- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോർപറേഷൻ ഇടപെട്ട് 13 ലക്ഷത്തിൽ നിന്നും 8 ലക്ഷം രൂപയായി വാടക കുറച്ചിട്ടും ലാഭകരമായി കച്ചവടം നടത്താനായില്ല; രാജ്യത്തെ ആദ്യ മഹിളാ മാളിന് പൂട്ടുവീഴുന്നു; കെട്ടിട ഉടമയുമായി കുടുംബശ്രീ യൂണിറ്റി ഗ്രൂപ്പ് ഉണ്ടാക്കിയ കരാർ ഈ മാസം അവസാനിക്കും; ഇനി കരാർ പുതുക്കില്ല
കോഴിക്കോട്: രാജ്യത്തെ ആദ്യത്തെ മഹിളാമാൾ ഈ മാസം അവസാനത്തോടെ പൂർണ്ണമായും അടച്ചുപൂട്ടും. കോഴിക്കോട് ബാങ്ക് റോഡിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ യൂണിറ്റ് ഗ്രൂപ്പ് ഭരണ സമിതിയായിട്ടുള്ള മഹിളാമാളാണ് പ്രവർത്തനം തുടങ്ങി മൂന്ന് വർഷം പൂർത്തിയാക്കുന്നതിന് മുമ്പ് അടച്ചുപൂട്ടുന്നത്. കെട്ടിട ഉടമയുമായി കുടുംബശ്രീ യൂണിറ്റി ഗ്രൂപ്പ് ഉണ്ടാക്കിയ കരാർ ഈ മാസം അവസാനിക്കും. കരാർ പുതുക്കേണ്ടതില്ലെന്നാണ് കോർപറേഷന്റെയും കുടുംബശ്രീയുടെയും തീരുമാനം. എന്നാൽ ഇപ്പോൾ കച്ചവടം നടത്തുന്നവർക്ക് ആവശ്യമെങ്കിൽ കെട്ടിട ഉടമയുമായി നേരിട്ട് കരാറിൽ ഏർപ്പെടാമെന്ന് അറിയിച്ചിട്ടുണ്ട്. എങ്കിലും സ്ത്രീകൾ മാത്രം സംരഭകരായ മാൾ എന്ന അവകാശവാദം ഇല്ലാതാകും.
2018 നവംബറിലാണ് കോഴിക്കോട് ബാങ്ക് റോഡിൽ മഹിളമാൾ ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം ചെയ്യുമ്പോൾ 79 സംരഭകരായിരുന്നു കച്ചവടം നടത്താൻ ഉണ്ടായിരുന്നത്. എല്ലാവരും വനിതകളായിരുന്നു. സുരക്ഷ ജീവനക്കാർ മുതൽ കച്ചവടക്കാരും ജീവനക്കാരും എല്ലാം വനിതകളായിരുന്നു. പൂർണ്ണമായും സ്ത്രീകളാൽ നടത്തപ്പെടുന്ന രാജ്യത്തെ ആദ്യ മാൾ എന്ന പേരും ഇതോടെ മഹിളമാളിന് ലഭിച്ചു. കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള യൂണിറ്റി ഗ്രൂപ്പായിരുന്നു മാൾ ഏറ്റെടുത്ത് നടത്തിയിരുന്നത്. 5 നിലകളിലായി 36000ചതുരശ്രി അടിയിലുള്ള കെട്ടിടത്തിന് 13 ലക്ഷം രൂപയും 40 ലക്ഷം രൂപ അഡ്വാൻസുമായിരുന്നു ആദ്യ ഘട്ടത്തിലുണ്ടായിരുന്നത്.
250 പേർക്ക് നേരിട്ടും 500 പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുമെന്നായിരുന്നു യൂണിറ്റി ഗ്രൂപ്പിന്റെ അവകാശവാദം. വനിത സംരഭകർ,കുടുംബശ്രീ സംരഭകർ തുടങ്ങിയവർക്കൊക്കെ തങ്ങളുടെ ഉൽപന്നങ്ങൾ വിറ്റഴിക്കാനുള്ള വിപണി എന്ന നിലയിലിയരുന്ന മഹിളമാളിന്റെ തുടക്കം. എന്നാൽ പ്രവർത്തനം ആരംഭിച്ച് ഒരു വർഷം പിന്നിട്ടിട്ടും പ്രതീക്ഷിച്ച വരുമാനം ഇവിടെ നിന്നും ലഭിച്ചില്ല എന്ന് മാത്രമല്ല വലിയ കടബാധ്യതയും ഇതിന്റെ പേരിലുണ്ടായി. ഇതോടെ പലരും വ്യാപാരം അവസാനിപ്പിച്ചു പോയി. കഴിഞ്ഞ ലോക്ഡൗണായതോടെ വ്യാപരം പൂർണ്ണമായും നിലച്ചു.
കോർപറേഷനിലും ജില്ല കളക്ടർക്കും സംസ്ഥാന സർക്കാറിനുമെല്ലാം നടത്തിക്കൊണ്ടുപോകാൻ സഹായിക്കണമെന്ന് കാണിച്ച് നിരവധി പരാതികൾ നൽകിയതിന്റെ അടിസ്ഥാനത്തിൽ മുൻ കോർപറേഷൻ ഭരണ സമിതിയും മേയർ തോട്ടത്തിൽ രവീന്ദ്രനും ഇടപെട്ട് വാടക 13 ലക്ഷം രൂപയെന്നത് 8 ലക്ഷം രൂപയാക്കി കുറച്ചിരുന്നു. എന്നിട്ടും ലാഭകരമായി കച്ചവടം നടത്താനായില്ല. ഈ ഘടത്തിലാണ് ഇനി മഹിളാമാളുമായി മുന്നോട്ട് പോകുന്നത് വലിയ ബാധ്യത വരുത്തിവെക്കുമെന്ന് തിരിച്ചറിവിൽ സ്ഥാപനം പൂർണ്ണമായും പൂട്ടിക്കെട്ടാൻ ഒരുങ്ങുന്നത്. കരാർ കാലാവധി നേരത്തെ തന്നെ അവസാനിച്ചിരുന്നെങ്കിലും കോവിഡ് പശ്ചാതലത്തിൽ ഈ മംസം വരെ കരാർ നീട്ടുകയായിരുന്നു.
ഇനി പദ്ധതിയുമായി മുന്നോട്ട് പോകേണ്ടതില്ലെന്നാണ് ഭരണസമിതിയായ കുടുംബശ്രീ യൂണിറ്റി ഗ്രൂപ്പിന്റെ തീരുമാനം. യൂണിറ്റി ഗ്രൂപ്പാണ് കെട്ടിട ഉടമയുമായി കരാറിലേർപ്പെട്ടത്. സംരഭകർ യൂണിറ്റി ഗ്രൂപ്പുമായാണ് കരാറുണ്ടാക്കിയത്. യൂണിറ്റി ഗ്രൂപ്പ് പദ്ധതിയിൽ നിന്ന് പിന്മാറുന്നതോടെ ഇനി അവശേഷിക്കുന്ന വനിത സംരഭകർക്ക് താത്പര്യമുണ്ടെങ്കിൽ കെട്ടിട ഉടമയുമായി നേരിട്ട് കരാറിലേർപ്പെടാമെന്നാണ് അറിയിച്ചിട്ടുള്ളത്. എന്നാൽ കോർപറേഷന്റെയും കുടുംബശ്രീയുടെയും സർക്കാറിന്റെയോ ഏതെങ്കിലും തരത്തിലുള്ള സഹായങ്ങളും സഹകരങ്ങളും അത്തരം വ്യാപാരികൾക്ക് ലഭിക്കില്ല.
മാത്രവുമല്ല വനിതകളല്ലാത്ത മറ്റു സംരഭകർക്കും ഇനി ഇവിടെ വ്യാപാരം നടത്തുകയും ചെയ്യാം. അതോടെ മഹിളമാൾ എന്ന പേരും ഇല്ലാതാകും. ഈ സാഹചര്യത്തിൽ ഇപ്പോൾ തന്നെ നഷ്ടത്തിൽ കച്ചവടം നടത്തിവന്നിരുന്നവർ കെട്ടിട ഉടമയുമായി നേരിട്ട് കരാറിലേർപ്പെട്ട് വ്യാപാരം നടത്താൻ താത്പര്യപ്പടുകയില്ല.
മറുനാടന് മലയാളി ബ്യൂറോ