പത്തനംതിട്ട: പന്തളത്തിന് സമീപം പടുകോട്ടുക്കലിൽ മാതാപിതാക്കളെ അടിച്ചു കൊന്ന് പൊട്ടക്കിണറ്റിൽ തള്ളിയ മകന്റെ കുറ്റസമ്മതം കേട്ട് പൊലീസ് ഞെട്ടി. സാധാരണ മനോഗതിയുള്ള ആരും ചെയ്യാത്ത ക്രൂരത കാട്ടിയ മകൻ ആ കഥ വിവരിക്കുമ്പോൾ അക്ഷോഭ്യനായിരുന്നുവെന്ന് പൊലീസ്. പന്തളം തെക്കേക്കര പഞ്ചായത്തിൽ പടുകോട്ടുക്കൽ കാഞ്ഞിരവിളയിൽ വിമുക്തഭടനായ കെ.എം. ജോൺ (72), ഭാര്യ ലീലാമ്മ (63) എന്നിവരെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ ഒറ്റയ്ക്ക് മറവു ചെയ്ത ഇളയമകൻ മാത്യൂസ് ജോണി (മജോ-33)ന്റെ വെളിപ്പെടുത്തലാണ് നാടിനെ നടുക്കിയത്.

നിസാര പ്രശ്നത്തിന്റെ പേരിലായിരുന്നു ഇരട്ടക്കൊലപാതകം. മൃതദേഹങ്ങൾ വെട്ടിമുറിച്ച് കഷണങ്ങളാക്കി പലയിടത്തായിട്ടു കത്തിക്കാനായിരുന്നു ആദ്യം മജോയുടെ നീക്കം. അതിനായി ചാക്കും പഴന്തുണിയും കത്തിയും മണ്ണെണ്ണയുമെല്ലാം കരുതി വച്ചു. പക്ഷേ, മൃതദേഹങ്ങൾക്ക് അരികിലെത്തിയപ്പോൾ ഒരു വേള മനസ് ചഞ്ചലമായി. കൈകാലുകൾ വിറച്ചു. ജന്മം നൽകിയവരെന്ന പരിഗണന പോലുമില്ലാതെ മൃതദേഹങ്ങൾ വലിച്ചിഴച്ച് പൊട്ടക്കിണറ്റിൽ തള്ളി. ദുർഗന്ധം വമിച്ചപ്പോൾ മണ്ണിട്ടു മൂടി.

ഒരു കൊടുംക്രിമിനലിന്റെ സ്വഭാവവിശേഷമൊന്നും മജോയ്ക്കില്ലെന്ന് പൊലീസ് പറയുന്നു. ലഹരി ഉപയോഗിക്കുന്ന ലക്ഷണവും കാണുന്നില്ല. താൻ വല്ലപ്പോഴും ഒരു ബിയർ മാത്രമേ കഴിക്കൂവെന്നാണ് മജോ പറയുന്നത്. എന്നാൽ നാട്ടുകാരുടെ അഭിപ്രായം മറിച്ചാണ്. ഇയാൾ ഉപയോഗിക്കാത്ത ലഹരികൾ ഇല്ലെന്ന് അവർ പറയുന്നു. അതിന്റെ പേരിൽ മാതാവ് ലീലാമ്മ കണ്ണീർ പൊഴിക്കാത്ത ദിവസങ്ങളുമില്ല.

കൊലപാതകത്തെ കുറിച്ച് ഒരു കൂസലുമില്ലാതെ പ്രതി വിവരിച്ചത് ഇങ്ങനെ:

നഴ്സിങ് കോഴ്സ് കഴിഞ്ഞ ശേഷം ബംഗളൂരുവിലും ഹൈദരാബാദിലും ജോലി ചെയ്തു വരികയായിരുന്ന മജോയും ഭാര്യ നിഷയും ഒരു വയസുള്ള മകളും കഴിഞ്ഞ കുറേ നാളുകളായി കുടുംബവീട്ടിൽ മാതാപിതാക്കൾക്ക് ഒപ്പമായിരുന്നു താമസം. പ്രത്യേകിച്ച് ജോലിയൊന്നുമില്ലാത്തതിനാൽ വരുമാനം ഒരു പ്രശ്നമായിരുന്നു. പണത്തിന് ആവശ്യം വരുമ്പോഴൊക്കെ കർക്കശക്കാരനായ പിതാവിന്റെ മുന്നിൽ കൈനീട്ടാൻ മജോ മടിച്ചു.

നിഷയെ വിദേശത്തേക്ക് ജോലിക്ക് വിടാൻ മജോ തീരുമാനിച്ചു. അപ്പോൾ കുഞ്ഞിനെ ആരു നോക്കുമെന്നതായി പ്രശ്നം. കുഞ്ഞിനെ മാതാപിതാക്കൾ നോക്കണമെന്ന് മജോ ആവശ്യപ്പെട്ടു. പിഞ്ചുകുഞ്ഞിനെ നോക്കാൻ പ്രായം ചെന്ന തങ്ങൾക്ക് കഴിയില്ലെന്ന നിലപാടായിരുന്നു ജോണിനും ലീലാമ്മയ്ക്കും. ഇതേച്ചൊല്ലി മജോ മിക്കപ്പോഴും അച്ഛനമ്മമാരുമായി കലഹിച്ചിരുന്നു.

മജോയുടെ ഈ സ്വഭാവം കാരണം ഭാര്യ നിഷ മകളുമായി കോട്ടയം ഒളശയിലുള്ള അവരുടെ വീട്ടിലേക്ക് ഏതാനും നാൾ മുൻപ് മാറിയിരുന്നു. 25 ന് ഉച്ചയ്ക്ക് ശേഷമാണ് കൊലപാതകങ്ങൾ നടക്കുന്നത്. ലഹരിയിൽ മുങ്ങിയിരുന്ന മജോ പിതാവുമായി വീടിന്റെ ഒന്നാം നിലയിൽ വച്ച് വാക്കേറ്റമുണ്ടായി. ഈ സമയം ലീലാമ്മ പുറത്തെവിടെയോ പോയിരിക്കുകയായിരുന്നു. വാക്കേറ്റത്തിനൊടുവിൽ മജോ പിതാവിനെ കുറുവടി കൊണ്ട് അടിച്ചു. അടിയേറ്റ് താഴെ വീണ ജോണിനെ ഇയാൾ തലങ്ങും വിലങ്ങും തല്ലി. മർദനമേറ്റ ജോൺ ഏറെ വൈകാതെ മരിക്കുകയും ചെയ്തു. പുറത്തു പോയ ലീലാമ്മ മടങ്ങി വന്നപ്പോൾ ഭർത്താവിനെ മകൻ അടിച്ചു താഴെയിട്ടിരിക്കുന്നതു കണ്ടു. ഇതേച്ചൊല്ലി അവർ മകനുമായി കലഹിച്ചു. ലീലാമ്മയെയും അടിച്ചു കൊലപ്പെടുത്തി.

പിന്നെ മൃതദേഹങ്ങൾ എന്തു ചെയ്യണമെന്ന ചിന്തയായി. വെട്ടിനുറുക്കി കത്തിക്കാൻ പദ്ധതിയിട്ടത് അപ്പോഴാണ്. അതു നടക്കാതെ വന്നതോടെ വീടിനോട് ചേർന്നുള്ള റബർ തോട്ടത്തിലെ പൊട്ടക്കിണറ്റിൽ തള്ളാൻ തീരുമാനിച്ചു. അതനുസരിച്ച് 26 ന് ഉച്ചയ്ക്ക് ശേഷം രണ്ടു വലിയ ചാക്കുകളിലായി മൃതദേഹങ്ങൾ കയറ്റി കാറിന്റെ ഡിക്കിയിലാക്കി. പിന്നെ ഓടിച്ച് പൊട്ടക്കിണറ്റിന് അരികിൽ എത്തി. റോഡിൽ നിന്ന് 20 മീറ്റർ അകലെയാണ് പൊട്ടക്കിണർ. കനത്ത മഴയ്ക്കിടെ ആദ്യം ലീലാമ്മയുടെയും പിന്നാലെ ജോണിന്റെയും മൃതദേഹം വലിച്ചിഴച്ച് കിണറ്റിൽ കൊണ്ടിട്ടു. 10 അടിയോളം താഴ്ചയാണ് കിണറിനുള്ളത്.

കൃത്യം നിർവഹിച്ച് വീട്ടിൽ മടങ്ങിയെത്തിയ മജോ ഒന്നും അറിയാത്തതു പോലെ കഴിഞ്ഞു. രണ്ടു ദിവസത്തിന് ശേഷം റബർ തോട്ടത്തിൽ ടാപ്പിങ്ങിനെത്തിയ തൊഴിലാളി പൊട്ടക്കിണറ്റിൽ നിന്നും ദുർഗന്ധം വമിക്കുന്ന കാര്യം മജോയോട് പറഞ്ഞു. തെരുവുനായകളെ വിഷം കൊടുത്തു കൊന്ന് കിണറ്റിൽ തള്ളിയെന്നാണ് മജോ മറുപടി നൽകിയത്. ദിവസങ്ങൾ കഴിഞ്ഞ് ദുർഗന്ധം സഹിക്കാൻ വയ്യാതെ വന്നതോടെ കിണർ മൂടാതെ നിർവാഹമില്ലെന്നായി. കഴിഞ്ഞ രണ്ടിന് ജെ.സി.ബിയുമായെത്തി മജോ കിണർ മൂടി.

ദമ്പതികളെ കാണാതായതിനെ തുടർന്ന് സമീപത്ത് താമസിക്കുന്ന ബന്ധുക്കൾ അന്വേഷിച്ചപ്പോൾ ഇരുവരും പോട്ടയിൽ ധ്യാനത്തിനു പോയിരിക്കുകയാണെന്നാണ് മജോ പറഞ്ഞത്. രണ്ട് പേരുടെയും മൊബൈൽ നമ്പരുകളിൽ ബന്ധുക്കൾ വിളിച്ചെങ്കിലും കിട്ടിയില്ല. ഒരാഴ്ച കഴിഞ്ഞും ഇരുവരെയും കാണാതെ വന്നതോടെ ബന്ധുക്കൾ അന്വേഷണമായി.

മൂത്ത മകൻ ലിജോയുടെ ഭാര്യ ഷിബി ജോൺ വിവരമറിഞ്ഞ് കുടുംബവീട്ടിലെത്തി. വിളിച്ചപ്പോഴും ബന്ധുക്കളുടെഅന്വേഷണത്തിലും മജോയിൽ നിന്ന് വ്യക്തമായ മറുപടി കിട്ടാതെ വന്നതോടെ ഇന്നലെ രാവിലെ പൊലീസിൽ പരാതി നൽകുമെന്ന് ലിജോ പറഞ്ഞു. അപ്പോഴാണ് താൻ മാതാപിതാക്കളെ കൊലപ്പെടുത്തിയെന്ന് മജോ വെളിപ്പെടുത്തിയത്. അതിന് ശേഷം കാറുമെടുത്ത് വീട്ടിൽ നിന്ന് ഇറങ്ങി.

ലിജോ ഈ വിവരം ബന്ധുക്കളെയും പൊലീസിലും അറിയിച്ചു. പൊലീസ് എത്തിയപ്പോഴാണ് മജോ മുങ്ങിയെന്ന് മനസിലായത്. ഇയാൾ അടൂരിലേക്കാണ് പോയതെന്ന് സൂചന കിട്ടിയതിനെ തുടർന്ന് പൊലീസ് അവിടേക്ക് അന്വേഷണം വ്യാപിപ്പിച്ചു. ഇതിനിടെ നാടകീയമായി മജോ പന്തളം സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.