സന്നിധാനം: അയ്യപ്പഭക്തർക്കെല്ലാം സായൂജ്യമായി മകരജ്യോതി ദർശനം. പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞതോടെ ജ്യോതിദർശനം കാത്തുനിന്ന ജനസഹസ്രങ്ങൾ സ്വാമിമന്ത്ര ധ്വനികളോടെ വരവേറ്റു. വൈകീട്ട് അഞ്ചുമണിയോടെ തിരുവാഭരണ ഘോഷയാത്ര ശബരി പീഠത്തിൽ എത്തിയിരുന്നു. ആറരയോടെ സന്നിധാനത്ത് എത്തി പടിചവിട്ടി എത്തിയ തിരുവാഭരണം മേൽശാന്തിയും തന്ത്രിയും ചേർന്ന് എതിരേറ്റ് അയ്യപ്പ സന്നിധിയിലേക്ക് ആനയിച്ചു. ദിവസങ്ങളായി ആയിരങ്ങളാണ് സന്നിധാനത്ത് എത്തി ജ്യോതി ദർശനത്തിന് കാത്തുനിന്നത്.

ശബരിമലയിൽ ക്രമീകരണങ്ങളെല്ലാം നേരത്തെ തന്നെ പൂർത്തിയായിരുന്നു മുൻകാലങ്ങളേക്കാൾ വലിയ ഭക്തജനത്തിരക്കാണ് ഇക്കുറി അനുഭവപ്പെട്ടത്. അതിനാൽ തന്നെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ തന്നെ സുരക്ഷാ ക്രമീകരണങ്ങൾ നിയന്ത്രിക്കാൻ ഇക്കുറി നേരിട്ടെത്തി. നടൻ ജയറാം, ഗായിക ചിത്ര ഉൾപ്പെടെ നിരവധി പ്രമുഖർ ജ്യോതി ദർശനത്തിന് എത്തിയിരുന്നു. ഉച്ചയ്ക്കുശേഷം ആരെയും സന്നിധാനത്തേക്ക് കടത്തിവിട്ടിരുന്നില്ല. സന്നിധാനത്തേക്ക എത്തിയ തിരുവാഭരണ പേടകങ്ങളിൽ ഒന്ന് സന്നിധാനത്തേക്ക് മറ്റൊന്ന് മാളികപ്പുറത്തേക്കും എത്തിയതോടെയാണ് മകരജ്യോതി ദർശനത്തിന് ഒരുക്കങ്ങളായത്. ആറേ മുക്കാലോടെ സന്നിധാനത്ത് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന നടന്നു. ഇതിന് തൊട്ടു പിന്നാലെ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിച്ചു.

ഉച്ചയ്ക്ക് മകസക്രമ പൂജ നടന്നു. ഇതിനുശേഷം നടയടച്ചു. അഞ്ചുമണിയോടെ നട തുറന്നു. സന്നിധാനത്തിന് ചുറ്റം പർണശാലകളൊരുക്കി ദിവസങ്ങളോളമായി കാത്തിരിക്കുകയായിരുന്നു ഭക്തർ. ആറുമണിയോടെ തിരുവാഭരണ ഘോഷയാത്ര സന്നിധാനത്ത് എത്തിച്ചേർന്നു. പതിനെട്ടാം പടി കയറി എത്തിയ തിരുവാഭരണ പേടകങ്ങളെ മേൽശാന്തിയും തന്ത്രിയും ചേർന്ന് സ്വീകരിച്ച് ദേവ സന്നിധിയിലേക്ക് ആനയിച്ചു. തുടർന്ന് തിരുവാഭരണം ചാർത്തിയ അയ്യപ്പദർശനം. പതിവിൽ കവിഞ്ഞ ഭക്തർ ഉള്ളതിനാൽ തന്നെ നിരവധി പൊലീസുകാരെ കൂടുതലായി സന്നിധാനത്ത് വിന്യസിച്ചിരുന്നു. ദീപാരാധന തൊഴാൻ മന്ത്രി കടകംപള്ളി ഉൾപ്പെടെയുള്ളവർ എത്തിയിരുന്നു. മാളികപ്പുറത്തും ഭക്തർ കാത്തുനിന്നു.