സന്നിധാനം: ശബരിമലയിൽ ഇന്ന് മകരജ്യോതി തെളിയും. സന്ധ്യയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ തിരുവാഭരണം ചാർത്തി ദീപാരാധന നടത്തുന്നതോടെയാണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയുന്നത്.

മകരജ്യോതി കാണാൻ കഴിയുന്ന ഇടങ്ങളെല്ലാം തീർത്ഥാടകർ കയ്യടക്കിക്കഴിഞ്ഞു.തിരുവാഭരണങ്ങൾ ചാർത്തിയ കാനനവാസനെ മനംനിറയെ കാണാൻ സന്നിധാനത്തേക്കുള്ള ഭക്തജന പ്രവാഹം തുടരുകയാണ്. മകരസംക്രമദിനമായ ഇന്ന് സൂര്യൻ ധനുരാശിയിൽ നിന്ന് മകരംരാശിയിലേക്ക് മാറുന്ന വേളയിൽ പൊന്നമ്പലമേട്ടിൽ തെളിയുന്ന മകരജ്യോതിയും സംക്രമപൂജാസമയത്ത് ആകാശപ്പൊയ്കയിൽ പ്രത്യക്ഷപ്പെടുന്ന ധവളനക്ഷത്രവും കണ്ടുതൊഴാൻ ഭക്തലക്ഷങ്ങളാണ് പൂങ്കാവനത്തിൽ ദിവസങ്ങളായി കാത്തിരിക്കുന്നത്.

ഉച്ചയ്ക്ക് 1.47 നാണ് മകരസംക്രമ പൂജ. കവടിയാർ കൊട്ടാരത്തിൽ നിന്നും എത്തിച്ച മുദ്രയിലെ നെയ് ഉപയോഗിച്ചാണ് സംക്രമപൂജയിൽ അഭിഷേകം. പന്തളം വലിയകോയിക്കൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും പരമ്പരാഗതപാതയിലൂടെ കാൽനടയായി ശിരസിലേറ്റി കൊണ്ടുവരുന്ന തിരുവാഭരണ പേടകങ്ങൾ വൈകിട്ട് നാലുമണിയോടെ കരിമലകയറി ശബരിപീഠത്തിലൂടെ ശരംകുത്തിയിൽ എത്തിച്ചേരും. ശരംകുത്തിയിൽ ഘോഷയാത്രയെ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ വി.എസ. ജയകുമാറിന്റെ നേതൃത്വത്തിൽ ദേവസ്വം ജീവനക്കാരും അയ്യപ്പസേവാസംഘം, അയ്യപ്പസേവാ സമാജം പ്രവർത്തകരും നിരവധി അയ്യപ്പന്മാരും ചേർന്ന് സ്വീകരിക്കും. തുടർന്ന് വാദ്യഘോഷങ്ങൾ, ആലവട്ടം, വെഞ്ചാമരം, രാജമുദ്ര ഫലകം, മുത്തുക്കുട, കൊടിതോരണങ്ങൾ എന്നിവയുടെ അകമ്പടിയോടെ തിരുവാഭരണ പേടകങ്ങളെ പതിനെട്ടാംപടിയിലേക്കും പിന്നെ സോപാനത്തിലേക്കും ആനയിക്കും.

രണ്ട് പേടകങ്ങൾ മാളികപ്പുറത്തേക്ക് കൊണ്ടുപോകും. ശ്രീകോവിലിന് മുന്നിലെത്തിക്കുന്ന തിരുവാഭരണ പേടകം തന്ത്രി കണ്ഠരര് രാജീവരരും മേൽശാന്തി കൃഷ്ണദാസ് നമ്പൂതിരിയും ചേർന്ന് ഏറ്റുവാങ്ങി ശ്രീലകത്തിനുള്ളിൽ കൊണ്ടുചെന്ന് അയ്യപ്പസ്വാമിക്ക് ചാർത്തി ദീപാരാധന നടത്തും. ഈ സമയം കിഴക്ക് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയുകയും ആകാശ നീലിമയിൽ മകരനക്ഷത്രം ഉദിക്കുകയും ചെയ്യും.