കോഴിക്കോട്: മറ്റൊരാളുടെ മരണത്തിൽപോലും ആഹ്‌ളാദിക്കത്തക്ക മാനസികാവസ്ഥയുള്ള രാഷ്ട്രീയ വൈരാഗ്യമുള്ളവരായി മാറുകയാണോ കേരളീയർ. മാഹിയിൽ സിപിഎം ലോക്കൽ കമ്മറ്റി അംഗവും മുൻ കൗൺസിലറുമായ ബാബു കണ്ണിപ്പൊയിലിനെ വെട്ടികൊന്നത് സംഘപരിവാർ തന്നെയാണെന്ന് സൂചിപ്പിക്കുന്ന ഫേസ്‌ബുക്ക് പോസ്റ്റ് വിവാദമായിരിക്കയാണ്.

സജീവ ആർഎസ്എസ് പ്രവർത്തകനായ ശരത് കണ്ണൂർ ആണ് അരും കൊലയിൽ ആഹ്‌ളാദം പ്രകടിപ്പിക്കുന്ന രീതിയിൽ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്. എന്നാൽ മറ്റു ചില ആർഎസ്എസ് പ്രവർത്തകർ ഇത് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെടുന്ന കമന്റകുളും പോസ്റ്റിനു ചുവട്ടിലായുണ്ട്.

'ജീവിച്ച് കൊതി തീരും മുന്നെ സംഘ പാതയിൽ നെഞ്ചുറപ്പോടെ ജീവൻ ബലിദാനം ചെയ്ത മാഹി പള്ളൂരിലെ സ്വർഗീയ വിജിത്തേട്ടന്റെയും ഷിനോജേട്ടന്റെയും ആത്മാവ് ഇപ്പോൾ ദൂരെ എങ്ങോ ഇരുന്ന് പുഞ്ചിരി തൂകുന്നുണ്ടാകും' എന്നാണ് ഇയാൾ ഫേസ്‌ബുക്കിൽ പോസറ്റ് ചെയ്തത്. ഈ പോസ്റ്റും ഇതിനു കീഴേയുള്ള കമന്റുകളും കൊലപാതകത്തിൽ ആർ.എസ്.എസിന്റെ പങ്ക് വ്യക്തമാക്കുന്നുണ്ട്.അതേസമയം, പോസ്റ്റ് വൻ വിവാദമായതിനെ തുടർന്ന് ഇയാളുടെ അക്കൗണ്ട് ഫേസ്‌ബുക്ക് ക്‌ളോസ് ചെയ്തിട്ടുണ്ട്.

അപ്പോഴേക്കും ഈ പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട് സിപിഎം പ്രവർത്തകരുടെ ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിച്ചു.ഇതോടെ മുമ്പ് കണ്ണൂരിൽ നടന്ന കൊലകളിൽ സിപിഎം പ്രവർത്തകർ ആഹ്‌ളാദം പ്രകടിപ്പിച്ചുകൊണ്ട് ഇട്ട പോസ്റ്റുകൾ സംഘപരിവാറുകാരും പ്രചരിപ്പിച്ചു.ഒരു പ്രമുഖ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടതിനെ തുടർന്ന്, 'എത്രകാലമായി ഇതുപോലെ ഒരു വാർത്ത കേൾക്കാൻ കാത്തിരിക്കുന്നുവെന്ന്' പി.ജയരാജന്റെ മകൻ പോസ്റ്റ് ഇട്ടതടക്കം ചൂണ്ടിക്കാട്ടിയായിരുന്ന സംഘപരിവാർ പ്രവർത്തകരുടെ മറുപടി.

സംഭവത്തിൽ പരാതി ഉയർന്നതോടെ വിവാദ പോസ്റ്റുകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. മാഹിയിലും പരിസര പ്രദേശങ്ങളിലും മുമ്പുണ്ടായിരുന്ന അക്രമ പരമ്പരകളുടെ തുടർച്ചയാണ് ബാബുവിന്റെ കൊലപാതകമെന്ന് സ്ഥിരീകരിക്കുന്ന വിവരങ്ങൾ ഈ പോസ്റ്റുകളിൽനിന്ന് പൊലീസിന് കിട്ടിയിട്ടുണ്ട്.

ബാബുവിനെ വെട്ടിക്കോന്നത് പത്തംഗ ആർഎസ്എസ് സംഘമെന്നാണ് പൊലീസിന് ലഭിച്ച സൂചന. നാലുപേർക്കെതിരെ പള്ളൂർ പൊലീസ് കൊലക്കുറ്റത്തിനു കേസെടുത്തിട്ടുണ്ട്. പള്ളൂരിലെ ഒ. പി രജീഷ്, പന്തക്കലിലെ മസ്താൻ രജീഷ്, മഗനീഷ്, കരിക്കുന്നുമ്മൽ സുനി എന്നിവരും മറ്റ് ആറോളം പേരും ചേർന്നാണ് കൃത്യം നടത്തിയതെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.

ആർഎസ്എസ് പ്രവർത്തകനായ ഷമേജ് കൊല്ലപ്പെട്ട കേസിലും ന്യൂമാഹി പൊലീസ് ആറ് സിപിഎമ്മുകാർക്കെതിരെ കേസെടുത്തിട്ടുണ്ട്.