള്ളവരാണ് മാഹിയിലെ മദ്യശാലകളിൽനിന്നും മൊത്തമായി മദ്യം കടത്താൻ രംഗത്തുള്ളത്. മാഹിയുമായി അതിർത്തി പങ്കിടുന്ന പരിസര പ്രദേശങ്ങളിലേക്കും കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ വീടുകളിലേക്കുമാണ് ഈ മദ്യം എത്തിക്കുന്നത്. തുടർന്ന് മാഹിയിൽനിന്നും മദ്യം കടത്താനെത്തുന്നവർക്ക് യാതൊരു റിസ്‌ക്കും കൂടാതെ വലിയ വിലയ്ക്ക് മറിച്ചുവിൽക്കുകയാണ് ഇവരുടെ രീതി. മദ്യവിൽപ്പന നടത്തുന്ന വീടുകളെ ബന്ധിപ്പിക്കുന്നത് ഇടനിലക്കാർ മുഖേനയാണ്. അധികൃതരുടെ കണ്ണുവെട്ടിച്ചുള്ള വീടുകളിലെ കച്ചവടം പിടിക്കുക ഉദ്യോഗസ്ഥർക്ക് പ്രയാസമാണ്. ഇത്തരത്തിലുള്ള കേസുകൾ പിടിക്കപ്പെട്ടാൽത്തന്നെ മദ്യം കടത്തുന്ന കരിയർമാരിലോ ഇടനിലക്കാരായ അന്യസംസ്ഥാന തൊഴിലാളികളിലോ ഒതുങ്ങുകയാണ് പതിവ്.

മാഹിയിൽനിന്നും നടന്നാലെത്താവുന്ന ദൂരം മാത്രം ഉള്ളതിനാൽ കണ്ണൂർ, കോഴിക്കോട് ജില്ലാ അതിർത്തികളിലെ ഏതാനു വീടുകൾ ഇപ്പോൾ സമാന്തര മദ്യ വിൽപ്പന ശാലയായി മാറിയിരിക്കുകയാണ്. വടകര, മുക്കോളി, കൈനാട്ടി, തലശ്ശേരി, കുഞ്ഞിപ്പള്ളി എന്നിവിടങ്ങളിലെ വീടുകളിലേക്കാണ് മദ്യം യഥേഷ്ടമായി ഒഴുകുന്നത്. കേരളത്തിലെ മദ്യനിരോധനം മുതലെടുത്ത് അഞ്ച് കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള മാഹിയിലെ നൂറുകണക്കിന് ബാറുകളിൽ നിന്നും ഒഴുകുന്ന മദ്യത്തിന്റെ കണക്ക് ഇനിയും ഉയരുമെന്നാണ് സൂചന. ആവശ്യക്കാർ ഉള്ളിടത്തോളം പുതിയ കച്ചവടമാർഗങ്ങളും ഇവർ പരീക്ഷിച്ചുകൊണ്ടിരിക്കും.

അതിർത്തി പ്രദേശങ്ങളിലൂടെ യഥേഷ്ടം മദ്യം ഒഴുകുന്നതോടെ എക്‌സൈസിനും പൊലീസിനും വലിയ തലവേദനയാണ്. ദിവസവും പിടിച്ചെടുക്കുന്ന മദ്യത്തിന്റെ ടാർജറ്റ് പൂർത്തിയാക്കുക എന്നത് ഉദ്യോഗസ്ഥരെ സംബന്ധിച്ച് നിർബന്ധമാണ്. ഇതിനായി വാഹനങ്ങളിൽ കടത്തിപോകുന്ന മദ്യം പിടികൂടാനായി ഉദ്യോഗസ്ഥർ ആദ്യമേ വിവിധ ഷോപ്പുകൾക്ക് മുന്നിൽ ആളുകളെ നിർത്തും. മദ്യം കടത്തുന്ന വാഹനങ്ങളുടെ നമ്പറും മറ്റു അടയാളങ്ങളും മാഹിയുടെ പ്രാന്തപ്രദേശത്തു കാത്തുനിൽക്കുന്ന ഉദ്യോഗസ്ഥരെ അറിയിക്കുക എന്നതാണ് ഇവരുടെ ജോലി. വിവിരം നൽകുന്നതിന്റെ എണ്ണമനുസരിച്ചാണ് ഇവരുടെ പ്രതിഫലം.